ചെസ്റ്റര്‍-ലെ-സ്ട്രീറ്റ്: വിജയം കൈയെത്തും ദൂരെയുണ്ടായിരുന്നിട്ടും ഓസ്ട്രേലിയ അത് മറന്നുപോയി. ആഷസ് പരമ്പരയില്‍ കംഗാരുക്കളുടെ ഉജ്ജ്വല വിജയത്തിന് കളമൊരുങ്ങി നില്‍ക്കുമ്പോഴായിരുന്നു സ്വന്തം നില മറന്ന് ഓസീസ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞത്. പരമ്പരയില്‍ ജീവശ്വാസത്തിനുവേണ്ടി ഉഴറുന്ന കാര്‍ക്കിനും കൂട്ടര്‍ക്കും മുന്നില്‍ ദുരന്തം സ്റ്റുവാര്‍ട്ട് ബ്രോഡിന്റെ രൂപത്തിലാണ് അവതരിച്ചത്. ആറ് വിക്കറ്റ് വീഴ്‌ത്തി കൊടുങ്കാറ്റായി മാറിയ ബ്രോഡിനു മുന്നില്‍ ഓസ്ട്രേലിയ 74 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് 3-0 എന്ന നിലയില്‍ സ്വന്തമാക്കി.
ഇംഗ്ലണ്ട് സ്വന്തമാക്കുന്ന തുടര്‍ച്ചയായ മൂന്നാം ആഷസ് പരമ്പരയാണിത്. ആതിഥേയര്‍ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ച ബ്രോഡാണ് കളിയിലെ കേമന്‍. ഒന്നാമിന്നിംഗ്സിലും അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ ബോഡ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സ്കോര്‍ ഇംഗ്ലണ്ട്: 238, 330, ഓസ്ട്രേലിയ 270, 224.
ചായക്കു പിരിയുമ്പോള്‍ ഓസ്ട്രേലിയ ഒന്നിന് 120 റണ്‍സ് എന്ന നിലയിലായിരുന്നു. 229 റണ്‍സ് മാത്രമായിരുന്നു വിജയലക്ഷ്യം. ഒന്നര ദിവസത്തെ കളിയും ബാക്കിയുണ്ടായിരുന്നു. ഇംഗ്ലണ്ടിന് ഭീഷണി സൃഷ്ടിച്ച തലത്തില്‍നിന്നും ബ്രോഡിന്റെ തീപ്പന്തുകളിലൂടെ കംഗാരുക്കള്‍ തോല്‍വിയിലേക്ക് തെന്നിയിറങ്ങുകയായിരുന്നു. റോജേഴ്സിന്റെ സെഞ്ച്വറിയും റയാന്‍ ഹാരിസിന്റെ പ്രകടനവും വാര്‍ണറിന്റെ അര്‍ധസെഞ്ച്വറിയും ഇവിടെ പാഴായി.
ഒരുഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്. 131 റണ്‍സ് കൂടി മാത്രമായിരുന്നു കംഗാരുക്കള്‍ക്ക് ഒരു പുതുജീവനായി വേണ്ടിയിരുന്നത്. എന്നാല്‍ കേവലം 56 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ കരുത്തരെന്ന് അവകാശപ്പെടുന്ന ഓസീസിന്റെ ശേഷിച്ച എട്ട് വിക്കറ്റുകളും നിലം പൊത്തി. മൂന്നു വിക്കറ്റുകള്‍ നിലംപതിച്ച ശേഷമായിരുന്നു ഓസ്ട്രേലിയന്‍ ദുരന്തമുണ്ടായത്. ഇരുട്ടുവീഴുന്നതിനുമുമ്പ് ബ്രോഡിന്റെ മൂളിപ്പറന്ന 45 പന്തുകള്‍ മത്സരഫലം നാലാം ദിവസം തന്നെ നിര്‍ണയിക്കുകയായിരുന്നു. അന്‍പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബ്രോഡ് കംഗാരുക്കളുടെ കൂട്ടക്കുരുതി നടത്തിയപ്പോള്‍ ഇംഗ്ലണ്ടുപോലും വിശ്വസിക്കാനാകാതെ നിന്നു.
മൈക്കിള്‍ ക്ലാര്‍ക്ക് (21), സ്റ്റീവന്‍ സ്മിത്ത് (2), ബ്രാഡ് ഹാഡിന്‍ (4), പീറ്റര്‍ സിഡില്‍(23), റയാന്‍ ഹാരിസ് (11), നഥാന്‍ ലിയോണ്‍ (8) എന്നിവരാണ് ബ്രോഡിന്റെ പന്തില്‍ ജീവനൊടുങ്ങിയവര്‍. വാട്സണ്‍ (2) ബ്രസ്നന്റെ പന്തിലും പുറത്തായി. സ്കോര്‍ 224 ല്‍ എത്തിയപ്പോള്‍ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന് ബ്രോഡ് തിരശീലയിട്ടു. മത്സരത്തില്‍ മുന്‍തൂക്കമുണ്ടായിരുന്ന ഓസീസിന്റെ മോഹം തല്ലിക്കെടുത്തിയാണ് ഇംഗ്ലീഷുകാര്‍ വിജയത്തിലേക്ക് മാര്‍ച്ച് ചെയ്തത്.
ഇയാന്‍ ബെല്ലിന്റെ പരമ്പരയിലെ മൂന്നാമത്തെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് പൊരുതാന്‍ ആത്മവിശ്വാസം നല്‍കിയത്. ആദ്യ ഇന്നിംഗിസില്‍ 32 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്സില്‍ 330 ല്‍ എത്തിയത് ബെല്ലിന്റെ കരുത്തിലായിരുന്നു. എങ്കിലും വിജയലക്ഷ്യം ഓസീസിന് എത്തിപ്പിടിക്കാവുന്നതായിരുന്നു. മത്സരത്തിന്റെ പകുതിയും അപകടമില്ലാതെ തരണം ചെയ്ത ശേഷമാണ് കളിക്കുന്നത് എന്തിനെന്ന കാര്യം കംഗാരുക്കള്‍ മറന്നുപോയത്. ഇവിടെ വീണുകിട്ടിയ അവസരം ഇംഗ്ലണ്ട് നന്നായി ഉപയോഗിച്ചു. തുടരെ ഉണ്ടായ വിക്കറ്റ് വീഴ്ചയില്‍ സന്ദര്‍ശകരെ സമ്മര്‍ദ്ദത്തിലാഴ്‌ത്താനും ഇംഗ്ലണ്ടിന് സാധിച്ചു.
ഓസ്ട്രേലിയന്‍ മധ്യനിരയുടെ തകര്‍ച്ച 55 മിനിട്ടുകള്‍ക്കുള്ളിലായിരുന്നു. തുടര്‍ന്ന് വാലറ്റത്തെ കൂടാരം കാട്ടിക്കൊടുക്കേണ്ട കാര്യം മാത്രമായിരുന്നു ബാക്കി. തുടര്‍ച്ചയായി 12 ടെസ്റ്റ് വിജയങ്ങളുമായി ഇംഗ്ലണ്ടുകുതിക്കുമ്പോള്‍ ഈ മാസം 21 ന് ഓവലില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റിലും മേധാവിത്വം പുലര്‍ത്തണമെന്ന പ്രതീക്ഷയാണ് കുക്കിനും സംഘത്തിനുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: