ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്നതിന് തെളിവുണ്ടോയെന്ന് കേരളത്തോട് സുപ്രീംകോടതി. തെളിവില്ലാതെ പുരപ്പുറത്ത് കയറിനിന്ന് അപകടം വിളിച്ചുകൂവിയിട്ട് കാര്യമില്ല. സുരക്ഷിതമല്ല എന്നതിന് വസ്തതുകള്‍ കാണിച്ച് ബോധ്യപ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
136 അടി സുരക്ഷിതമായതുകൊണ്ടല്ലേ നിയമസഭ ആ പരിധി നിശ്ചയിച്ചതെന്നും സുപ്രീംകോടതി ആരാഞ്ഞു. ജലനിരപ്പ് മാറ്റാന്‍ ഡാം സുരക്ഷ അതോറിറ്റിക്ക് അധികാരമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ കേരളത്തിന്റെ അന്തിമവാദം പൂര്‍ത്തിയായി.
136 അടിയില്‍ കൂടുതല്‍ ജലപരിധി കൂട്ടിയാല്‍ ഓരോ ഇഞ്ചിലും എന്ത് സുരക്ഷാ പ്രശ്നങ്ങളാണ് ഉണ്ടാകുക എന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമോ എന്നും കോടതി കേരളത്തോട് ചോദിച്ചു. ജലപരിധി 136 അടിയില്‍ കൂട്ടിയാല്‍ അറ്റകുറ്റ പണികള്‍ നടത്തേണ്ടി വരുമെന്ന് ഉന്നതാധികാര സമിതി തന്നെ പറഞ്ഞിട്ടുണ്ടെന്ന് കേരളത്തിന്റെ അഭിഭാഷകന് കോടതിയെ ധരിപ്പിച്ചു.
ഉച്ചയ്ക്കു ശേഷം തമിഴ്നാടിന്റെ വാദം നടക്കും. അതിനു ശേഷം കേരളത്തിന് മറുപടി നല്‍കുന്നതിനും തെളിവുകള്‍ സമര്‍പ്പിക്കുന്നതിനും അവസരം ലഭിക്കും. കേരളത്തിന്റെ ഭാഗം കേള്‍ക്കാതെയുള്ള മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് നേരത്തെ സുപ്രീംകോടതി പറഞ്ഞിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിനെതിരായ കേരളത്തിന്റെ വാദങ്ങളോട് പ്രഥമദൃഷ്ട്യാ സുപ്രീംകോടതിക്ക് യോജിപ്പാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: