ചെറുപുഴ: ചെറുപുഴ പ്രാപ്പൊയില്‍ പെരുന്തടത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ വീടിനുള്ളില്‍ വെന്തുമരിച്ചു. അടിച്ചിറക്കല് ശാന്തയുടെ വീടിനു തീപിടിച്ച് മകള്‍ സിന്ധു (31), ഭര്‍ത്താവ് ഉദയഗിരി താളിപ്പാറയിലെ പുതുപ്പറമ്പില്‍ സജി (42), മക്കളായ ആതിര (10), അതുല്യ(5) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. തീപ്പിടിച്ച് വീടിന്റെ ഓടുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ടാണ് നാട്ടുകാര്‍ വിവരമറിയുന്നത്. ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് തീയണച്ചപ്പോഴേക്കും നാലുപേരും വെന്ത് മരിച്ചിരുന്നു.
വീടിനു സമീപം മണ്ണെണ്ണ, പെട്രോള്‍ കന്നാസുകള്‍ കണ്ടെത്തിയിട്ടുണ്ട്. നാല് പേരും ഭക്ഷണം കഴിച്ച പാത്രവും ഉണ്ടായിരുന്നു. മരിച്ച നാലുപേരുടെയും മൃതദേഹങ്ങള്‍ ഒരു മുറിയില്‍ തന്നെയായിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു വികൃതമായ നിലയിലാണ്. ആതിര ചെറുപുഴ ജെഎംയുപി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. അതുല്യ പ്രാപ്പോയില്‍ ശാന്തിനികേതന്‍ സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. മരണം ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ വിശദമായ പരിശോധനകള്‍ക്കും അന്വേഷണത്തിനും ശേഷം മാത്രമേ പറയാനാകൂ എന്ന് കണ്ണൂര്‍ എസ്പി രാഹുല്‍ ആര്. നായര്‍ പറഞ്ഞു.
മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോലീസ് സര്ജന് കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് വച്ചുതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തി. തീപ്പൊള്ളലെറ്റ് തന്നെയാണ് മരണം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. സജിയുടെ ഒഴിച്ചുള്ള മറ്റ് മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തി നശിച്ച നിലയിലായിരുന്നു. മൃതദേഹം വൈകുന്നേരത്തോടെ തന്നെ പ്രാപ്പോയില്‍ എസ്എന്‍ഡിപി ശ്മശാനത്തില്‍ സംസ്കരിച്ചു. കണ്ണൂര്‍ എസ്പി രാഹുല്‍ ആര്. നായര്‍, തളിപറമ്പ് ഡിവൈഎസ്പി സുദര്ശന്, പയ്യന്നൂര്‍ സി ഐ അബ്ദുല്‍ റഹിം. പെരിങ്ങോം എസ് ഐ രാമകൃഷ്ണന്, ശ്രീധരന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: