ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷിക്കാന്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ അനധികൃത നിര്‍മാണങ്ങളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യമുയരുന്നു. ആലപ്പുഴ ജില്ലയില്‍ മാത്രം നൂറുകണക്കിന് റിസോര്‍ട്ടുകളാണ് വേമ്പനാട് കായല്‍ കയ്യേറി നിര്‍മിച്ചിട്ടുള്ളത്. ജനപ്രതിനിധികള്‍, സിനിമാതാരങ്ങള്‍, വിദേശികള്‍, വന്‍കിട ടൂറിസം മാഫിയകള്‍ എന്നിവര്‍ക്കൊക്കെ യഥേഷ്ടം വേമ്പനാട് കായല്‍ കയ്യേറി പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഒത്താശ നല്‍കുന്നത് തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാനവും മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ കക്ഷികളാണ്.
ഇത്തരത്തില്‍ വേമ്പനാട് കായലിലെ വെറ്റില തുരുത്തില് ഗ്രീന്‍ ലഗൂണ്‍ റിസോര്ട്ടുകാര് അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി ഉത്തരവ് കയ്യേറ്റക്കാര്‍ക്കും ഒത്താശ ചെയ്തവര്‍ക്കുമുള്ള ശക്തമായ താക്കീതായി മാറി.
ഗ്രീന്‍ ലഗൂണ്‍ റിസോര്‍ട്ടിന്റെ കായല്‍ കയ്യേറിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമായതിനാല്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ റിസോര്ട്ടുകാര് നല്കിയ പ്രത്യേകാനുമതി ഹര്‍ജി തള്ളിയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. വെറ്റില തുരുത്ത് തീരദേശ നിയന്ത്രണ മേഖല-ഒന്നില്‍ വരുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വേമ്പനാട് കായലിലെ പൊതുവിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ കോടതി തീരദേശ സംരക്ഷണ മേഖലാ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ആറാഴ്ചയ്ക്കകം വിശദീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
ജര്‍മന്‍ സ്വദേശിയായ ക്ലൗഡ് എന്നയാളാണ് കാക്കത്തുരുത്തിലെ ഏഴ് ഏക്കറോളം ഭൂമി വാങ്ങി റിസോര്‍ട്ട് നിര്‍മിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് മുഴുവന്‍ നിയമങ്ങളും കാറ്റില്‍പ്പറത്തി അനധികൃത നിര്‍മാണങ്ങള്‍ ആരംഭിച്ചത്. ഇപ്പോള്‍ ദല്‍ഹി ആസ്ഥാനമായുള്ള കമ്പനിയാണ് റിസോര്‍ട്ടിന്റെ ഉടമസ്ഥര്‍. ആലപ്പുഴ, പുന്നമട, മണ്ണഞ്ചേരി, മുഹമ്മ, തണ്ണീര്‍മുക്കം, എഴുപുന്ന, പാണാവള്ളി, കോടംതുരുത്ത് തുടങ്ങിയ പഞ്ചായത്തുകളായി വേമ്പനാട് കായല്‍ കയ്യേറിയും തീരദേശ പരിപാലന നിയമം ലംഘിച്ചും നൂറിലേറെ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കായല്‍ മലിനീകരണവും വന്‍ പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ഇവ സൃഷ്ടിക്കുന്നത്.
ഇതിനിടെയാണ് പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെ വേമ്പനാട് കായലില്‍ സീപ്ലെയിന്‍ പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്ഘാടന പറക്കല്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കിലും പദ്ധതിക്ക് വേണ്ടി കായലില്‍ നിര്‍മിച്ച വാട്ടര്‍ ഡ്രോം പൊളിച്ചു നീക്കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. ഏതുവിധേനയും ജലവിമാന സര്‍വീസ് ആരംഭിക്കുമെന്ന പിടിവാശിയിലാണ് സംസ്ഥാന സര്‍ക്കാര്‍. വേമ്പനാട് കായല്‍ സംരക്ഷിക്കുന്നതിനായി സുപ്രീംകോടതി കര്‍ശന നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ സീപ്ലെയിന്‍ പദ്ധതിക്കായി കായല്‍ സ്വകാര്യ കമ്പനിക്ക് തീറെഴുതാനുള്ള നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: