കൊച്ചി: കഴിഞ്ഞ അരനൂറ്റാണ്ടുകാലം എ.രാമചന്ദ്രന് സഞ്ചരിച്ച കലാമാര്ഗത്തിന്റെ സൗന്ദര്യം വിശദമാക്കുന്നതാണ് അദ്ദേഹത്തിന്റെ കലാപ്രദര്‍ശനമെന്ന് പ്രമുഖര്‍ . രാജ്യത്തെ ഏറ്റവും മികച്ച കലാകാരന്മാരില് ഒരാളുടെ വളര്‍ച്ചയെ പിന്തുടരാന് ലഭിക്കുന്ന അസുലഭാവസരമായി ഈ മിനി റെട്രോസ്പെക്ടീവിനെ പ്രമുഖ ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന് വിശേഷിപ്പിക്കുമ്പോള്‍ കേരളത്തിന്റെ ചരിത്രപരമായ പ്രാമുഖ്യത്തെ വെളിച്ചത്തുകൊണ്ടുവരാന്‍ പ്രദര്‍ശനം ഉപകരിക്കുന്നതായി ചിത്രകാരന് ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടുന്നു.
ന്യൂദല്‍ഹിയിലെ വദേര ആര്‍ട്ട് ഗ്യാലറി കൊച്ചി ദര്‍ബാര്‍ഹാള്‍ ഗ്യാലറിയില്‍ ഒരുക്കിയിട്ടുള്ള രണ്ടാഴ്ചത്തെ പ്രദര്‍ശനം ആഗസ്റ്റ് 25നാണ് സമാപിക്കുക. രാവിലെ 11 മുതല്‍ രാത്രി ഏഴു വരെയാണ് പ്രദര്‍ശനം. കേരളത്തിന്റെ ചുമര്‍ചിത്രകലയെ ആധുനിക ചിന്തകളുമായി കൂട്ടിച്ചേര്‍ക്കുന്നവയാണ് പ്രദര്‍ശനത്തിലുള്ള ചിത്രങ്ങളില്‍ പലതുമെന്ന് രാമചന്ദ്രനുമായി നാലുപതിറ്റാണ്ടിന്റെ ഉറ്റസൗഹൃദമുള്ള അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. സ്വന്തം ജന്മദേശമായ ആറ്റിങ്ങലില്‍ തുടങ്ങി ഗുഹാചിത്രങ്ങളുടെ നാടായ അജന്തയില്‍ നിന്നു വരെ അദ്ദേഹം സ്വാംശീകരിച്ച കലാപൈതൃകത്തിന്റെ അടരുകള്‍ ഈ ചിത്രങ്ങളില്‍ നിന്നു വേര്‍തിരിച്ചെടുക്കാനാകുമെന്ന് അടൂര്‍ പറഞ്ഞു.
ദീര്‍ഘകാലമായി കലാരംഗത്തുള്ള ഒരാളുടെ നാഴികക്കല്ലുകളായ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു തെരഞ്ഞെടുത്ത ക്യൂറേറ്ററുടെ സൂക്ഷ്മത മാതൃകാപരമാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റും ചിത്രകാരനുമായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. വിശാലമായ പ്രദര്‍ശന ഇടം ആവശ്യമുള്ള ഇത്തരമൊരു ഗൗരവമേറിയ പ്രദര്‍ശനത്തിന് അവസാനം കേരളം ആതിഥ്യമരുളുന്നുവെന്നത് വലിയ കാര്യമാണ്. രാജ്യാന്തരപ്രശസ്തരായ കലാകാരന്മാര് സ്വദേശത്തുനിന്ന് ഇതിലുമേറെ അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് മുന്‍ സാംസ്കാരിക മന്ത്രി എം.എ.ബേബി പറഞ്ഞു. രാമചന്ദ്രന് ആദ്യകാലത്ത് ശാസ്ത്രീയസംഗീതത്തോടുണ്ടായിരുന്ന ആഭിമുഖ്യം അദ്ദേഹത്തിന്റെ പെയിന്റിംഗുകളില്‍ കാണാനാകുന്നുണ്ടെന്ന് കേരള ലളിതകലാ അക്കാദമി ചെയര്മാന് കെ.എ.ഫ്രാന്‍സിസ് പറഞ്ഞു. ചുമര്ചിത്രകലയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ആ ചിത്രങ്ങളില്‍ നിന്ന് സംഗീതത്തിന്റെ പൂര്‍ണത നമുക്ക് വായിച്ചെടുക്കാനാകുമെന്നും ഫ്രാന്‍സിസ് പറഞ്ഞു.
സമകാലികതയുമായി ചേര്‍ത്തുവച്ച മിനിയേച്ചറുകളിലൂടെ അവയെ പുനര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ രാചന്ദ്രന് വിജയിച്ചിട്ടുണ്ടെന്ന് അക്കാദമി മുന്‍ സെക്രട്ടറി അജയകുമാര്‍ പറഞ്ഞു. ശ്രേഷ്ഠനായ ഒരു ഇന്ത്യന്‍ ചിത്രകാരന്റെ രൂപാന്തരങ്ങളെ പിന്തുടരാന് കിട്ടുന്ന അസുലഭാവസരമാണ് ഈ പ്രദര്‍ശനമെന്ന് കൊച്ചി-മുസ്സിരിസ് ബിനാലെ കോ ക്യൂറേറ്റര്‍ ആയിരുന്ന റിയാസ് കോമു ചൂണ്ടിക്കാട്ടി. ഒരു കലാകാരന്റെ തൊഴിലില്‍ റിവൈവലിസം എങ്ങിനെയാണ് പ്രവര്‍ത്തിച്ചതെന്നു മനസ്സിലാക്കാനുള്ള ഈ അവസരം ആസ്വാദകരെ ആകര്‍ഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം ഏറെക്കാലമായി കാത്തിരുന്ന ഒന്നാണ് രാമചന്ദ്രന്റെ ഈ പ്രദര്‍ശനമെന്ന് ആര്‍ട്ടിസ്റ്റ് ടി. കലാധരന്‍ പറഞ്ഞു. മദ്രാസ്, ബറോഡ സ്കൂളുകളില്‍ നിന്നുള്ള പ്രമുഖരുടെ സൃഷ്ടികള്‍ ആസ്വദിക്കാന്‍ മാത്രമേ നമുക്കിതുവരെ കഴിഞ്ഞിരുന്നുള്ളുവെന്നും ശാന്തിനികേതനില്‍ നിന്നു തുടക്കമിട്ട ഒരാളുടെ പ്രദര്‍ശനത്തിന് ആതിഥ്യം വഹിക്കാനായത് വലിയ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാമചന്ദ്രന്റെ ചിത്രങ്ങളിലെ ഭാരതീയഘടകങ്ങള് പ്രത്യേകം ശ്രദ്ധേയമാണെന്ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഫൈന്‍ ആര്‍ട്സ് വിഭാഗം മുന്‍ മേധാവി ആര്‍ട്ടിസ്റ്റ് പൂജപ്പുര സുകു പറഞ്ഞു. സാഹിത്യനിരൂപകന്‍ പ്രൊഫ. എം.കെ. സാനു, പുതുതലമുറയിലെ രാജന് കൃഷ്ണന് തുടങ്ങിയവരും രാമചന്ദ്രന്റെ അടുത്ത സുഹൃത്തായിരുന്ന ചലച്ചിത്രകാരന് ജി.അരവിന്ദന്റെ കുടുംബവും ഉദ്ഘാടനദിവസം തന്നെ പ്രദര്‍ശനം കണ്ടവരില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: