കോട്ടയം: യുഡിഎഫ് ഘടകകക്ഷികള്‍ക്കുള്ളിലെ അസംതൃപ്തിയും അസ്വാരസ്യങ്ങളും മുതലെടുത്ത് കളം പിടിക്കാന്‍ സിപിഎം രംഗത്ത്. സോളാര്‍ തട്ടിപ്പ് വിഷയത്തിലടക്കം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനുമെതിരെ അഭിപ്രായപ്രകടനം നടത്തുന്ന ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ പേരില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തെരുവുയുദ്ധം നടത്തുന്നതിനിടയിലാണ് പി.സി.ജോര്‍ജിന്റെ പക്ഷം പിടിച്ച് സിപിഎം രംഗത്തെത്തുന്നത്. സെക്രട്ടറിയേറ്റ് ഉപരോധസമരം സിപിഎം നാണംകെട്ട രീതിയില്‍ പിന്‍വലിക്കാന്‍ ഇടയായതിന്റെ അമര്‍ഷവും അണികള്‍ കോണ്‍ഗ്രസ്പ്രവര്‍ത്തകരുടെ മേല്‍ തീര്‍ക്കുന്നുണ്ട്.
ഇന്നലെ മുണ്ടക്കയത്ത് ഉണ്ടായ സംഭവവികാസങ്ങള്‍ ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുണ്ടക്കയത്ത് കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യാനെത്തിയ പി.സി.ജോര്‍ജിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാട്ടി. ഇതേത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസുകാരും യൂത്ത് കോണ്‍ഗ്രസുകാരും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടയില്‍ സിപിഎം പ്രവര്‍ത്തകര്‍ കടന്നുകയറി കോണ്‍ഗ്രസുകാര്‍ക്കെതിരെ തിരിയുകയായിരുന്നു. കേരളാ കോണ്‍ഗ്രസുകാരുടെയും സിപിഎംകാരുടെയും മര്‍ദ്ദനത്തില്‍ ഗ്രാമപഞ്ചായത്തംഗമടക്കം ഒന്‍പതോളം കോണ്‍ഗ്രസുകാര്‍ക്ക് പരിക്കേറ്റു.
പി.സി.ജോര്‍ജിനെതിരെയുള്ള കോണ്‍ഗ്രസുകാരുടെ പ്രതിഷേധം സംസ്ഥാനത്താകെ വ്യാപിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ കരിങ്കൊടി കാണിക്കേണ്ടിവരുമെന്ന ഭീഷണിയുമായി യൂത്ത് ഫ്രണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാനിടയാക്കും. ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ആന്റോ ആന്റണി എംപിയെയും സഹോദരങ്ങളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവും യൂത്ത്ഫ്രണ്ട് ഉന്നയിക്കുന്നുണ്ട്.
മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ പി.സി.ജോര്‍ജ് നടത്തുന്ന വിമര്‍ശനത്തിനു തടയിടാന്‍ കേരളാ കോണ്‍ഗ്രസ് നേതൃത്വം ഫലപ്രദമായി ഇടപെടാത്തത് കോണ്‍ഗ്രസ് നേതൃത്വത്തെയും പ്രവര്‍ത്തകരെയും ആശങ്കയിലാക്കുന്നുണ്ട്. പി.സി.ജോര്‍ജിന്റെ പ്രസ്താവനകളെ കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി നിസ്സാരവത്കരിക്കുന്നതും അതേ സമയം തന്നെ പി.സി.ജോര്‍ജിനെതിരായ പ്രതിഷേധങ്ങളെ കേരളാ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി അപലപിക്കുന്നതും മുന്നണിക്കുള്ളിലെ ബന്ധങ്ങള്‍ ശിഥിലമാകുന്നതിന്റെ ലക്ഷണങ്ങളാണ്.
കെ.ജി മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: