ലണ്ടന്‍: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റിന് ഇന്ന് ഓവലില്‍ തുടക്കം. പരമ്പര 3-0 എന്ന നിലയില്‍ സ്വന്തമാക്കിയ ഇംഗ്ലണ്ട് വിജയം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഓവലില്‍ ഇറങ്ങുക. എന്നാല്‍ ഓസ്ട്രേലിയക്ക് ഇത് അഭിമാന പ്രശ്നമായി മാറും. അവസാന ടെസ്റ്റിലെങ്കിലും ജയം കണ്ടെത്തി പരാജയത്തിന്റെ ക്ഷീണം കുറക്കാനാകും കംഗാരുക്കളുടെ ശ്രമം. ജീവന്മരണ പോരാട്ടത്തിന് ഓസ്ട്രേലിയ ഇറങ്ങുമ്പോള്‍ ജയിക്കാനായി ഇറങ്ങുന്ന ഇംഗ്ലണ്ടിന് അത് കനത്ത വെല്ലുവിളിയാകും ഉയര്‍ത്തുക.
പരമ്പരയില്‍ മൂന്നാം ടെസ്റ്റില്‍ മാത്രമാണ് ഓസ്ട്രേലിയയ്ക്ക് മുന്‍തൂക്കം ഉണ്ടായിരുന്നത്. കാലാവസ്ഥയുടെ കാരുണ്യത്തില്‍ മാത്രമാണ് ഇംഗ്ലണ്ട് അന്ന് പരാജയത്തില്‍നിന്നും രക്ഷപ്പെട്ടത്. ഓസ്ട്രേലിയയുടെ വിജയസ്വപ്നങ്ങള്‍ തകര്‍ത്തു കളയുകയായിരുന്നു. തുടര്‍ന്ന് നാലാം ടെസ്റ്റില്‍ അവിശ്വസനീയമായ ജയം നേടിക്കൊണ്ട് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. ഇനി അവസാന കച്ചിത്തുരുമ്പായ അഞ്ചാം ടെസ്റ്റ് മാത്രമാണ് കംഗാരുക്കളുടെ മുന്നില്‍. ഓവലില്‍ തിളങ്ങിയാല്‍ നഷ്ടപ്പെട്ട പ്രതിച്ഛായ അല്‍പ്പമെങ്കിലും വീണ്ടെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ക്ലാര്‍ക്കും കൂട്ടരും ഇന്ന് ഓവലില്‍ ഇറങ്ങുക.
ടിം ബ്രസ്നന്റെ അഭാവമാണ് ഇംഗ്ലണ്ടിനെ അലട്ടുന്ന പ്രശ്നം. നിര്‍ണായക ഘട്ടങ്ങളില്‍ ഓള് റൗണ്ട് പ്രകടനം കാഴ്ചവെക്കുന്നതില്‍ ബേസ്നന് വിജയിച്ചിരുന്നു. കഴിഞ്ഞ ടെസ്റ്റിലും ബ്രസ്നന് തിളങ്ങിയിരുന്നു.ഇയാന്‍ ബെല്ലിന്റെ മധ്യനിരയിലെ ബാറ്റിംഗും ഇംഗ്ലണ്ടിന് എന്നും കരുത്താണ്. പരമ്പരയില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ ബെല്‍ തന്റെ ജൈത്രയാത്ര തുടരുകയാണ്. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോഴും ഇംഗ്ലണ്ടിനെ പിടിച്ചുയര്‍ത്തിയത് ബെല്ലായിരുന്നു. കുക്കും ട്രോട്ടും മാറ്റ് പ്രയറും അവസരത്തിനൊത്ത് ഉയരാന്‍ ശേഷിയുളളവരുമാണ്. മധ്യനിരയില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ കെവിന് പീറ്റേഴ്സണും കഴിയുന്നുണ്ട്. ബൗളിംഗില്‍ ആന്‍ ഡേഴ്സണും സ്റ്റുവാര്‍ട്ട് ബ്രോഡും ഓസ്ട്രേലിയന്‍ നിരക്ക് ഭീഷണി സൃഷ്ടിക്കുന്ന താരങ്ങളാണ്. കഴിഞ്ഞ മത്സരത്തില്‍ ബ്രോഡിന്റെ 45 പന്തുകള്‍ മാത്രമാണ് ഓസ്ട്രേലിയയുടെ വിധിയെഴുതിയത്. ജയത്തിലേക്ക് നീങ്ങിയ കംഗാരുക്കളെ ചീട്ടുകൊട്ടാരം പോലെ ബ്രോഡ്തകര്ക്കുകയായിരുന്നു. ഗ്രെയം സ്വാനിന്റെ സ്പിന്‍ പന്തുകളും ഓസ്ട്രേലിയക്ക് ഭീഷണിയാകും.
മറുവശത്ത് മൈക്കല്‍ ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ ഫോം കണ്ടെത്താനാവാതെ സമ്മര്‍ദ്ദത്തിലാണ്. ആര്‍ക്കും സ്ഥിരത നിലനിര്‍ത്താനാവുന്നില്ല. റോജേഴ്സും വാര്‍ണറും വാട്സണും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചെങ്കിലും സ്ഥിരതയുടെ കാര്യത്തില്‍ പിന്നോട്ടാണ്. ഇത് ഓസീസിനെ വെട്ടിലാക്കിയിട്ടുണ്ട്. ബൗളിംഗില്‍ റയാന്ഹാരിസ് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. എന്നാല്‍ ഈ മികവ് പോലും ഉപയോഗിക്കാന്‍ കംഗാരുക്കള്‍ക്ക് കഴിയുന്നില്ല. ഇക്കുറി വിജയം മുന്നില്‍ക്കണ്ട് ഓസ്ട്രേലിയ ഇറങ്ങുമ്പോള്‍ അവര്‍ കൂടുതല്‍ അപകടകാരികളാകും എന്നുറപ്പാണ്.
ടെസ്റ്റിനുശേഷം 29 ന് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം നടക്കും. 31 ന് രണ്ടാം ട്വന്റി 20 ചെസ്റ്റര്‍-ലെ-സ്ട്രീറ്റില്‍ നടക്കും. ഏകദിന പരമ്പര ആരംഭിക്കുന്നത് സപ്തംബര്‍ 6 നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: