മരട്: ബൈപ്പാസിലെ കുഴി അടക്കലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ കൈക്കൊണ്ട നടപടിക്കെതിരെ നീക്കം തുടങ്ങി. വൈറ്റില-അരൂര്‍ ബൈപ്പാസിലെ കുഴികള്‍ അടക്കുന്നതുമായി ബന്ധപ്പെട്ടാണ് ജില്ലാ കളക്ടര്‍ ഷേക്പരീത് എന്‍എച്ച്എഐ അധികൃതര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചിരുന്നത്. നിറയെ കുഴികള്‍ രൂപപ്പെട്ട ബൈപ്പാസില്‍ രാപ്പകല്‍ ഭേദമില്ലാതെ അപകടങ്ങള്‍ പതിവായിരുന്നു. എന്നാല്‍ വാഹനങ്ങളില്‍നിന്നും വന്‍തുക ടോള്‍ ഇനത്തില്‍ പിരിച്ചെടുക്കുന്ന ദേശീയപാതാ അതോറിറ്റിയാകട്ടെ ഒന്നും കണ്ടില്ലെന്ന മട്ടിലുമായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ മജിസ്ട്രേറ്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നടപടികളുമായ കളക്ടര്‍ സ്വയം രംഗത്തുവന്നത്.
ഒരാഴ്ചക്കകം കുഴികളടച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍ സി.കെ.എബ്രഹാമിനെ നേരിട്ട് വിളിച്ചുവരുത്തി രണ്ടാഴ്ച മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടാത്തതിനെത്തുടര്‍ന്നാണ് എന്‍എച്ച്എഐയുടെയും കുമ്പളത്ത് ടോള്‍ പിരിക്കുന്ന സ്വകാര്യ കരാര്‍ കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.
ബൈപ്പാസിലെ ഒരു കിലോമീറ്റര്‍ നീളം വരുന്ന അരൂര്‍-കുമ്പളം പാലം കുഴികള്‍ നിറഞ്ഞതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. കുമ്പളം ടോള്‍പ്ലാസ, കുണ്ടറ്റൂ, വൈറ്റില മുതല്‍ ഇടപ്പള്ളി വരെ റോഡില്‍ ടാറിംഗ് ഇളകി നിറയെ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ബലക്ഷയം കാരണം പാലങ്ങളും അപകടത്തിലാണ്.
സംസ്ഥാനത്തെതന്നെ ഏറ്റവും ഉയര്‍ന്ന വാഹന സാന്ദ്രതയുള്ള വൈറ്റില ജംഗ്ഷനില്‍ റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്.
റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ടെന്നാണ് എന്‍എച്ച് അധികൃതര്‍ നിരത്തുന്ന ന്യായം. എന്നാല്‍ പണി എന്ന് തുടങ്ങുമെന്ന് സൂചനയെങ്കിലും നല്കുവാന് അവര്‍ തയ്യാറുമല്ല. ഈ സാഹചര്യത്തിലാണ് എന്‍എച്ച് അധികൃതരുടെ ബാങ്ക് അക്കൗണ്ടില്‍നിന്നും പണം പിടിച്ചെടുത്തത്.
കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെക്കൊണ്ട് റോഡുപണി നടത്തിക്കാന്‍ കളക്ടര്‍ നടപടിയാരംഭിച്ചത്. ഈ സാഹചര്യത്തിലാണ് ജില്ലയിലെ റോഡുകളുടെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കണമെന്നും ആവശ്യമുയര്‍ന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ്, എക്സൈസ് മന്ത്രി കെ.ബാബു എന്നിവരാണ് ഇതിന് നിര്‍ദ്ദേശം നല്‍കിയത്. തങ്ങള്‍ക്കെതിരെയുള്ള കളക്ടറുടെ നടപടി തടയണമെന്ന് എന്‍എച്ച്എഐ ഇതിനിടെ മന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രക്ഷകരായി ഇവര്‍ രംഗത്തിറങ്ങുന്നത്. ടോള്‍ കൊള്ളക്കെതിരെ ബഹുജനസമരം നടന്നപ്പോഴും ദേശീയപാത അധികൃതരെ രക്ഷിക്കുന്ന നിലപാടാണ് മന്ത്രിമാര്‍ കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: