ആലുവ: ശ്രീനാരായണഗുരു സ്ഥാപിച്ച ആലുവ അദ്വൈതാശ്രമം ശതാബ്ദിയാഘോഷത്തിന് ഇന്ന് തിരിതെളിയും. വൈകിട്ട് 3ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യും. 1913ല്‍ പെരിയാര്‍ തീരത്ത് ഏഴ് ഏക്കറിലാണ് ഗുരുദേവന് ആശ്രമം സ്ഥാപിച്ചത്.
1924ല്‍ ഏഷ്യയില്‍ ആദ്യമായി ലോക സര്‍വ്വമത സമ്മേളനം വിളിച്ചുചേര്‍ത്തത് ശ്രീനാരായണഗുരു അദ്വൈതാശ്രമത്തിലാണ്.
ജീവിതാന്ത്യംവരെ പലപ്പോഴും ഇവിടെ വന്നാണ് ഗുരുദേവന് തങ്ങിയിരുന്നത്. ഇവിടെ ഇപ്പോള്‍ പാവപ്പെട്ട ഏതാനും കുട്ടികളെ സൗജന്യമായി താമസിപ്പിച്ച് പഠനസൗകര്യം നല്‍കുന്നുണ്ട്. അന്തേവാസികള്‍ പശുവിനെ വളര്‍ത്തിയും കൃഷി നടത്തിയും വരുമാനമുണ്ടാക്കുന്നു. ഗുരുമന്ദിരത്തില്‍ നിത്യേന ഗുരുപൂജയും അന്നദാനവും നടക്കുന്നു. മഹാത്മാഗാന്ധി രണ്ടുതവണ അദ്വൈതാശ്രമത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ശതാബ്ദി സ്മാരകമായി നാനൂറ് പേര്‍ക്ക് ഇരുന്ന് പ്രാര്‍ത്ഥന നടത്താവുന്ന പുതിയ ഗുരുമന്ദിരം, വൃദ്ധസദനം, അനാഥാലയം, ഷോപ്പിംഗ് കോംപ്ലക്സ്, അതിഥിമന്ദിരം എന്നിവ നിര്‍മ്മിക്കാനും 100 ദാര്ശിനികസമ്മേളനം, ഭാരതത്തിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംഗമം, ആത്മോപദേശകം സമ്മേളനം, വേദാന്തവിചാരവേദി, സന്യാസി സംഗമം തുടങ്ങിയവ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തും.
ആലുവ അദ്വൈതാശ്രമത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍.സോമന്, കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍, മന്ത്രിമാരായ കെ.ബാബു, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ പങ്കെടുക്കും. സ്വാമി ഋതംഭരാനന്ദ, സ്വാമി ധര്‍മ്മചൈതന്യ, സ്വാമി ഗുരുപ്രസാദ്, സ്വാമി ശാരദാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. തോമസ് ഐസക് എംഎല്‍എ, അഡ്വ. എന്‍.ഡി.പ്രേമചന്ദ്രന്, പ്രൊഫ. എം.കെ.സാനു, കെ.പി.ധനപാലന് എംപി, ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്, അന്‍വര്‍സാദത്ത് എംഎല്‍എ, നഗരസഭാ ചെയര്മാന് എം.ടി.ജേക്കബ് എന്നിവര്‍ പ്രസംഗിക്കും. ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എം.വി.മനോഹരന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: