തിരുവനന്തപുരം: റോഡപകടങ്ങളിലും മറ്റും അസ്ഥിയൊടിയുന്നവര്ക്ക് വിദഗ്ദ്ധ ചികില്‍സ ലഭ്യമാകും വരെ ഒടിഞ്ഞഭാഗങ്ങള് സംരക്ഷിക്കാനുതകുന്ന ‘ലിംബ് ഇമ്മൊബിലൈസേഷന്‍ ഡിവൈസ്’ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് പുറത്തിറക്കി. ‘ഹൈകെയര്‍ ലിമോ’ എന്ന പേരിലാണ് ചെലവുകുറഞ്ഞതും പ്രകൃതി സൗഹൃദപരവുമായ ഈ ഉപകരണം വിപണിയിലെത്തുന്നത്.
രോഗികളുടെ ഒടിഞ്ഞ കൈകാലുകളും മറ്റും ആറു മണിക്കൂര്‍ നേരം വരെ താല്‍ക്കാലികമായി ഉറപ്പിച്ചു നിറുത്താന്‍ സാധിക്കുന്ന ലളിതവും ഉപയോഗശേഷം നശിപ്പിക്കാവുന്നതും ചെലവുകുറഞ്ഞതുമായ ഉപകരണമാണിതെന്ന് ് എച്ച്എല്‍എല്‍ സിഎംഡി ഡോ.എം.അയ്യപ്പന് പറഞ്ഞു. വിദഗ്ദ്ധ ചികില്‍സ ലഭ്യമാകുന്നതുവരെ ഉപയോഗിക്കാനാകുന്ന ‘ഹൈകെയര്‍ ലിമോ’ ഇന്ത്യയുടെ ചികില്‍സാ സാഹചര്യങ്ങള്‍ക്കിണങ്ങും വിധം ചെലവു കുറഞ്ഞ രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തുതന്നെ റോഡപകടങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഇന്ത്യയില്‍ ഓരോ മണിക്കൂറിലും 14 പേരെങ്കിലും അപകടത്തില്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ സമീപകാലപഠനത്തില്‍ വ്യക്തമായിട്ടുള്ളത്. അസ്ഥികള്‍ക്ക് ഒടിവും പൊട്ടലും സ്ഥാനചനലവും സംഭവിക്കുന്ന തരത്തിലുള്ള പരുക്കുകളാണ് ഏറെയും. രോഗിക്ക് വിദഗ്ദ്ധ ചികില്‍സ ലഭിക്കുന്നതിനു മുമ്പുള്ള നാലു മുതല്‍ ആറു മണിക്കൂര്‍ നേരം വരെ സന്ധികളും അസ്ഥികളും മറ്റും ചികില്സിക്കുകയെന്നതാണ് കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളില്‍ ഏറ്റവും സങ്കീര്‍ണമായത്.
ഇത്തരമൊരവസ്ഥയില്‍ ഒട്ടേറെപ്പേരുടെ ജീവന് രക്ഷിക്കാനും റോഡപകടങ്ങളിലെ മരണസംഖ്യ കുറയ്ക്കാനും ഈ ഉപകരണത്തിനു സാധിക്കുമെന്ന് ഡോ.അയ്യപ്പന് ചൂണ്ടിക്കാട്ടി. അപകടത്തില്‍പെടുന്നവര്‍ക്ക് കൃത്യമായ ചികില്‍സ ലഭിക്കുന്നതു വരെ ഒടിഞ്ഞ കൈകാലുകളും മറ്റും ഉറപ്പിച്ചുനിറുത്താന്‍ ഇതുപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏത് അളവുകളിലുള്ള ശരീരഭാഗങ്ങളിലും ഉപയോഗിക്കാന്‍ പര്യാപ്തമായവിധത്തില്‍ ചുരുക്കാവുന്ന തരത്തില്‍ രൂപകല്പന ചെയ്തിരിക്കുന്ന ഈ ഉപകരണം സാധാരണ പ്ലാസ്റ്റിക്ക് പൂശിയ കാര്‍ഡ്ബോര്‍ഡ് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒന്നിലേറെ ബെല്‍റ്റുകളും നടുവിനുള്ള താങ്ങും ഇതിലുണ്ട്. ഏതു വശത്തും സ്വതന്ത്രമായിത്തന്നെ ഉപയോഗിക്കാനാകുന്ന ഇതിന്റെ പൊതിഞ്ഞുസൂക്ഷിക്കല് രീതി ആറു മണിക്കൂര്‍ നേരത്തേക്കുവരെ സുരക്ഷിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: