പുനലൂര്‍: നഗരത്തില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണം വീണ്ടും താറുമാറായി. ശാശ്വത പരിഹാരത്തിനായി നടപ്പാക്കിയ പരിഷ്കരണം പുനലൂരിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
കഴിഞ്ഞ മാസം പുനലൂര്‍ നഗരത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ പരിഷ്കരണ നടപടികളാണ് താറുമാറായത്. അധികം വൈകാതെ ജില്ലാ ആശുപത്രിയായി ഉയരുന്ന പുനലൂര്‍ താലൂക്കാശുപത്രിക്ക് മുന്നിലൂടെയുള്ള കച്ചേരി റോഡിലൂടെ ചെറിയ വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും വലിയ വാഹനങ്ങള്‍ നിലവിലുള്ള റോഡിലൂടെതന്നെ അയയ്ക്കുകയുമാണ് ചെയ്യുന്നത്.
നഗരത്തില്‍ അവധിദിനങ്ങളിലൊഴികെ മേറ്റ്ല്ലാ ദിവസവും രാവിലെ മുതല്‍ തന്നെ ഗതാഗതക്കുരുക്ക് ദൃശ്യമാണ്. താലൂക്ക് ആശുപത്രി ബസ്സ്റ്റോപ്പില്‍ രണ്ട് പോലീസുകാരാണ് ഗതാഗതം നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുമ്പോള്‍ ചെറുതെന്നും വലൂതെന്നുമുള്ള വ്യത്യാസമില്ലാതെ വാഹനങ്ങള്‍ ഡ്രൈവര്‍മാരുടെ ഇഷ്ടാനുസരണം നിയമം തെറ്റിച്ച് കെഎസ്ആര്‍ടിസി ജംഗ്ഷനിലേക്ക് പോകുന്നതും പതിവ് കാഴ്ചയാണ്. ഇടുങ്ങിയ കച്ചേരിറോഡിലൂടെ ചെറിയ വാഹനങ്ങളും ദേശീയ പാതയിലൂടെ വാഹനങ്ങളും തിരിച്ചുവിടുകയെന്നതാണ് ട്രാഫിക് പരിഷ്കരണംമൂലം അധികൃതര്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഈ നടപടികളെല്ലാം കടലാസില്മാത്രമൊതുക്കി ട്രാഫിക് പരിഷ്കരണം വന്വിജയമാക്കിത്തീര്ക്കാനാണ് അധികൃതരുടെ ശ്രമം.
പലതവണ നഗരത്തില്‍ ഗതാഗത പരിഷ്കരണം നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഗതാഗതക്കുരുക്കും അപകടങ്ങളും നഗരത്തില്‍ വ്യാപകമാവുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുതിയ ട്രാഫിക് നടപടികള്‍ സ്വീകരിച്ചത്. വീതികുറഞ്ഞ കച്ചേരി റോഡിലൂടെ ചെറിയ വാഹനങ്ങള്‍ കടത്തിവിടുമ്പോള്‍ ഇവിടെയും ഗതാഗത സ്തംഭനമുണ്ടാകുന്നു. ഗതാഗത സ്തംഭനത്തില്‍ വീര്‍പ്പ് മുട്ടുന്ന പുനലൂരിന് പുതിയ പരിഷ്കരണം തലവേദനയായി മാറിയിട്ടുണ്ട്. ഫലപ്രദമായ മാര്‍ഗങ്ങള്‍ അവലംബിച്ചതിനുശേഷം ഗതാഗത പരിഷ്ക്കരണം നടപ്പാക്കിയാല്‍ മാത്രമേ ഇത് കാര്യക്ഷമമാകൂ.
വര്‍ഷങ്ങളായി നഗരത്തില്‍ ഗതാഗതസ്തംഭനം തുടരുമ്പോള്‍ ശാസ്ത്രീയമായ രീതിയില്‍ പരിഷ്കരണം നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഗതാഗത തടസങ്ങള്‍ മൂലം അപകടങ്ങളും നഗരത്തില്‍ കൂടുതലാണ്. ദിവസേന നഗരത്തില്‍ നാലും അഞ്ചും വാഹനാപകടങ്ങള്‍ വരെ ഉണ്ടാകാറുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും പോസ്റ്റ് ആഫീസ് ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിനെ വിന്യസിക്കണമെന്ന ആവശ്യവും ശക്തമാവുന്നു. ഗതാഗത പരിഷ്കരണം കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: