മരട്: അധികൃതരുടെ അനാസ്ഥയേയും അഴിമതിയേയും തുടര്‍ന്ന് കുമ്പളം പൊതുശ്മശാനവും അവഗണനയില്‍. ദേശീയപാതയോരത്ത് കായലിന് സമീപമാണ് നിരവധി വര്‍ഷങ്ങളായി ശ്മശാനം നോക്കുകുത്തിയായി നിലകൊള്ളുന്നത്. ശ്മശാനത്തിന്റെ പേരില്‍ ഓരോ വര്‍ഷവും ലക്ഷങ്ങള്‍ ചെലവാക്കിയതായി കണക്കുകളില്‍ കാണാം. ഒന്നര പതിറ്റാണ്ടിനിടെ ഒരു മൃതദേഹം പോലും ഇവിടെ സംസ്കരിച്ചിട്ടില്ലെന്നതുകൂടി അറിയുമ്പോഴാണ് പഞ്ചായത്തിന്റെ പിടിപ്പുകേട് എത്രയെന്ന് ബോധ്യപ്പെടുക.
ദേശീയപാതയോരത്ത് പുറമ്പോക്കാണ് കുമ്പളം പഞ്ചായത്ത് പൊതുശ്മശാനത്തിനായി കണ്ടെത്തിയത്. തനത് ഫണ്ട് ഉപയോഗിച്ചാണ് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പല ഘട്ടങ്ങളിലായി പണി നടന്നെങ്കിലും മുഴുവന്‍ നിര്‍മ്മാണവും പൂര്‍ത്തിയാക്കുവാന്‍ ഒരു ഭരണസമിതിക്കും കഴിഞ്ഞില്ല. അര ഏക്കറോളം ഭൂമിയുണ്ടെങ്കിലും ശ്മശാനത്തിലേക്ക് രപവേശിക്കുന്ന വഴിക്ക് വീതി കുറവാണ്. മഴക്കാലം വന്നാല്‍ പ്രദേശം വെള്ളക്കെട്ടില്‍ മുങ്ങും.
ഇതിനിടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ എംപി ഫണ്ടും അനുവദിച്ചിരുന്നു. എങ്കിലും അത് വേണ്ടരീതിയില്‍ വിനിയോഗിക്കാത്തതിനാല്‍ പണി വീണ്ടും ബാക്കിയായി. ഇതിനിടെയാണ് പഞ്ചായത്ത് ഭരണസമിതി മാറിയതും കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നതും. ഈ ഭരണസമിതിയുടെ കാലത്താണ് ചില രഹസ്യധാരണകളുടെ അടിസ്ഥാനത്തില്‍ പൊതുശ്മശാനത്തിന്റെ സ്ഥലം സുവിശേഷക്കാര്ക്ക് പതിച്ച് നല്‍കിയത്. അജണ്ടയിലുള്‍പ്പെടുത്താതെ പ്രമേയം പാസാക്കിയാണ് ശ്മശാനത്തിന്റെ വക ഒന്നരക്കോടിയോളം മതിപ്പുവില വരുന്ന 30 സെന്റ് സുവിശേഷ സംഘടനക്ക് സൗജന്യമായി നല്‍കിയതെന്നാണ് ആക്ഷേപം. ശ്മശാനം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഹൈന്ദവ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: