തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിയ ഉപരോധസമരം പിന്‍വലിക്കാന്‍ ഇടയായ സാഹചര്യം സംബന്ധിച്ച് അണികളിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാന്‍ സിപിഎം യോഗങ്ങള്‍ ആരംഭിച്ചു. ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കും വരെ സെക്രട്ടറിയേറ്റ് ഉപരോധിക്കുമെന്ന് പറഞ്ഞാണ് അരലക്ഷത്തോളം പാര്‍ട്ടിപ്രവര്‍ത്തകരെ സിപിഎം കഴിഞ്ഞ 12ന് തിരുവനന്തപുരത്തെത്തിച്ചത്. 12ന് വന്ന അണികള്‍ അഞ്ചുദിവസം സെക്രട്ടറിയേറ്റ് ഉപരോധിച്ചശേഷം അടുത്ത സംഘം 17ന് തലസ്ഥാനത്തെത്താനായിരുന്നു പദ്ധതി. അതിനുവേണ്ടി എല്ലാ ജില്ലകളിലും പ്രവര്‍ത്തകരെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. മൂന്ന് ആഴ്ചയിലേക്കുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് പാര്‍ട്ടി നടത്തിയത്. എന്തുവന്നാലും മുഖ്യമന്ത്രിയെക്കൊണ്ട് രാജിവയ്പിക്കുമെന്നും സെക്രട്ടറിയേറ്റിലേക്ക് ഒരീച്ചയെ പോലും കയറ്റില്ലെന്നും പ്രഖ്യാപിച്ചായിരുന്നു ഉപരോധം. നേതാക്കളുടെ വാക്കുകളില്‍ ആവേശഭരിതരായാണ് അണികള്‍ തലസ്ഥാനത്തെത്തിയത്.
സെക്രട്ടറിയേറ്റിന്റെ നാലു ഗേറ്റുകളും ഉപരോധിക്കുമെന്ന് പറഞ്ഞെങ്കിലും ഉപരോധം സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റില്‍ മാത്രമായി ഒതുങ്ങി. കന്റോണ്‍മെന്റ് ഗേറ്റ് വഴി ഉദ്യോഗസ്ഥരും മന്ത്രിമാരുമെല്ലാം സെക്രട്ടറിയേറ്റിലെത്തുകയും മന്ത്രിസഭായോഗം ഉള്‍പ്പടെ നടത്തുകയും ചെയ്തു. അപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് അവര്‍ക്ക് ബോധ്യമായത്. സര്‍ക്കാരുമായി സിപിഎം നേതാക്കള്‍ ഒത്തുതീര്‍പ്പുണ്ടാക്കിയത് അവര്‍ അപ്പോഴാണ് മനസ്സിലാക്കിയത്. സമരത്തിനിടയില്‍ അവര്‍ പ്രതിഷേധിക്കുകയും നേതാക്കളുടെ ഒത്തുതീര്‍പ്പ് അവഗണിച്ച് കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ തയ്യാറാകുകയും ചെയ്തു. ഇതു പലതവണ സംഘര്‍ഷാന്തരീക്ഷത്തിലേക്ക് നീങ്ങി. സിപിഎം സെക്രട്ടറി പിണറായിവിജയന്‍ നേരിട്ടെത്തിയാണ് അണികളെ സമാധാനിപ്പിച്ചത്. പിന്നീട് ഒന്നരദിവസമായപ്പോ ള്‍ സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍, ജുഡീഷ്യലന്വേഷണം പ്രഖ്യാപിച്ചതിന്റെ പേരില്‍ ഉപരോധം അവസാനിപ്പിക്കുകയും ചെയ്തു.
ഒത്തുതീര്‍പ്പു സംബന്ധിച്ച് നിരവധി വാര്‍ത്തകളും വെളിപ്പെടുത്തലുകളും പുറത്തു വന്നതോടെയാണ് അണികളുടെ സംശയം ബലപ്പെട്ടത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണപരിധിയില്‍ മുഖ്യമന്ത്രിയില്ലാത്തതും ഉമ്മന്‍ചാണ്ടിയുടെ രാജി എന്ന ആവശ്യം അംഗീകരിക്കാത്തതും സമരത്തിന്റെ പരാജയമായി കണക്കാക്കുന്നു. ഫെയ്സ് ബുക്കിലും മറ്റും ഇതുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങളാണ് വന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുവരെയുള്ള ഒത്തുതീര്‍പ്പു ധാരണകളും പുറത്തുവന്നു. ബിജെപിയും ആര്‍എംപി നേതാവ് കെ.കെ. രമയും സര്‍ക്കാര്‍ ചീഫ്‌വിപ്പ് പി.സി. ജോര്‍ജ്ജും ഉപരോധസമരം അവസാനിപ്പിക്കാനുള്ള ഒത്തുതീര്‍പ്പുകളെ സംബന്ധിച്ച് തെളിവുകള്‍ സഹിതം ആരോപണമുന്നയിച്ചിരുന്നു. ഇതെല്ലാം സിപിഎം അണികളെ നേതൃത്വത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു. ഒരു സമരത്തിന്റെ പേരില്‍ സിപിഎം ഇതുവരെ നേരിടാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ ഉണ്ടായത്. സമരം കൊണ്ടുണ്ടായേക്കാവുന്ന നേട്ടത്തേക്കാളുപരി സമരം അവസാനിപ്പിച്ചപ്പോള്‍ ഉണ്ടായത് കോട്ടങ്ങളാണ്.
ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ആശയക്കുഴപ്പം പരിഹരിക്കാന്‍ നേതാക്കള്‍ പ്രസ്താവനകളും പത്രസമ്മേളനങ്ങളുമായി രംഗത്തെത്തിയെങ്കിലും ഫലിക്കാതെ വന്നപ്പോഴാണ് ജില്ലാ കമ്മിറ്റികളും ജനറല്‍ബോഡി യോഗങ്ങളും വിളിച്ചിരിക്കുന്നത്. ചില ജില്ലകളില്‍ ആരംഭിച്ച യോഗങ്ങളില്‍ മുന്‍നിര നേതാക്കള്‍ നേരിട്ടെത്തി വിശദീകരണം നല്‍കുകയാണ്. ഇന്ന് ദല്‍ഹിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഉപരോധസമരം സംബന്ധിച്ച് പിണറായി വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സമരം അവസാനിച്ചതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ കുറിച്ച് കേന്ദ്രകമ്മിറ്റിയിലും ചര്‍ച്ചയുണ്ടായേക്കും.
ആര്‍. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: