കൊച്ചി: സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ചെറായി സഹോദരന് അയ്യപ്പന് സ്മാരകം ഏര്‍പ്പെടുത്തിയ സഹോദരന് സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത കവിയും തപസ്യ സംസ്ഥാന പ്രസിഡന്റുമായ എസ്.രമേശന് നായര്‍ അര്‍ഹനായി.
10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന സാഹിത്യ പുരസ്കാരം ഗുരു പൗര്‍ണമി എന്ന കവിതാ സമാഹാരത്തിനാണ് . എം. വി ദേവന്, പി.സുജാതന്‍,ഇ.പി ശ്രീകുമാര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്കാരത്തിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്. യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ അവതാര മഹിമയുറ്റ ജീവിതം ലളിത സുന്ദരമായ കവിതയാക്കി മാറ്റിയ ഗുരു പൗര്‍ണ്ണമി ഗുരുവിനെ പറ്റി മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുള്ള നിരവധി ഗ്രന്ഥങ്ങളില്‍ ഒന്നായി മാത്രം ഈ കൃതിയെ കാണാനാവില്ലെന്നും മലയാള ഭാഷയിലെ എണ്ണപ്പെട്ട ഒരു കവിപ്രതിഭ ഗുരുദേവന്റെ ജീവിത പഥങ്ങളിലൂടെ നടത്തിയ ദീര്‍ഘമായ ആത്മീയ സഞ്ചാരമെന്ന നിലയില്‍ ഹൃദ്യമായ വായനാനുഭവമാണ് നല്‍കുന്നതെന്ന് ജൂറി വിലയിരുത്തി.
സഹോദരന് അയ്യപ്പന്റെ 124-ാം ജന്മ വാര്‍ഷിക ദിനമായ ആഗസ്റ്റ് 22ന് രാവിലെ 10.30ന് ചെറായി സഹോദരന് സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി പുരസ്കാരം സമ്മാനിക്കും.
എസ്.ശര്‍മ്മ എം എല്‍ എ,എം .പി വീരേന്ദ്രകുമാര്‍ ,ലളിത സുഭാഷ് എന്നിവര്‍ പങ്കെടുക്കുമെന്ന് വൈസ് ചെയര്മാന് ടി.കെ ഉദയഭാനു,സെക്രട്ടറി കൊളവേലി മുരളീധരന്,കമ്മിറ്റി അംഗങ്ങളായ എം എസ്. ഷാജി, മാര്ട്ടിന് തോപ്പില്‍,ദാസ് കോമത്ത് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: