തിരുവനന്തപുരം: ഉപരോധ സമരത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും പിന്നീട് സര്‍ക്കാരുമായി ഒത്തു തീര്‍പ്പുണ്ടാക്കി സമരം പിന്‍വലിക്കുകയും ചെയ്ത സിപിഎം ജനങ്ങളോടും അണികളോടും മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ആവശ്യപ്പെട്ടു. കേരളത്തിന്റെ ജനകീയ സമരചരിത്രത്തിലെ നാണം കെട്ട ഏടാണ് സിപിഎമ്മിന്റെ ഉപരോധ സമരമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പു കേസില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കുകയും ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തുകയും ചെയ്യണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു.
സിപിഎമ്മും സര്‍ക്കാരും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഉപരോധസമരം പിന്‍വലിച്ചത്. ആ ധാരണ എന്താണെന്ന് വ്യക്തമാക്കാന്‍ സിപിഎം തയ്യാറാകണം. ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ മൃദുസമീപനം സ്വീകരിക്കാമെന്നും ലാവ്ലിന് കേസില്‍ പിണറായിവിജയനെ രക്ഷിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്താമെന്നും ധാരണയുള്ളതായി അറിയുന്നു. യുവമോര്‍ച്ചാ നേതാവായിരുന്ന ജയകൃഷ്ണന്‍മാസ്റ്റര്‍ കൊലക്കേസില്‍ സിബിഐ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഉത്തരവിറക്കിയിട്ടില്ല. അന്വേഷണം അട്ടിമറിക്കാനുള്ള തീരുമാനവും ധാരണയുടെ ഭാഗമാണെന്ന് മുരളീധരന് ആരോപിച്ചു. ധാരണയുടെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചതിനോട് ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണം.
ഉപരോധസമരം വിജയിച്ചുവെന്ന് സിപിഎമ്മും ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് മുമ്പേതന്നെ പറഞ്ഞിട്ടുള്ളതാണെന്ന് മുഖ്യമന്ത്രിയും പറയുന്നു. രണ്ടുകൂട്ടരം വിജയം അവകാശപ്പെടുമ്പോള്‍ തോറ്റത് ജനങ്ങളാണ്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണം വെറും തട്ടിപ്പാണ്. അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞു. അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ കിട്ടുമെന്ന ഉറപ്പുമില്ല. ഭൂസമരം നടത്തിയ ശേഷം മന്ത്രി കെ. എം. മാണിയുടെ ഓഫീസില്‍ പോയി ഒത്തുതീര്‍പ്പുണ്ടാക്കിയ സിപിഎം ഇപ്പോള്‍ ഉപരോധസമരം നടത്തിയ ശേഷം മുഖ്യമന്ത്രിയുമായി ഒത്തു തീര്‍പ്പുണ്ടാക്കിയിരിക്കുകയാണ്. സമരത്തിന്റെ അവസാനഘട്ടമായാണ് ഉപരോധസമരം നടത്തിയത്. അത് അവസാനിപ്പിച്ച ശേഷം മുഖ്യമന്ത്രിയുടെ രാജിക്കായി ആദ്യം മുതല്‍ കരിങ്കൊടി സമരം നടത്തുമെന്ന് പറയുന്നത് അപഹാസ്യമാണ്. ജനങ്ങളെയും സിപിഎം പ്രവര്‍ത്തകരെയും വഞ്ചിക്കുന്ന സമീപനമാണിത്. നാലുഗേറ്റുകളും ഉപരോധിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചവര്‍ പിന്നീട് ഒരു ഗേറ്റ് ഒഴിച്ചിട്ടു. ഇതെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചായിരുന്നു.
വിലക്കയറ്റത്തിലും പ്രകൃതി ദുരന്തത്തിലും ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴാണ് സര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന് ഇപ്പോള്‍ സമരനാടകവും ഒത്തു തീര്‍പ്പുമൊക്കെ നടപ്പാക്കിയിരിക്കുന്നത്. രണ്ടു ദിവസം തിരുവനന്തപുരം നഗരവാസികളെ ബന്ദികളാക്കുകയും ചെയ്തു. സമരത്തിന്റെ പേരില്‍ നടത്തിയ വലിയ വഞ്ചനയാണിത്.
സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ഈ മാസം 23ന് എല്ലാ ജില്ലകളിലും കളക്ട്രേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. 19,20 തീയതികളില്‍ തൃശ്ശൂരില്‍ ചേരുന്ന ബിജെപി ഭാരവാഹി യോഗത്തില്‍ തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആവിഷ്കരിക്കുമെന്നും മുരളീധരന് അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: