തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ ഉപരോധസമരം പെട്ടെന്ന് പിന്‍വലിച്ചതിന് പിന്നില്‍ ഒത്തുകളി നടന്നെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. വ്യവസായി എം.എ യൂസഫലിയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, എളമരം കരീം, കെ.ഇ ഇസ്മയില്‍ എന്നിവരും മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍ എന്നിവരുമാണ് ഈ ചര്‍ച്ചകളില്‍ പങ്കെടുത്തത്. ആര്.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന് കൊല്ലപ്പെട്ടതിന്റെ തലേനാള്‍ സി.പി.എം നേതാക്കള്‍ നടത്തിയ ഗൂഢാലോചനകളില്‍ പിണറായി വിജയന് പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ പോലീസിന്റെ പക്കലുണ്ടെന്ന് മനസിലായതിനെത്തുടര്ന്നായിരുന്നു പിന്മാറ്റം. അന്ന് പിണറായി വിജയന് സി.പി.എമ്മിന്റെ ഒരു ജില്ലാ സെക്രട്ടറിയുമായി ഒരു മണിക്കൂര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകളാണ് പോലീസിനുള്ളതെന്ന് സുരേന്ദ്രന് പറഞ്ഞു.
സമരത്തില്‍ നിന്ന് പിന്‍വാങ്ങുന്നതിനായി തന്റെ അറിവോടു കൂടിയാണോ ചര്‍ച്ചകള്‍ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. കെ.ഇ.ഇസ്മയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചനടത്തിയത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ പന്ന്യന്‍ രവീന്ദ്രന് അറിഞ്ഞാണോ എന്നും സുരേന്ദ്രന് ചോദിച്ചു. ആത്മാഭിമാനമുണ്ടെങ്കില്‍ പന്ന്യന്‍ രവീന്ദ്രന് മുന്നണി വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജൂണ്‍ അഞ്ചിന് മഹാരാഷ്ട്ര ഭവനില്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണനുമായി പിണറായി വിജയന് കൂടിക്കാഴ്ച നടത്തിയത് എന്തിനായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: