കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ ശാലുമേനോന്റെയും ജോപ്പന്റെയും വ്യത്യസ്ത ജാമ്യഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി കേസ് ഡയറി ഹാജരാക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചു. ജസ്റ്റിസ് സതീഷ് ചന്ദ്രനാണ് കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. നേരത്തെ ശാലുമേനോന് സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു.
അതേസമയം കേസിലെ മറ്റൊരു പ്രതി ടെന്നി ജോപ്പന്റെ ജാമ്യഹര്‍ജിയില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. താന്‍ അറസ്റ്റിലായിട്ട് 47 ദിവസമായെന്നും ജോപ്പന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കര്‍ശന ഉപാധികളോടെ ജോപ്പന് ജാമ്യമനുവദിക്കാമെന്നാണ് എ ജി ദണ്ഡപാണി കോടതിയില്‍ പറഞ്ഞത്. ജോപ്പന് പ്രതിയായ കേസിന്റെയും കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
പുത്തൂര്‍ പരിധി വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് എന്നീ കര്‍ശന ഉപാധികളോടെ ജോപ്പന് ജാമ്യമനുവദിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് എ ജി അറിയിച്ചു. ഇതോടെ ജോപ്പന് പ്രതിയായ കേസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്കി. എന്തിനാണ് വിവിധ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുന്നതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്താന്‍ ഡിജിപിക്ക് അധികാരമുണ്ടോ എന്നും കോടതി ചോദിച്ചു. ഈ സാഹചര്യങ്ങളെല്ലാം വെള്ളിയാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കുമ്പോള്‍ വിശദീകരിക്കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി.
15 ദിവസത്തിന് മുകളില്‍ ജോപ്പനെ റിമാന്‍ഡ് ചെയ്ത പത്തനംതിട്ട മജിസ്ട്രേറ്റിന്റെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. പ്രതിയെ അടിക്കടി കോടതിയില്‍ ഹാജരാക്കുന്നതിനും സുരക്ഷയ്ക്കായി വന്‍ പോലീസ് സംഘത്തെ നിയോഗിക്കുന്നതിനും ബുദ്ധിമുട്ടുള്ളതിനാലാണ് 30 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. പോലീസിന് ജോലി ഭാരം കൂടുന്നത് പ്രതികളുടെ നിയമപരമായ അവകാശത്തെ ബാധിക്കരുതെന്ന് ചൂണ്ടിക്കാട്ടി കീഴ്ക്കോടതി നടപടിയെയും ഹൈക്കോടതി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: