പത്രത്തില്‍ മുഖം പൂഴ്ത്തിയുള്ള വായനയ്ക്കിടയില്‍ കുട്ടികള്‍ വന്നത് ഞാന്‍ അറിഞ്ഞില്ല.
“എന്താണമ്മാവാ ഇത്ര സൂക്ഷിച്ചു വായിക്കുന്നത്? ഇന്നലെ സസ്പെന്സില് നിറുത്തിയ സംഭവം വല്ലതുമാണോ?” അമൃത ചോദിച്ചു.
“സസ്പെന്സില് നിര്‍ത്തിയ സംഭവമോ?”
“അതെ. ചങ്ങമ്പുഴയുടെ ജീവിതത്തില്‍……”
“ഓ. അങ്ങനെ! ഞാന്‍ ചിരിച്ചു. അമൃതയുടെ ഊഹം ശരിയാണ്. ഞാന്‍ വായിച്ച പത്രവാര്‍ത്തയ്ക്ക് അതുമായി ബന്ധമുണ്ട്. മദ്യപാനത്തിന് കാശുകിട്ടാത്തതിനാല്‍ ഒരു യുവാവ് വീട്ടുകാരെയൊക്കെ കുത്തി മുറിവേല്‍പ്പിക്കുകയും വീടിന് തീവെക്കുകയും ചെയ്തു എന്നാണ് വാര്‍ത്ത.”
“അതും ചങ്ങമ്പുഴയും തമ്മില്‍ എന്തു ബന്ധമാണ്?” പ്രസാദ് ചോദിച്ചു.
ഉണ്ട്. മദ്യപാനത്തിന് കാശുകിട്ടാതെയും മദ്യപിച്ചും പലതരം അക്രമങ്ങള്‍ ചെയ്തിട്ടുള്ള യുവാവാണ് ചങ്ങമ്പുഴയും. വീടിന് പ്രത്യക്ഷത്തില്‍ തീവെച്ചില്ലെന്നേയുള്ളൂ. പക്ഷേ, സ്വന്തം ജീവിതത്തിന് തീകൊളുത്തി എന്നു പറയാം. സ്നേഹിക്കുന്നവരുടെ മനസ്സുകളിലേക്ക് ആ തീ പടര്‍ന്നുപിടിക്കെ 37-ാം വയസ്സില്‍ അദ്ദേഹം മരിച്ചില്ലേ? അതിനുകാരണം അമിത മദ്യപാനം കൂടി ആയിരുന്നു.
അതിരിക്കട്ടെ. ഞാന്‍ പറയാന്‍ ഉദ്ദേശിച്ച സംഭവം കേള്‍ക്കണ്ടേ? ഒരു ദിവസം, കൂട്ടുകാരുമൊത്ത് മദ്യപാനത്തിന് കാശില്ലാതെ വിഷമിച്ചിരിക്കയായിരുന്നു ചങ്ങമ്പുഴ. അപ്പോഴാണ് ചെറിയ ക്ലാസില്‍ പഠിപ്പിച്ചിരുന്ന പി.എം.അച്യുതവാരിയര്‍ സാര്‍ ആ വഴി വന്നത്.
ലഹരിക്കുവേണ്ടിയുള്ള ആവേശത്താല്‍ ഭ്രാന്തു പിടിച്ചവനെപ്പോലെ ചങ്ങമ്പുഴ ആ ഗുരുനാഥന്റെ മുമ്പില്‍ ചാടിവീണ് പണം ആവശ്യപ്പെട്ടു. ഭീഷണി മുഴക്കുകയും ചെയ്തു.
വാര്യര്‍ സാര്‍ ആദ്യം അമ്പരന്നു. താന്‍ പഠിപ്പിച്ച പ്രിയ ശിഷ്യന് ഇങ്ങനെ പെരുമാറുകയോ? പണം കൊടുത്തില്ലെങ്കില്‍ വിട്ടയക്കില്ലെന്നോ?
അമ്പരപ്പ് മാറിയപ്പോള്‍ അദ്ദേഹം പറഞ്ഞു: “പണം തരാന്‍ തല്ക്കാലം മനസ്സില്ല. എന്നെ എന്തു ചെയ്യുമെന്ന് കാണട്ടെ. ഞാന്‍ ഈ വഴി നേരെ പോലീസ് സ്റ്റേഷനിലേക്കാണ് പോകുന്നത്.”
ആ ദൃഢമായ ശബ്ദം കേട്ടു ചങ്ങമ്പുഴ പതറിപ്പോയി. പേടിയുമായി! പിന്നാലെ കൂടി; പോലീസില്‍ പരാതിപ്പെട്ടു കുഴപ്പങ്ങളൊന്നും ഉണ്ടാക്കല്ലേ എന്ന യാചനയോടെ.
ഈ സന്ദര്‍ഭത്തില്‍ വാര്യര്‍ സാറിലെ ഗുരുനാഥന് കൂടുതല്‍ ഉണര്‍ന്നു. തന്റെ നേരെ ഭീഷണി മുഴക്കിയ ശിഷ്യനോട് കോപമോ പകയോ അല്ല ഉണ്ടായത്. തെറ്റു തിരുത്തിച്ചു ആ യുവാവിനെ നല്ല വഴിയിലേയ്ക്ക് നയിക്കണം എന്ന ആഗ്രഹമാണ്. അദ്ദേഹം സ്നേഹപൂര്‍വം ചങ്ങമ്പുഴയെ വിളിച്ചു തനിക്കൊപ്പം നടത്തി കാര്യമായി ഉപദേശിച്ചു.
“നിന്റെ കഴിവുകളെപ്പറ്റി ഓര്‍ത്തിട്ടുണ്ടോ? മലയാളത്തിന്റെ അഭിമാനമായിത്തീരേണ്ട കവിയാണ് നീ. ആ കവിയെ ഇങ്ങനെ നടന്നു നശിപ്പിക്കരുത്. ഗുരുവിന്റെയോ പിതാവിന്റെ തന്നെയോ വാക്കായി നീ ഇതിനെ സ്വീകരിക്കണം.”
കുറ്റബോധത്താല്‍ ചങ്ങമ്പുഴ ശരിക്കും കരഞ്ഞുപോയി. ഗുരുവിനോട് ഒരിക്കലും ഇങ്ങനെ മോശമായി പെരുമാറരുതായിരുന്നു. അതിനേക്കാള്‍ മോശമായാണ് എന്നും അമ്മയോടും മുത്തശ്ശിയോടുമൊക്കെ താന്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. അവര്‍ എല്ലാം സഹിച്ച് കണ്ണീര് കുടിച്ചു കഴിയുകയാണ്. തന്നില്‍ അന്തര്‍ലീനമായ കവിതയോടും ദയ കാണിക്കുന്നേയില്ല. ഇതില്‍നിന്ന് മാറിയേ പറ്റൂ എന്നു തീരുമാനിക്കാന്‍ ഈ സംഭവം, തല്‍ക്കാലത്തേക്കെങ്കിലും ചങ്ങമ്പുഴയ്ക്ക് പ്രേരണയായി.
വാര്യര്‍ സാര്‍ പിന്നീട് ചങ്ങമ്പുഴയെ അടുത്തുളള വായനശാലയിലേക്ക് നയിച്ചു. താമസിയാതെ സ്വന്തം മഠത്തിലേക്കും ക്ഷണിച്ചിട്ടു പറഞ്ഞു.
“ഇനി നിന്റെ വായനയും എഴുത്തുമൊക്കെ ഇവിടെ നിന്നായിക്കോളൂ. വേണ്ട സൗകര്യങ്ങള്‍ തരാം. ധാരാളം പുസ്തകങ്ങളുമുണ്ട്.”
സ്വന്തം വീട്ടില്‍ പല പൊരുത്തക്കേടുകളിലും അസ്വസ്ഥനായിക്കഴിഞ്ഞിരുന്ന ചങ്ങമ്പുഴയ്ക്ക് വാര്യര്‍ സാറിന്റെ ഉദാരത വലിയ ഒരനുഗ്രഹമായി. എഴുതാനാവശ്യമായ മേശയും ചാരുകസേരയും വരെ അദ്ദേഹം ഒരുക്കിക്കൊടുത്തു. നിരന്തരമായ വായനയിലും എഴുത്തിലും ചങ്ങമ്പുഴ മുഴുകിക്കണ്ടപ്പോള്‍ വാര്യര്‍ സാര്‍ മഠത്തിന് ഒരു പുതിയ പേരും നല്കി- “സാഹിതീ സദനം.”
സാഹിത്യകാരന്മാരും ആസ്വാദകരുമായ പലരും സാഹിതീ സദനത്തിലെ സന്ദര്‍ശകരായി. ഗൗരവമുളള ചര്‍ച്ചകള്‍ പതിവായി. വായനയും രചനയും വിമര്‍ശനവും തിരുത്തലുകളും അവിടെ നടന്നു. കുറച്ചുകാലം ‘സാഹിതീസദനം സി.കൃഷ്ണപിള്ള’ എന്ന പേരിലായിരുന്നു ചങ്ങമ്പുഴ തന്റെ കവിതകള്‍ പ്രസിദ്ധപ്പെടുത്തിയത്. ചെറിയ തോതില്‍ വരുമാനവും ലഭിച്ചിരുന്നു. വാര്യര്‍ സാറിന്റെ ഇംഗ്ലീഷ് പുസ്തകശേഖരം ചങ്ങമ്പുഴ നന്നായി പ്രയോജനപ്പെടുത്തി.
സമ്പുഷ്ടമായിക്കൊണ്ടിരുന്ന സാഹിത്യവാസനയ്ക്കിടയിലും ചില ചിന്തകള്‍ ചങ്ങമ്പുഴയെ അലട്ടിക്കൊണ്ടിരുന്നു. പഠിത്തം മുടങ്ങിപ്പോയിരിക്കയല്ലേ? ഒപ്പം പഠിച്ചവര്‍ പലരും കോളേജിലാണ്. തനിക്കും തുടര്‍ന്നു പഠിക്കണമെന്ന ആഗ്രഹം തീവ്രമായുണ്ട്. അതിന് ഭാഗ്യവശാല്‍ ചിലരില്‍നിന്ന് സഹായവും പ്രേരണയും ലഭിച്ചു. അങ്ങനെ ചങ്ങമ്പുഴ കൃഷ്ണപിള്ള തന്റെ 21-ാം വയസ്സില്‍ എറണാകുളം എസ്ആര്‍വി ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയായി.
1932 ലാണത്. സ്വാതന്ത്ര്യസമരക്കാലം. മഹാത്മാഗാന്ധിയേയും ദേശീയതയേയും കുറിച്ചൊക്കെ സംസാരിക്കുമെങ്കിലും സാഹിത്യ ചിന്തകളിലാണ് ചങ്ങമ്പുഴ ഏറെയും വിഹരിച്ചത്. പഠിക്കാന്‍ പണത്തിന് കുറവുണ്ടായിരുന്നു. അത് പരിഹരിക്കാന്‍ സഹപാഠികള്‍ക്ക് അദ്ദേഹം ട്യൂഷനെടുത്തു പോന്നു.
ഇടപ്പളളിയില്‍ നിന്ന് എറണാകുളത്തേയ്ക്കും തിരിച്ചുമുള്ള നടപ്പ് ചങ്ങമ്പുഴയ്ക്ക് ഒട്ടും വിഷമകരമായി തോന്നിയില്ല. ഒറ്റയ്ക്കാണെങ്കില്‍ പ്രകൃതി ഭംഗിയിലും കാവ്യചിന്തകളിലും അലിഞ്ഞാവും യാത്ര. അങ്ങനെ ഉറവാര്‍ന്ന കവിതകള്‍ കൂട്ടുകാരുടേയും മുതിര്‍ന്നവരുടേയും പ്രശംസകള്‍ക്ക് ഒരുപോലെ പാത്രമായി.
ഇടപ്പള്ളി സാഹിത്യസമാജമാണ് ചങ്ങമ്പുഴയുടെ മറ്റൊരു പ്രധാന താവളം. അതിന്റെ സെക്രട്ടറിയായി ചങ്ങമ്പുഴ തെരഞ്ഞെടുക്കപ്പെട്ടു. അതോടെ സമാജപ്രവര്‍ത്തനം ഊര്‍ജ്ജസ്വലമായി. കാര്യങ്ങള്‍ കൃത്യമായും ഭംഗിയായും നടത്തുന്നതില്‍ നിഷ്കര്‍ഷത പുലര്‍ത്തുന്ന പ്രകൃതക്കാരനാണ് ചങ്ങമ്പുഴ. ആഴ്ചതോറുമുള്ള ചര്‍ച്ചകളും പ്രതിമാസ പ്രഭാഷണങ്ങളും കൊണ്ട് സമാജത്തിന് പുതിയ ഉണര്‍വ് ലഭിച്ചു.
ഒരു വാര്‍ഷികം നടത്തിയാലോ എന്നതായി അടുത്ത ചിന്ത. ചിന്തയ്ക്ക് പിന്നാലെ പ്രവര്‍ത്തനങ്ങളും തുടങ്ങി. നാട്ടുകാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സമ്മേളനം വിവിധ പരിപാടികളോടെ നടക്കുകയും ചെയ്തു.
സാഹിത്യകാരനും സര്വാധികാര്യക്കാരുമായ പൂത്തേഴത്തു രാമന് മേനോനായിരുന്നു അദ്ധ്യക്ഷന്‍. ചങ്ങമ്പുഴ ക്ഷണിച്ചതുകൊണ്ടാണ് താന്‍ വന്നതെന്നും ഇടപ്പള്ളിയ്ക്ക് യശോധാവാള്യം നല്കുന്ന രണ്ടു വെള്ളിനക്ഷത്രങ്ങളാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഇടപ്പള്ളി രാഘവന് പിള്ളയുമെന്നും അദ്ദേഹം പറഞ്ഞത് രോമാഞ്ചത്തോടെയാണ് ആ യുവാക്കള്‍ കേട്ടത്. സരസമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
സമ്മേളനത്തില്‍ പങ്കെടുത്ത ജി.ശങ്കരക്കുറുപ്പ്, സി.നാരായണ പിള്ള, കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിവരും പ്രശംസ ചൊരിയുന്നതില്‍ പിശുക്കു കാട്ടിയില്ല. സമ്മേളനത്തിന്റെ ഭാഗമായുള്ള കലാ പരിപാടികളില്‍ ഒരിനം നാടകമായിരുന്നു. ‘ദുര്‍ഗ്ഗേശനന്ദിനി’ എന്ന ആ നാടകത്തില്‍ ചങ്ങമ്പുഴ അഭിനയിക്കുകയും ചെയ്തു.
വാര്‍ഷികാഘോഷം പൊടിപൊടിച്ചു. അതിന്റെ തിരക്കുകള്‍ക്കിടയില്‍ പലതും മറന്നു. കുറേ ദിവസം സ്കൂളില്‍ പോയിരുന്നില്ല. ചെന്നപ്പൊഴോ? പൊതു പരീക്ഷയുടെ ഫീസടക്കേണ്ടുന്ന അവസാന ദിവസമാണ്! എവിടുന്നു കിട്ടും പണം? നെട്ടോട്ടമായി. ഒടുവില്‍ ഇളയമ്മയുടെ ആഭരണം വിറ്റു കിട്ടിയ പണവുമായി ചെന്നപ്പോള്‍ സമയം കഴിഞ്ഞിരിക്കുന്നു!
എന്തു ചെയ്യും? ഒരധ്യാപകന് സഹായത്തിനെത്തി. ചങ്ങമ്പുഴയേയും കൂട്ടി അദ്ദേഹം ഡയറക്ടറെ കണ്ടു. ഡയറക്ടര്‍ അത്ഭുതപ്പെട്ടുപോയി. ചങ്ങമ്പുഴ എന്ന കവിയാണോ ഇത്? ആദരവോടെ അദ്ദേഹം ഫീസടക്കാന്‍ ഏര്‍പ്പാട് ചെയ്തു.
പക്ഷെ എന്തുകാര്യം? ഫലം വന്നപ്പോള്‍ ചങ്ങമ്പുഴ തോറ്റുപോയി!
“പാവം!” അമൃത പറഞ്ഞു.
“എങ്ങനെ തോല്‍ക്കാതിരിക്കും?” പ്രസാദ് ചോദിച്ചു: “എന്തെല്ലാം കഷ്ടപ്പാടുകളായിരുന്നു! രാവിലെയും വൈകിട്ടും നടക്കണം. പണമുണ്ടാക്കാന്‍ ട്യൂഷനെടുക്കണം. വായിക്കണം. കവിതയെഴുതണം. സാഹിത്യ സമാജം സെക്രട്ടറിയുടെ ജോലികള്‍ ചെയ്യണം… ഇതൊക്കെ കഴിഞ്ഞ് പഠിക്കാന്‍ നേരം വേണ്ടേ? എന്തായാലും തോറ്റത് കഷ്ടമായി!”
“സാരമില്ല. തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ. ചങ്ങമ്പുഴ അങ്ങനെയൊന്നും പിന്മാറുന്ന കൂട്ടത്തിലല്ല താനും. പണ്ട് അരണ മരത്തെ വളയ്ക്കാന്‍ ചെയ്ത സാഹസം ഓര്‍മയിലില്ലേ?”
എന്റെ ചോദ്യം കേട്ടപാടെ കുട്ടികള്‍ ആ രംഗം ഒന്നുകൂടി ഭാവനയില്‍ കണ്ടു ചിരിച്ചുപോയി!
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: