കോഴിക്കോട്: ഇടതുമുന്നണിയുടെ സമരത്തിന്റെ ശക്തിയോ ജനങ്ങളോടുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വമോ ഏതാണ് സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണത്തില്‍ എത്തിച്ചതെന്ന് അവ്യക്തം. ഒരു തരത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണവും നടത്തില്ല എന്ന ധാര്ഷ്ട്യമായിരുന്നല്ലോ ഉമ്മന്‍ചാണ്ടിക്ക് നിയമസഭയില്‍ ഉണ്ടായിരുന്നത്. മാത്രമല്ല, ഏഴുകോടി രൂപയുടെ നിസ്സാര തട്ടിപ്പ് എന്നും അദ്ദേഹം പറഞ്ഞുവച്ചു.
സ്ഥിതിഗതികള്‍ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയില്‍ എത്തുമെന്ന് അദ്ദേഹം കരുതിയിരിക്കില്ല. കാരണം സരിതാ നായരുടെ വിളയാട്ടം കോണ്‍ഗ്രസ്-ഭരണകൂട അകത്തളങ്ങളില്‍ മാത്രമല്ല ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. സോളാര്‍ തട്ടിപ്പ് വെറുമൊരു രാഷ്ട്രീയ ആരോപണം എന്നതിലുപരി സംസ്ഥാനത്തെ ജനങ്ങളുടെ മൊത്തം കുറ്റപത്രമാകുകയായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ തന്നെയുള്ളവര്‍ പ്രതിപക്ഷത്തിന് വടികൊടുക്കാന് തയ്യാറായതോടെ നിലപാടുകളുടെ അടിത്തറ ഇളകുന്നത് ഉമ്മന്‍ചാണ്ടി വ്യക്തമായി മനസ്സിലാക്കി. എന്നാലും എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാം എന്നു കരുതി.
ഇടതുമുന്നണി, പ്രത്യേകിച്ച് സിപിഎം പന്ത്രണ്ടുദിനം നീണ്ട ജില്ലാ രാപ്പകല്‍ സമരം നടത്തിയെങ്കിലും അതിന് വേണ്ടത്ര ശക്തി കിട്ടിയില്ല എന്നത് വസ്തുതയാണ്. അതിനെ തുടര്‍ന്നാണ് സെക്രട്ടറിയേറ്റ് വളയലിലേക്ക് അവര്‍ ഇറങ്ങിപ്പുറപ്പെട്ടത്. ഇതിനെതിരെ ലക്ഷങ്ങള്‍ ചെലവഴിച്ചും ജനങ്ങളെ ഭീതിയുടെ മുള്‍മുനിയില്‍ നിര്‍ത്തിയും സര്‍ക്കാര്‍ മുന്നോട്ട് പോയപ്പോള്‍ ജീവന്മരണ സമരമെന്ന നിലയ്ക്കാണ് സിപിഎം സമരത്തെ ഉപയോഗപ്പെടുത്തിയത്.
എല്ലാ രംഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പും സമ്മര്‍ദ്ദവും വന്നതോടെ സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ ആദ്യദിനം തന്നെ ഉമ്മന്‍ചാണ്ടിക്ക് അടിതെറ്റി. കന്റോണ്‍മെന്റ് കവാടമെങ്കിലും തുറന്നുവയ്ക്കാന്‍ സഹായിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം രഹസ്യമായി സിപിഎം അംഗീകരിച്ചതോടെ എങ്ങനെയും പ്രശ്നത്തില്‍ നിന്ന് തലയൂരാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. സെക്രട്ടറിയേറ്റിലെ ഉപരോധം മൊത്തം കേരളത്തെയും ബാധിക്കുന്ന സ്ഥിതിയിലേക്കാണ് എത്തിയത്. സാധാരണ ജനങ്ങളുടെ രോഷം പാരമ്യത്തിലെത്തിയാല്‍ നില്ക്കക്കള്ളിയില്ലാതാകുന്നത് തനിക്ക് മാത്രമല്ല എന്ന തിരിച്ചറിവും അദ്ദേഹത്തിനുണ്ടായി. സോളാര്‍, കോണ്‍ഗ്രസിന്റെ പ്രശ്നത്തെക്കാളുപരി ഉമ്മന്‍ചാണ്ടിയെ മാത്രം നേരിട്ട് ബാധിക്കുന്നതാണെന്ന വിലയിരുത്തലാണ് ഹൈക്കമാന്റിനുണ്ടായിരുന്നത്. ഇതൊക്കെ ഉമ്മന്‍ചാണ്ടിക്ക് പുനശ്ചിന്തനത്തിന് വഴിവച്ചു എന്നു വേണം കരുതാന്‍.
വൈകിയുദിച്ച ബുദ്ധിക്ക് കേരളം കൊടുക്കേണ്ടിവന്ന വില വളരെ വലുതാണ്. കള്ളപ്പണക്കാരുടെയും മറ്റും കോടിക്കണക്കിന് രൂപ സോളാര്‍ ഇടപാടില്‍ കൈമറിഞ്ഞതിനെക്കുറിച്ച് ആര്‍ക്കും വലിയ ഉത്കണ്ഠയില്ല. അതുകൊണ്ടുതന്നെയാണല്ലോ ഏഴുകോടിയുടെ നിസ്സാര ഇടപാടായി മുഖ്യമന്ത്രി തന്നെ വിലയിരുത്തിയത്. വാദത്തിനുവേണ്ടി ഈ ഏഴുകോടി അംഗീകരിച്ചു കൊടുത്താലും സംസ്ഥാനഖജനാവിനും പൊതുജനങ്ങള്‍ക്കും നഷ്ടമായ കോടികള്‍ എത്രയാണെന്നതിനെക്കുറിച്ച് ഊഹിക്കാന്‍ പോലും പറ്റില്ല. പട്ടാളത്തെ വരെ വിളിച്ചുകൊണ്ടുവന്ന് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതില്‍ വരെ അതെത്തി നില്ക്കുന്നു.
ഇടതുമുന്നണിയുടെ രാഷ്ട്രീയ വിജയത്തിന്റെ ഒന്നാം ഘട്ടം എന്ന നിലയ്ക്കാവും അവരിതിനെ കാണുന്നത്. ജനകീയ സര്‍ക്കാരിനെ മസില് പവര്‍ ഉപയോഗിച്ച് ശ്വാസംമുട്ടിക്കാന്‍ തങ്ങള്‍ക്കു കഴിയും എന്നവര്‍ കാണിച്ചുകൊടുക്കുകയാണ്. ഇന്ന് സോളാര്‍ ആണെങ്കില്‍ നാളെ മറ്റൊരു ഇടപാടാവാം ഉണ്ടാവുക. അതിനെയൊക്കെ കൈക്കരുത്തിന്റെ മാര്‍ഗത്തിലൂടെ ഒഴിവാക്കാനുള്ള ശ്രമത്തിന് അംഗീകാരം കിട്ടിയാല്‍ ഭാവിയില്‍ എന്തെന്തൊക്കെ സംഭവിക്കും എന്ന് പ്രവചിക്കാനാകില്ല.
തങ്ങള്‍ പിടിച്ച മുയലിന് രണ്ട് കൊമ്പ് എന്ന ശാഠ്യം രാഷ്ട്രീയത്തില്‍ പകര്‍ത്തി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന് സമരം വര്‍ധിത വീര്യം നല്കുമ്പോള് സാധാരണക്കാര്‍ക്ക് ഭീതിയുടെ മറ്റൊരു മുഖമാണ് കാണാനാകുന്നത്. ജനാധിപത്യവ്യവസ്ഥിതിയില്‍ നിന്ന് പേശീബലവ്യവസ്ഥിതിയിലേക്കുള്ള കൂടുമാറ്റം. അത് ആശാസ്യമാണോ? അതിന് വഴിമരുന്നിട്ടുകൊടുത്തവര് നാളെ സ്വകാര്യമായെങ്കിലും നെഞ്ചുപൊട്ടി കരയാതിരിക്കില്ല; പ്രത്യേകിച്ച് പട്ടാളം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കേരളത്തെ ബന്ദിയാക്കി ദുരിതം വിതച്ചതില്‍.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: