ന്യൂദല്‍ഹി: റെയില്‍വേ സോണെന്ന കേരളത്തിന്റെ ആവശ്യവുമായി കേന്ദ്രറെയില്മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ സന്ദര്‍ശിച്ച് ഉറപ്പുകളൊന്നും നേടാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മടങ്ങി. കേരളത്തിന് റെയില്‍വേ സോണ്‍ അവകാശപ്പെട്ടതാണ്. മൂന്നു ഡിവിഷന് ഉണ്ടെങ്കിലേ സോണ്‍ സാധ്യമാകൂ. അതിനാല്‍ മൂന്നാംസോണിന് വേണ്ടി ചര്‍ച്ചവേണമെന്നും ഖാര്‍ഗെയെ അറിയിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പാലക്കാട് കോച്ച് ഫാക്ടറി, ആലപ്പുഴ വാഗന് ഫാക്ടറി എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കുക, കേരളത്തിന് റെയില്‍വേ സോണ്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രി കണ്ടത്. കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട റെയില്‍വേയുടെ നിബന്ധനകള്‍ പാലിച്ചു കഴിഞ്ഞതിനാല്‍ മികച്ച പങ്കാളിയെ കണ്ടെത്തി എത്രയുംവേഗം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ പങ്കാളിത്തത്തിന് തയ്യാറാണെന്നും അതാണ് പദ്ധതിക്ക് അനുയോജ്യമെന്നും മുഖ്യമന്ത്രി റെയില്‍മന്ത്രിയെ അറിയിച്ചു.
അങ്കമാലി-ശബരി പാത എത്രയും വേഗം പൂര്‍ത്തിയാക്കണം, നിര്‍ദിഷ്ട കണ്ണൂര്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിനെ റെയില്‍വേയുമായി ബന്ധിപ്പിക്കണം, ബാംഗളൂരിലേക്കുള്ള യാത്ര സുഗമമാക്കുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് പാത എത്രയും വേഗം പൂര്‍ത്തിയാക്കണം തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി റെയില്‍മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഉന്നയിച്ച വിഷയങ്ങളിലൊന്നും മറുപടി ലഭിച്ചില്ലെന്നതാണ് ലഭിക്കുന്ന വിവരം. മംഗലാപുരം ഡിവിഷന് വിഭജിക്കുന്നതിനായി പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര റെയില്‍മന്ത്രി തന്നെയാണെന്നതും ശ്രദ്ധേയമാണ്.
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയെ(കുസാറ്റ്) ഐഐഎസ്ടിയായി ഉയര്‍ത്താന്‍ നടപടിയുണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന് നിയമഭേദഗതി ആവ ശ്യമാണ്. അടുത്ത മന്ത്രിസഭായോഗത്തില്‍ കുസാറ്റിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മാനവശേഷി വികസനമന്ത്രി പള്ളം രാജു അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി വി. നാരായണ സ്വാമിയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. നാളെ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് ദല്‍ഹിയില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഇതിനു ശേഷം മന്ത്രിതല ഇടപെടലുണ്ടാവുന്നതിനാണ് നാരായണ സ്വാമിയുമായി ചര്‍ച്ച നടത്തിയത്, ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: