രണ്ടായിരത്തി അഞ്ച് ആഗസ്റ്റിലെ ഒരു സായന്തനത്തില്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ ശരത് കുമാറിന്റെ ഒരു ഫോണ്‍ കോള്‍ ജോബി മാത്യുവിന് വന്നു. അപ്രതീക്ഷിതമായ ആ വിളിയില്‍ ജോബി ആദ്യം ഒന്നമ്പരന്നു. വെറും ഇത്തിരി കുഞ്ഞനായ തന്നെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിളിക്കുകയോ. ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ജോബി മാത്യുവിനെക്കുറിച്ച് വന്ന ലേഖനം വായിച്ചാണ് ശരത് കുമാര്‍ വിളിച്ചത്. അതില്‍ ജോബിയുടെ ഫോണ്‍ നമ്പര്‍ കൊടുത്തിരുന്നു. “ജോബി നിങ്ങളെക്കുറിച്ചുള്ള ആര്‍ട്ടിക്കിള്‍ വായിച്ചു. ഇത്രയേറെ മെഡല്‍ ജനറല്‍ കാറ്റഗറിയില്‍ ലഭിച്ചതായി കണ്ടപ്പോള്‍ വലിയ പ്രചോദനം തോന്നി. താങ്കളെ നേരില്‍ കാണുവാന്‍ ആഗ്രഹമുണ്ട്” എന്നും അദ്ദേഹം പറഞ്ഞു. ശരത് കുമാറിന്റെ ഫോണ്‍ വിളി ജോബി മാത്യുവിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു. അതുവരെ ദേശീയതലത്തില്‍ മാത്രം പഞ്ചഗുസ്തിയിലും ഡിസ്ഏബിള്‍ഡ് വിഭാഗത്തിലും മെഡലുകള്‍ വാരിക്കൂട്ടിയിരുന്ന ജോബിക്ക് അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഒരു സ്പോണ്‍സറെ ലഭിച്ചിരുന്നില്ല. ആ വര്‍ഷം ഒക്ടോബറില്‍ ജപ്പാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ ശരത് കുമാര്‍ ഒരു ലക്ഷം രൂപ നല്കി. ഈ ലോക ചാമ്പ്യന്‍ ഷിപ്പില്‍ ജനറല്‍ വിഭാഗത്തിലും ഡിസ് ഏബിള്‍ഡ് വിഭാഗത്തിലുമായി മൂന്ന് സ്വര്‍ണ മെഡലുകള്‍ നേടി. പിന്നീട് അന്താരാഷ്ട്ര തലത്തിലുണ്ടായ നേട്ടങ്ങളുടെ പട്ടിക നീളുകയാണ്.
109 സെന്റീമീറ്റര്‍ മാത്രം ഉള്ള ജോബി മാത്യുവിന്റെ ഈ പൊക്കമില്ലായ്മയാണ് സുവര്‍ണ നേട്ടങ്ങളിലൂടെ എല്ലാവരിലും വലിയ പൊക്കക്കാരനാക്കുന്നത്. കഴിഞ്ഞയാഴ്ച അമേരിക്കയിലെ മിഷിഗണില്‍ നടന്ന കുഞ്ഞന്മാരുടെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന വേള്‍ഡ് ഡ്വാര്‍ഫ് ഗെയിംസില്‍ അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനം ഹിമാലയത്തിനുമപ്പുറത്തെത്തിച്ചാണ് ജോബിയെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് ലഭിച്ച എട്ട് സ്വര്‍ണത്തില്‍ അഞ്ചും ജോബിയുടെ വകയായിട്ടുള്ളതാണ്. എന്നാല്‍ സുവര്‍ണ നേട്ടങ്ങളുമായി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി തിരിച്ചെത്തിയ ഈ സുവര്‍ണ താരങ്ങളെ വിമാനത്താവളത്തില്‍ സ്വീകരിക്കുവാന്‍ ഒരു മന്ത്രിപോലും എത്താതിരുന്നതില്‍ ജോബിയ്ക്ക് രോഷമുണ്ട്. അതേസമയം കേരളമല്ല മറ്റേതെങ്കിലും സംസ്ഥാനമായിരുന്നെങ്കില്‍ ആ സംസ്ഥാനത്തെ ഏറ്റവും വലിയ താരമാകുമായുന്നുവെന്ന് ജോബി ചൂണ്ടിക്കാണിക്കുന്നു.
2005 ല്‍ ലോക കായിക മേളയില്‍ പങ്കെടുത്ത് മൂന്ന് ബ്രൗണ്‍സ് മെഡലുകളുമായി തിരിച്ചെത്തിയപ്പോള്‍ ചെന്നൈ വിമാനത്താവളത്തില്‍ ലഭിച്ച സ്വീകരണം ഇന്നും അവിസ്മരണീയമായി നിലനില്ക്കുന്നു. അന്ന് ശരത് കുമാര്‍ എംപി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, ഫാന്‍സ് അസോസിയേഷന് തുടങ്ങി ആയിരങ്ങളാണ് സ്വീകരണവുമായി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്. ശരത് കുമാറിന്റെ ഭാര്യ രാധികയും കുടുംബവും വലിയ സ്നേഹത്തോടെയാണ് പെരുമാറിയത്. പിറ്റേ ദിവസം ജെറ്റ് എയര്‍വേസ് വിമാനത്തില്‍ കൊച്ചിയിലേക്ക് പോരുമ്പോള്‍ വിമാനത്തില്‍ വിതരണം ചെയ്ത പത്രങ്ങളില്‍ വാര്‍ത്ത തന്നെക്കുറിച്ചായിരുന്നുവെന്ന് ജോബി അഭിമാനപൂര്‍വം ഓര്‍ക്കുന്നു. എന്നാല്‍ അന്ന് നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയപ്പോള്‍ സ്വീകരിക്കുവാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് വിമാനത്താവളത്തിലെ ടാക്സി ഡ്രൈവര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതയെത്തി സ്വീകരണം നല്കിയതും ഒരിക്കലും മറക്കാനാകില്ല. അതൊരു ജനകീയ സ്വീകരണമായിരുന്നു. അന്നും ഇന്നും ഈ സുവര്‍ണ താരത്തെ സ്വീകരിക്കുവാന്‍ ഒരു മന്ത്രി പോലും തിരിഞ്ഞ് നോക്കിയില്ല എന്നതാണ് വിചിത്രം. ഇവിടെ രാജ്യത്തിന് വേണ്ടി എന്ത് ചെയ്താലും ആരും മൈന്‍ഡ് ചെയ്യില്ല. അത് തെറ്റായ സൂചനയാണ് നല്‍കുന്നത്. വികലാംഗരോടുള്ള ഈ അവഗണനയില്‍ കടുത്ത പ്രതിഷേധം തന്നെയുണ്ട്. കര്‍ണാടകത്തില്‍ താരങ്ങളെ സ്വീകരിച്ചത് അവിടുത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളുമായിരുന്നു. വേറെ ഏതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കില്‍ അര്‍ജ്ജുന അവാര്‍ഡ് ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ലഭിക്കുകയും ഏറ്റവും പ്രധാനപ്പെട്ട കായിക താരമായി മാറുകയും ചെയ്യുമായിരുന്നു. ഫീല്‍ഡില്‍ ഉള്ളപ്പോള്‍ തന്നെയാണ് അംഗീകാരം ലഭിക്കേണ്ടത്. 2008 ല്‍ സ്പെയിനില്‍ നടന്ന ലോക കായികമേളയില്‍ ഒരു ഗോള്‍ഡും ഒരു സില്‍വറും, 2009 ല്‍ ഈജിപ്തില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സില്‍വര്‍, 2010 ല്‍ ഇസ്രായേലില്‍ നടന്ന പാരലിമ്പിക് ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡലും ലോകത്ത്രണ്ടാം സ്ഥാനവും നേടി. 2012 സ്പെയിനില്‍ ഒരു ഗോള്‍ഡും രണ്ട് സില്‍വറും നേടി. നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന കുഞ്ഞന്മാരുടെ ഒളിമ്പിക്സ് ഡ്വാര്‍ഫ് ഗെയിംസില്‍ അഞ്ച് സ്വര്‍ണം നേടിയത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ്. ഈ വര്‍ഷം ദേശീയ തലത്തില്‍ എട്ട് വ്യത്യസ്ത ഇനങ്ങളില്‍ ചാമ്പ്യനാണ്. പഞ്ചഗുസ്തിയില്‍ 15 വര്‍ഷമായി ദേശീയ ചാമ്പ്യനാണ്. ഏറ്റവും കൂടുതല്‍ ലോക മെഡല്‍ (പത്ത് എണ്ണം) ജോബിയുടെ പേരിലാണ്.
കോട്ടയം പാലായിലെ അടുക്കം ആണ് ജന്മസ്ഥലം. ചെറുപ്പത്തില്‍ മലമ്പ്രദേശങ്ങളിലൂടെ 12 കിലോമീറ്റര്‍ കൈകുത്തി ചാടി നടന്ന സ്കൂളില്‍ പോയിരുന്ന ജോബിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നേട്ടങ്ങള്‍ കീഴടങ്ങുകയായിരുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴേ സ്പോര്‍ട്സില്‍ താല്‍പ്പര്യം ജനിച്ചിരുന്നു. തന്റെ ശാരീരികക്ഷമതയ്ക്കനുസൃതമായ ഒരു ഇനം തെരഞ്ഞെടുക്കുകയായിരുന്നു. ക്ലാസ്സില്‍ മറ്റ് കുട്ടികളോട് പഞ്ചഗുസ്തിയില്‍ വിജയിക്കുമ്പോള്‍ അതൊരു അന്തര്‍ദ്ദേശീയ കായിക ഇനമാണെന്ന് ജോബിക്കറിയില്ലായിരുന്നു. ഗുരുക്കന്മാരുടെ അനുഗ്രഹമാണ് എന്നും വഴികാട്ടി. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ഓട്ടോഗ്രാഫില്‍ ഏല്യക്കുട്ടി ടീച്ചര്‍ എഴുതിയ വാചകങ്ങള്‍ ഇന്നും മനസ്സില്‍ മുഴങ്ങുന്നുണ്ട്. “മോനെ നമ്മുടെ രക്ഷ നമ്മുടെ കൈകളില്‍ തന്നെയാണെന്ന് ഓര്‍ക്കണം” ഈയൊരു ഉപദേശം കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുവാന്‍ ജോബിക്കായി. ഇപ്പോഴും ഗുരുക്കന്മാര് ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്നുണ്ട്.
കായിക പ്രതിഭക്കൊപ്പം തന്നെ കലാരംഗത്തും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 1988 ല്‍ ദേശീയ കലാമേളയില്‍ മൂന്ന് നൃത്ത ഇനങ്ങളിലൂടെ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും കലാപ്രതിഭയാവുകയും ചെയ്തു. അന്നത്തെ രാഷ്ട്രപതി ആര്.വെങ്കിട്ടരാമന്റെ ഭാര്യ ജാനകി വെങ്കിട്ടരാമനില്‍നിന്നും കലാപ്രതിഭാ പട്ടം വാങ്ങിയ അവിസ്മരണീയമായ ഓര്മ ഇന്നും ജോബിയുടെ മനസ്സില്‍ ജ്വലിക്കുന്നു. പി.ടി.ഉഷയില്‍നിന്നുമെല്ലാം സമ്മാനങ്ങള്‍ അഭിമാനപൂര്‍വം ഏറ്റുവാങ്ങിയിട്ടുണ്ട്.
2002 ല്‍ ചെന്നൈയില്‍ നടന്ന ദേശീയ മത്സരത്തില്‍ പങ്കെടുത്ത് തന്റെ പ്രകടനം കണ്ടപ്പോള്‍ തമിഴ്നാട് സ്പോര്‍ട്സ് അസോസിയേഷന് തലവനായ വാള്‍ട്ടര്‍ ദേവാരം തമിഴ്നാട്ടിലേക്ക് ക്ഷണിച്ചു. തമിഴ്നാട്ടിലെ ഏറ്റവും മികച്ച താരമായി മാറ്റാമെന്നും ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ കേരളത്തിന് വേണ്ടി നിലകൊള്ളാനാണ് ഇഷ്ടമെന്ന് സ്നേഹപൂര്‍വം ജോബി മറുപടി നല്കി.
അമേരിക്കയില്‍ വച്ച് ട്രാക്ക് ഇവന്റ്സില്‍ മത്സരിച്ച പലരേയും പരിചയപ്പെടുവാനായി. അവരില്‍ പലരും ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചവരാണ്. ജോബിയുടെ മസില് പവറും ബോഡി ഷെയ്പ്പും കണ്ടപ്പോള്‍ ഹോളിവുഡിലേക്ക് ഇവര്‍ ക്ഷണിക്കുകയും ഇ-മെയില്‍ ഐഡി വാങ്ങുകയും ചെയ്തു. ഒരു ദിനം ഹോളിവുഡും യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജോബി. സെപ്റ്റംബറില്‍ പോളണ്ടിലും ഒക്ടോബറില്‍ കൊറിയയിലും ഡിസംബറില്‍ ന്യൂസിലാന്റിലും നടക്കുന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുവാനുളള ഒരുക്കത്തിലാണിപ്പോള്‍.
ഏഴു വര്‍ഷത്തിനുള്ളില്‍ എവറസ്റ്റ് കീഴടക്കണം എന്ന ആഗ്രഹത്തിലാണ് ജോബി. ചിട്ടയായ വ്യായാമവും പരിശീലനവും. വെളുപ്പിന് നാലുമണിക്ക് ഉണരും. ആലുവ പുഴയില്‍ നീന്തും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ആലുവ തോട്ടയ്ക്കാട്ടുകരയില്‍ ശാന്തി ലൈനില്‍ ‘ശ്രീകോവിലി’ലാണ് താമസം. സ്വര്‍ണ നേട്ടങ്ങളുടെ കുഞ്ഞു തമ്പുരാന്റെ ശ്രീകോവില്‍ തന്നെയാണ് ഈ വീട്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ കമ്പാരേറ്റെവ് ലിറ്ററേച്ചറില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ മേഘ എസ്. പിള്ളയാണ് ഭാര്യ. മേഘയെ കണ്ടുമുട്ടുന്നതും തികച്ചും യാദൃച്ഛികമായിരുന്നു. മേഘയുടെ ഒരു നൃത്ത പരിപാടി കണ്ട് അഭിനന്ദിക്കുകയും ചങ്കൂറ്റത്തോടെ തന്റെ ഹൃദയാഭിലാഷം തുറന്ന് പറയുകയുമായിരുന്നു. മേഘം കുളിര്‍മഴയായി പെയ്തപ്പോള്‍ ഒരു പുതു ജീവിതത്തിന് തുടക്കമായി. ഇന്ന് ജോബിയുടെ എല്ലാ കാര്യങ്ങളും കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നത് മേഘയാണ്. ഡ്വാര്‍ഫ് ഗെയിംസിലെ മിന്നുന്ന നേട്ടങ്ങളുമായി തിരിച്ചെത്തിയിട്ടും തിരക്കോട് തിരക്കാണ് ജോബിക്ക്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ പ്രഭാഷണത്തിന് പോയിരുന്നു. ജീവിത വിജയത്തെക്കുറിച്ച് മൂന്ന് മണിക്കൂര്‍ നീണ്ടപ്രഭാഷണം 2500 ഓളം വരുന്ന വിദ്യാര്‍ത്ഥികള്‍ ശ്രദ്ധാപൂര്‍വം കേട്ടു. തുടര്‍ന്ന് നിറഞ്ഞ കയ്യടി. മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിനെ പരിചയപ്പെടണമെന്ന ആഗ്രഹം ജോബിക്കുണ്ട്.
109 സെന്റിമീറ്റര്‍ ഉയരത്തില്‍നിന്നും കുഞ്ഞന്‍ ഒളിമ്പിക്സിന്റെ ഉയരം താണ്ടിയ പോലെ വിദ്യാഭ്യാസത്തിലും ആ ഉന്നത ഉയരം തന്നെയുണ്ട്. പൊളിറ്റിക്സില്‍ എംഎ, എല്‍എല്‍ബി, എംബിഎ എല്ലാം നേടി ഇപ്പോള്‍ കൊച്ചി ഭാരത് പെട്രോളിയത്തില്‍ ഉദ്യോഗസ്ഥനാണ്. മകന് ജ്യോതിസ് എല്‍കെജി വിദ്യാര്‍ത്ഥി. അച്ഛന്റെ സ്വര്‍ണ മെഡലുകള്‍ കഴുത്തിലണിഞ്ഞ് ഒപ്പം കളിച്ചും ജ്യോതിസ് ഓടി നടക്കുന്നു. തന്നെപ്പോലെ ഉയരങ്ങള്‍ താങ്ങുവാനുള്ള പ്രതീക്ഷയാണ് മകനില്‍ ജോബിക്കുള്ളത്. പേരുപോലെ ശ്രീകോവില്‍ വീട്ടില്‍ നിന്നും ജ്യോതിസ്സായി ഉയരുന്ന ഒരു പ്രഭാതം, എവറസ്റ്റും കീഴടക്കിയ അച്ഛന്റെ തണലില്‍. അതും നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ യാഥാര്‍ത്ഥ്യമാകും.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: