ആലുവ: ജാതിയുടെ പേരില്‍ മനുഷ്യനെ പൊതുസമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്ന കാലഘട്ടത്തിലാണ് മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതിയെന്ന വിശ്വപ്രസിദ്ധമായ സന്ദേശം ശ്രീനാരായണഗുരുദേവന്‍ ലോകത്തിന് നല്‍കിയതെന്ന് പ്രതിരോധവകുപ്പ് മന്ത്രി എ.കെ. ആന്റണി പറഞ്ഞു. ആലുവ അദ്വൈതാശ്രമം ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഭവബഹുലമായ അനേകം ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് ആലുവ അദ്വൈതാശ്രമം സാക്ഷ്യംവഹിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറും രാഷ്ട്രശില്പ്പികളായ അനേകം ദേശീയ നേതാക്കളും ഗുരുദേവനെ ദര്‍ശിക്കാനെത്തിയത് ആലുവയിലെ ആശ്രമത്തിലായിരുന്നുവെന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. ആലുവയിലെ ആശ്രമത്തില്‍ ജീവിച്ചുകൊണ്ട് ഗുരുദേവന് നല്കിയ ഒട്ടേറെ സന്ദേശവും ലോകത്തിന് പ്രചോദനമായിട്ടുണ്ട്.
മതത്തിന്റെ പേരിലാണ് ഇന്ന് ലോകത്ത് സംഘര്‍ഷം നടക്കുന്നത്. ഗുരുദേവന്റെ കാലഘട്ടത്തില്‍നിന്നും പരിഷ്കാരങ്ങള്‍ മാറിയിട്ടുണ്ടെങ്കിലും മനുഷ്യന്റെ മനസ് മാറിയിട്ടില്ല. ഗുരുദേവന്റെ വിശിഷ്ടമായ സന്ദേശം നല്‍കുന്നത് മനുഷ്യത്വമാണ്. എല്ലാ മതങ്ങളും അവരുടെ ആശയങ്ങള്‍ പാലിച്ചുകൊണ്ട് നല്ല മനുഷ്യനാകുകയെന്ന സന്ദേശമാണ് ഗുരുദേവന് ലോകത്തിന് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് ഗുരുദേവസന്ദേശത്തിലൂടെ ഗുരുദേവന് ലോകത്തിന് നല്‍കിയതെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. മനുഷ്യന്റെ മനസ്സിലെ മാലിന്യങ്ങള്‍ നീക്കിയാല്‍ മാത്രമേ ജീവിതത്തില്‍ പരിശുദ്ധി ലഭിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. അധ്യാത്മിക സംസ്കാരത്തെ വളര്‍ത്തിയെടുക്കണമെങ്കില്‍ സങ്കുചിത ചിന്തകള്‍ക്കപ്പുറത്തേക്ക് നമ്മെ നയിച്ച ശ്രീനാരായണ ഗുരുദേവ ചിന്തകളെ ലോകം സ്വീകരിച്ചേ മതിയാകൂവെന്ന് ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന് അഭിപ്രായപ്പെട്ടു.
പൗര സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും കീഴ്ജാതിക്കാരായ മനുഷ്യര്‍ക്ക് നിഷേധിച്ച കാലത്ത് മനുഷ്യ പുരോഗതിയും സര്‍വോപരി ഹിന്ദുമത നവോത്ഥാനവുമായിരുന്നു ഗുരുദേവന് ലക്ഷ്യമാക്കിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിച്ചു.
എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, അന്‍വര്‍സാദത്ത് എംഎല്‍എ, നഗരസഭാ ചെയര്മാന് എം.ടി. ജേക്കബ്, അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. സ്വാമി ഋതംഭരാനന്ദ, സ്വാമി ധര്‍മചൈതന്യ, സ്വാമി ഗുരുപ്രസാദ്, സ്വാമി ശാരദാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും കണ്‍വീനര്‍ എം.വി. മനോഹരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: