പുനലൂര്‍: സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ ജഡായുപ്പാറ ശ്രീകോദണ്ഡരാമക്ഷേത്രത്തിലേക്കുള്ള കവാടം തകര്‍ക്കുകയും ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് കാണിക്കവഞ്ചി കവരുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ചടയമംഗലം മേഖലയില്‍ ഹര്‍ത്താലിന് ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്തിരിക്കുകയാണ്.
ചടയമംഗലം ജംഗ്ഷന് സമീപം 80 ഏക്കര്‍ സ്ഥലത്ത് മൂവായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് നേരെ മുമ്പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ആക്രമണത്തില്‍ ശ്രീരാമവിഗ്രഹത്തിന് കേട് സംഭവിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ഹിന്ദുസമൂഹം ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി സത്യാനന്ദസരസ്വതിയുടെ നേതൃത്വത്തില്‍ ശ്രീരാമന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുകയും പൂജ നടത്തിവരികയും ചെയ്തു. ജഡായുപാറയുടെ മഹത്വം മനസിലാക്കി കേരള ക്ഷേത്രസംരക്ഷണസമിതിയും ജഡായുപാറ ശ്രീകോദണ്ഡരാമക്ഷേത്രസംരക്ഷണസമിതിയും സംയുക്തമായി കര്‍ക്കിടകമാസം സമാപനത്തോട് അനുബന്ധിച്ച് തീര്‍ത്ഥയാത്ര സംഘടിപ്പിച്ചിരുന്നു.
മദ്യപസംഘത്തിന്റെ വിഹാരകേന്ദ്രമായ ഇവിടെ അക്രമികളെ അമര്‍ച്ച ചെയ്യാന്‍ പോലീസ് കാട്ടിയ നിഷ്ക്രിയത്വമാണ് സംഭവത്തിന് കാരണമായതെന്ന് ഭക്തജനങ്ങള്‍ ആരോപിക്കുന്നു. നേരത്തെ രാജീവ് അഞ്ചലിന്റെ ശില്‍പ്പനിര്‍മാണത്തിന് നേരെയും അക്രമം നടന്നിരുന്നു. സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ സാമൂഹ്യവിരുദ്ധശല്യം കൂടുതല്‍ രൂക്ഷമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.ക്ഷേത്രകവാടം നശിപ്പിക്കുകയും കാണിക്കവഞ്ചി കവരുകയും ചെയ്ത സംഭവത്തില്‍ ഹിന്ദുഐക്യവേദി ശക്തമായി പ്രതിഷേധിച്ചു. രാമായണത്തിലെ വഴിത്തിരിവായ സംഭവത്തിന് സാക്ഷ്യം വഹിച്ച സ്ഥലത്ത് നടന്നിരിക്കുന്ന ആക്രമത്തില്‍ പ്രതികളായവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: