ടെന്നസി: അമേരിക്കയില്‍ ഏഴ് മാസം പ്രായമുള്ള കുട്ടിയുടെ മിശിഹ എന്ന പേര് മാറ്റാന്‍ കോടതി ഉത്തരവ്. മിശിഹ എന്ന പേര് മാറ്റി പകരം മാര്‍ട്ടിന്‍ എന്ന പേരിടാനും ടെന്നസി കോടതി ജഡ്ജി ഉത്തരവിട്ടു. മിശിഹ എന്നത് മതപരമായ ഒരു പദവിയാണെന്നും ആ പേരില്‍ അറിയപ്പെടുന്നത് ജീസസ് ക്രൈസ്റ്റ് മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ശിശുക്കളുടെ ക്ഷേമത്തിനായുള്ള ജഡ്ജി ലു അന്‍ ബലോവാണ് പേര് മാറ്റി ഉത്തരവിട്ടത്. 2012 ലെ ഏറ്റവും പ്രിയങ്കരങ്ങളായ പേരുകളില്‍ ഒന്നാണ് മിശിഹ എന്ന് ശിശുക്കളുടെ ജനപ്രിയമായ പേരുകളെക്കുറിച്ച് പഠിക്കുന്ന സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മിശിഹ ഡെഷോണ്‍ മക്കല്ലോ എന്ന പേര് മാര്‍ട്ടിന്‍ ഡെഷോണ്‍ മക്കല്ലോ എന്ന് മാറ്റണമെന്നായിരുന്നു കോടതി ഉത്തവ്. ഇതാദ്യമായാണ് ഒരു കുട്ടിയുടെ പേരിന്റെ തുടക്കത്തില്‍ മാറ്റം വരുത്തുന്നത്. കുട്ടിയുടെ സര്‍പേരില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ചാണ് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ തുടക്കത്തിലുള്ള മിശിഹ എന്ന പേര് ഭാവിയില്‍ പ്രശ്നമാകുമെന്ന് ചൂണ്ടിക്കാട്ടി വനിതാ ജഡ്ജി ലു അന്‍ ബലോ ആ പേര് മാറ്റുകയായിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള കൊക്കേ കൗണ്ടി പോലുള്ള പ്രദേശത്ത് മിശിഹ എന്ന പേര് പിന്നീട് പ്രശ്നങ്ങളുണ്ടാക്കുമെന്നും ജഡ്ജി നിരീക്ഷിച്ചു. മറ്റുള്ളവരില്‍ നിന്ന് ഈ പേര് കുട്ടിയെ ഒറ്റപ്പെടുത്തുമെന്നും അവന്റെ നന്‍മക്കായാണ് പേര് മാറ്റുന്നതെന്നും മജിസ്ട്രേറ്റ് ചൂണ്ടിക്കാണിച്ചു. മിശിഹ എന്നത് ഒരു പേരല്ലെന്നും പദവിയാണെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കുട്ടിയുടെ അമ്മ ജലീസ മാര്‍ട്ടിന്‍ പറഞ്ഞു. തന്റെ കുട്ടിക്ക് പേരിടാനുള്ള കഴിവ് തനിക്കുണ്ടെന്നും മറ്റുള്ളവരല്ല അത് ചെയ്യേണ്ടതെന്നും ജലീസ കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ സഹോദരങ്ങളുടെ പേര് മിഷ എന്നും മാഷന്‍ എന്നുമാണെന്നും അതിന് യോജിച്ച പേരാണ് മിശിഹ എന്നും അവര്‍ പറഞ്ഞു. മതപരമായ വിശ്വാസം മൂലമാണ് ജഡ്ജി പേര് മാറ്റിയതെന്നും അവര്‍ പറഞ്ഞു. അടുത്തമാസം 17ന് ജലീസയുടെ അപ്പീല്‍ ഹര്‍ജി കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: