കൊല്ലം: പട്ടികജാതി വിദ്യാര്‍ത്ഥി പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തതില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും വകുപ്പ് ഉദ്യോഗസ്ഥരുടെ ബന്ധം പുറത്തുകൊണ്ടുവരണമെന്നും എബിവിപി ആവശ്യപ്പെട്ടു. കൊല്ലം പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ അന്തേവാസിയും ആലപ്പുഴ സ്വദേശിയും രണ്ടാംവര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയുമായ അനന്ദസിദ്ധന് ആത്മഹത്യ ചെയ്തത് ഹോസ്റ്റലിന്റെ ചുമതലയുള്ള പട്ടികജാതി വികസന ഓഫീസറുടെയും അസിസ്റ്റന്റ് ഓഫിസറുടെയും നിരന്തരമായ മാനസികപീഢനവും ഭീഷണിയും കാരണമാണെന്ന് ജില്ലാ കണ്‍വീനര്‍ ബി. ബബുല്‍ദേവ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം ഓണാഘോഷപരിപാടിയോടനുബന്ധിച്ച് ഹോസ്റ്റലില്‍ കലാപരിപാടികള്‍ നടത്തിയപ്പോള്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിന് വിധേയനാക്കിയെന്നാരോപിച്ചാണ് അനന്ദസിദ്ധനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ചുമത്തി ഹോസ്റ്റല്‍ അധികൃതര്‍ പീഢിപ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷമായി ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന അനന്ദസിദ്ധന് മികച്ച വിദ്യാര്‍ത്ഥിയാണ്. മരണത്തിന് മുമ്പ് ഇടതുകാലില്‍ ഒടിവുണ്ടായി പ്ലാസ്റ്ററിട്ട് കിടക്കുകയായിരുന്ന അനന്ദസിദ്ധനെ മാനസികമായി പീഢിപ്പിച്ചതായും എബിവിപി ആരോപിച്ചു. ഏറ്റവുമൊടുവില്‍ കളക്ടര്‍ ഉത്തരവിട്ടതായി പറഞ്ഞ് ഡിസ്മിസ് ചെയ്തതാണ് ഹോസ്റ്റല്‍ അധികൃതരില്‍ നിന്നുണ്ടായ പീഡനം. അനന്ദസിദ്ധന്റെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസറും അസിസ്റ്റന്റ് ഓഫീസറും സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി ഇന്ന് കൊല്ലത്ത് പഠിപ്പു മുടക്കുമെന്ന് ബബുല്‍ദേവ് അറിയിച്ചു.
എബിവിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ പട്ടികജാതി ഹോസ്റ്റലിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതിനെതിരെ പ്രതികരിച്ചവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പ്രതിഷേധ സമരം ബബുല്‍ ദേവ് ഉദ്ഘാടനം ചെയ്തു. നഗര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിഷ്ണു അധ്യക്ഷനായിരുന്നു.
ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരപരിപാടി നടത്തുകയാണ്. ജില്ലയില്‍ വ്യാപകമായി പട്ടകിജാതി ഹോസ്റ്റലുകളോടും അവിടെ താമസിക്കുന്ന വിദ്യാര്‍ത്ഥികളോടും സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി എബിവിപി മുന്നോട്ട് പോകുമെന്നും ബബുല്‍ദേവ് അറിയിച്ചു. ജില്ലാ സമിതിയംഗം നന്ദുവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: