മൂവാറ്റുപുഴ: വെള്ളപ്പൊക്ക കെടുതിയില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ ഒന്നരകോടിയുടെ നാശനഷ്ടം സംഭവിച്ചതായി റവന്യു കൃഷി വകുപ്പ് വിലയിരുത്തല്‍. പത്ത് വില്ലേജുകള്‍ക്ക് കീഴില്‍ നാശനഷ്ടങ്ങള്‍ക്കുള്ള ധനസഹായം അരകോടിയോളം ആവശ്യപ്പെട്ടാണ് കണക്ക് നല്‍കിയിരിക്കുന്നത്. 9 വീടുകള്‍ പൂര്‍ണ്ണമായും 195 വീടുകള്‍ ഭാഗികമായും തകര്‍ന്നതിന് ഇരുപത്തിയാറ് ലക്ഷം രൂപ വേണ്ടിവരും.
ദുരിതാശ്വാസ ക്യമ്പുകളില്‍ താമസിച്ചിരുന്നവര്‍ക്ക് രണ്ടായിരം രൂപവീതം നല്‍കുന്നതിന് പതിമൂന്ന് ലക്ഷം രൂപ ആവശ്യമുണ്ട്. അഞ്ച് ലക്ഷം രൂപയോളം ഇതുവരെ ചിലവഴിച്ചു കഴിഞ്ഞു. കൂടാതെ ഭക്ഷണം, വെള്ളം മറ്റ് പ്രാഥമിക കാര്യങ്ങള്‍ എന്നിവ ഒരുക്കിയ വകയിലുള്ള തുകയും ലഭിക്കുവാനുണ്ട്. മാറാടി, തിരുമാറാടി, വെള്ളൂര്‍ക്കുന്നം, വാളകം വില്ലേജുകളിലും വെള്ളൂര്‍ക്കുന്നം പുന്നമറ്റം ഭാഗങ്ങള്‍ ഒഴികെയുള്ള ക്യാമ്പുകളില്‍ താമസിച്ചിരുന്നവര്‍ക്കാണ് രണ്ടായിരം രൂപ നല്‍കിയത്.
ബാക്കിയുള്ള വില്ലേജുകളിലെ ക്യാമ്പ് അന്തേവാസികള്‍ക്ക് നല്കുവാനാണ് പതിമൂന്ന് ലക്ഷം ആവശ്യമുള്ളത്. ദുരിതത്തിന് ഇരയായ മൂവായിരം കുടുംബങ്ങള്‍ക്ക് രണ്ട് ആഴ്ചത്തേക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍ക്കും എം ആര് സിക്കും റവന്യു അധികൃതര്‍ നിര്‍ദ്ദേശം നല്കി കഴിഞ്ഞു.
മൂവാറ്റുപുഴ ബ്ലോക്കില്‍പ്പെട്ട ഒമ്പതു കൃഷി ഭവനുകളില്‍ 79.95 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വിലയിരുത്തിയിട്ടുണ്ട്. ഏറ്റവു അധികം നാശനഷ്ടം ഉണ്ടായിരിക്കുന്ന ആവോലി പഞ്ചായത്തില്‍ മാത്രം 32.25ലക്ഷം രൂപ, മൂവാറ്റുപുഴ വില്ലേജില്‍ 20.91 ലക്ഷം രൂപ, ബാക്കിയുള്ള ഏഴ് കൃഷി ഭവനുകളിലായി 26.79 ലക്ഷം രൂപ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കുലവാഴയ്ക്ക് 70രൂപയും വാഴയ്ക്ക് 50രൂപയും തെങ്ങിന് 700 രൂപയും റബ്ബറിന് 500രൂപയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. വാഴ , പൈനാപ്പിള്‍, കപ്പ, പച്ചക്കറി, കമുക്, ജാതി, ചേന, ചേമ്പ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്. ധനസഹായം ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് കൃഷി വകുപ്പ് ജില്ലാ കളക്ടര്‍ക്കും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കും കൈമാറിയിട്ടുണ്ട്.
ക്ഷീര കര്‍ഷകര്‍, കോഴി, പന്നി ഫാമുകള്‍ നടത്തുന്നവര്‍ക്കും വ്യാപക നഷ്ടം ഉണ്ടായിട്ടുണ്ട്. ഇതിന്റെ കണക്കെടുക്കാന്‍ ജില്ലാ വെറ്റിനറി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വെള്ളപൊക്കത്തിലും കനത്ത മഴയിലും തകര്‍ന്ന റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മൂന്ന് സബ് ഡിവിഷനുകളിലേക്കായി 24.25 കോടി രൂപ വെള്ളപ്പൊക്ക പുനരുദ്ധാരണ ഫണ്ടില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മൂവാറ്റുപുഴ കോതമംഗലം, പെരുമ്പാവൂര്‍ സബ് ഡിവിഷനുകളിലെ പൊതുമരാമത്ത് റോഡുകള്‍ നന്നാക്കുന്നതിനും പുനര്‍ നിര്‍മ്മിക്കുന്നതിനുമാണ് സര്‍ക്കാരിനും ജില്ലാ കളകക്ടര്ക്കും നല്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വ്യാപാരികള്‍ക്ക് വന്ന വന്‍ നഷ്ടങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളൊന്നും കണക്കാക്കിയിട്ടില്ല. വെള്ളപ്പൊക്കം ബാധിച്ച തൊള്ളായിരം കടകളില്‍ നിന്നും ഒപ്പു ശേഖരണം നടത്തി മുഖ്യമന്ത്രി, റവന്യു മന്ത്രി, ജില്ലാകളക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്കുവാന് മര്‍ച്ചന്റ് അസോസിയേഷന് ഒരുങ്ങുകയാണ്. പ്രത്യേക ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെടുവാനും തീരുമാനിച്ചിട്ടുണ്ട്.
കെ എസ് ഇ ബിക്ക് 2.5 കോടിരൂപയുടെ നാശ നഷ്ടം മൂവാറ്റുപുഴ ഡിവിഷനില്‍ മാത്രം ഉണ്ടായതായാണ് കണക്ക്. ജല അതോറിട്ടിക്ക് മോട്ടോറുകള്‍ വെള്ളത്തിലായും പമ്പ് ഹൗസുകളില്‍ വെള്ളം കയറിയും ചെളി അടിഞ്ഞുമാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: