തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇല്ല. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞെങ്കിലും അന്വേഷണ പരിധിയില്‍ താനും തന്റെ ഓഫീസും പെടില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഇവര്‍ നടത്തിയ തട്ടിപ്പ് അന്വേഷണത്തിന്റെ പരിധിയില്‍പ്പെടുത്തണമെന്ന ആവശ്യം ആരെങ്കിലും ഉന്നയിച്ചാല്‍ അത് ഉള്‍പ്പെടുത്തുകയും ചെയ്യും. അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രി വരാത്തിടത്തോളം കാലം അദ്ദേഹം രാജിവയ്ക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. എങ്ങനെ തട്ടിപ്പ് നടന്നു, തട്ടിപ്പിന്റെ ഓരോ ഘട്ടത്തിലും ആരുടെയെങ്കിലും സഹായങ്ങള്‍ ലഭിച്ചോ, സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടോ, തട്ടിപ്പുകാര്‍ക്ക് ലാഭമുണ്ടായിട്ടുണ്ടോ, തട്ടിപ്പ് എന്നുമുതല്‍ തുടങ്ങി തുടങ്ങിയ കാര്യങ്ങളാണ് ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ വരിക.
സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, അടുത്ത കാലത്തെങ്ങും അന്വേഷണങ്ങള്‍ക്ക് ജഡ്ജിയെ വിട്ടു നല്കാന് ഹൈക്കോടതി തയ്യാറായിട്ടില്ല. ആവശ്യത്തിന് ജഡ്ജിമാരില്ലാത്താണു കാരണം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇനി മന്ത്രിസഭായോഗം ചേര്‍ന്ന് ഔദ്യോഗിക തീരുമാനം കൈക്കൊള്ളണം. അതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിക്ക് ജഡ്ജിയെ ആവശ്യപ്പെട്ടു കൊണ്ട് കത്തയക്കണം. ഹൈക്കോടതി സംസ്ഥാനത്തിന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാനും കാലതാമസമുണ്ടാകും.
ഹൈക്കോടതിയില്‍ 38 ജഡ്ജിമാര്‍ വേണ്ടിടത്ത് ഇപ്പോള്‍ 30 പേരാണുള്ളത്. കെട്ടിക്കിടക്കുന്നത് നൂറുകണക്കിന് കേസുകളും. കേസുകള്‍ തീര്‍പ്പാക്കാന്‍ തന്നെ ആവശ്യത്തിന് ജഡ്ജിമാരില്ലാത്ത സാഹചര്യത്തില്‍ കോടതിക്കു പുറത്തുള്ള അന്വേഷണങ്ങള്‍ക്ക് ജഡ്ജിമാരുടെ സേവനം വിട്ടുനല്കാനാകില്ലെന്നതാണ് ഹൈക്കോടതി സ്വീകരിച്ചുവരുന്ന നിലപാട്. സോളാര്‍ കേസിന്റെ കാര്യത്തിലും മറിച്ചുള്ള തീരുമാനം ഉണ്ടാകാനിടയില്ലെന്നാണു കരുതപ്പെടുന്നത്.
നിരവധി കുട്ടികളുടെ ജീവന് അപഹരിച്ച തട്ടേക്കാട് ദുരന്തത്തിന്റെ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ട് ഹൈക്കോടതി തള്ളിയതാണ് സമീപകാലത്തെ സംഭവം. പിന്നീട് റിട്ട.ജസ്റ്റിസ് പരീതുപിള്ളയാണ് അന്വേഷിച്ചത്. സംസ്ഥാനത്ത് ജുഡീഷ്യല്‍ അന്വേഷണം നടത്തിയ നിരവധി കേസുകളുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ പൊടിപിടിച്ചു കിടക്കുന്ന ചരിത്രവുമുണ്ട്. പലതിലും അന്വേഷണം നടത്തിക്കാന്‍ ആദ്യം കാണുന്ന ആവേശം പിന്നീടുണ്ടാകില്ല.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: