തലശ്ശേരി: നാറാത്ത് ആയുധ പരിശീലനത്തിനിടെ അറസ്റ്റിലായ 21 പോപ്പുലര്‍ ഫ്രണ്ടുകാരെ എന്‍ഐഎ സംഘത്തിന് കൈമാറി. പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് എന്‍ഐഎക്ക് വേണ്ടി ഹാജരായ ഡിവൈഎസ്പി വി.കെ. അബ്ദുള്‍ ഖാദര്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുത്തതിനാല്‍ പ്രതികളെ പ്രത്യേകകോടതിയില്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജി.
അറസ്റ്റിലായശേഷം കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയാണ് പ്രതികള്‍. ഇന്ന് വൈകുന്നേരം 5 മണിക്ക് മുമ്പ് പ്രതികളെ പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കണമെന്ന് ജില്ലാ ജഡ്ജി വി. ഷിര്‍സി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഏപ്രില്‍ 23നാണ് ആയുധ പരിശീലനത്തിനിടെ പോപ്പുലര്‍ഫ്രണ്ടുകാര്‍ പോലീസ് പിടിയിലായത്. സംഭവസ്ഥലത്ത് നിന്നും നിരവധി മാരകായുധങ്ങള്‍, മൊബെയില്‍ ഫോണുകള്‍, വ്യാജ സിം കാര്‍ഡുകള്‍, വിദേശബന്ധം തെളിയിക്കുന്ന രേഖകള്‍ തുടങ്ങിയവ ലഭിച്ചിരുന്നു. നിരവധി തീവ്രവാദകേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനി, തടിയന്റവിട നസീര്‍ എന്നിവരുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുള്ളതായും അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു.
കണ്ണൂര്‍ എസ്പി രാഹുല്‍ ആര്. നായരുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി പി.സുകുമാരനാണ് കേസന്വേഷണം നടത്തിയത്. പ്രാഥമികാന്വേഷണത്തില്‍ കേസിന്റെ രാജ്യാന്തരബന്ധം തെളിഞ്ഞതിനാല്‍ തുടരന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് അന്വേഷണസംഘം ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട തെളിവുകളും അനുബന്ധരേഖകളും എന്‍ഐഎ സംഘത്തിന് നേരത്തെ കൈമാറിയിരുന്നു.
സി.ഐ ബിജു ജോണ്‍ ലൂക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി എറണാകുളത്തേക്ക് കൊണ്ടുപോകുന്നത്. കനത്ത സുരക്ഷയിലാണ് പോപ്പുലര്‍ഫ്രണ്ടുകാരെ കോടതിയില്‍ ഹാജരാക്കിയത്. ആയുധ പരിശീലനത്തിനിടെ പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പോപ്പുലര്‍ഫ്രണ്ട് പ്രാദേശിക നേതാവ് കമറുദ്ദീനെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ ഗള്‍ഫിലേക്ക് കടന്നതായും സൂചനയുണ്ട്. അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതോടെ ആയുധപരിശീലനത്തിന്റെ രാജ്യാന്തര ഭീകരബന്ധം തെളിയുമെന്നാണ് പ്രതീക്ഷ.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: