കണ്ണൂര്‍: തിരുവനന്തപുരത്ത് തിങ്കളാഴ്ച ആരംഭിക്കുന്ന ഇടതുമുന്നണി സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഉപരോധത്തില്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപക സംഘര്‍ഷം ഉണ്ടാകുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സുരക്ഷ കര്‍ശനമാക്കിയത്.
300 പേരടങ്ങുന്ന കേന്ദ്രസേനയെ ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ട്. ബി.എസ്.എഫിന്റെ നൂറുപേരടങ്ങുന്ന രണ്ട് കമ്പനിസേനയേയും സി.ആര്.പി.എഫിന്റെ ഒരു കമ്പനി സേനയേയുമാണ് കണ്ണൂരില്‍ നിയോഗിച്ചിരിക്കുന്നത്. ജില്ലാ പോലീസ് ആസ്ഥാനത്തു വച്ച് എസ്.പി രാഹുല്‍.ആർ. നായര്‍ കേന്ദ്ര സൈനികര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി. ആവശ്യം വന്നാല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കേന്ദ്ര സേനയെ നിയോഗിക്കാനാണ് പോലീസ് തീരുമാനം.
ജില്ലയില്‍ രാഷ്ട്രീയ സമരങ്ങളിലോ സംഘര്‍ഷങ്ങളിലോ ഉള്‍പ്പെട്ട് ക്രിമിനല്‍ കേസുകളില്‍ പ്രതികളായി വാറണ്ട് ലഭിച്ചിട്ടുള്ള എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് ഭയന്ന് പലരും ഒളിവിലാണ്. ജില്ലയില്‍ നിന്നും സെക്രട്ടറിയേറ്റ് ഉപരോധത്തിന് പ്രവര്‍ത്തകെ കൊണ്ടുപോകുന്നത് തടഞ്ഞ് ടൂറിസ്റ്റ് ബസുകള്‍ക്ക് പോലീസ് നോട്ടീസ് നല്കി. പ്രവര്‍ത്തകരെ കൊണ്ടുപോകുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സമരഭടന്മാര്ക്ക് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി. പരാമാവധി പ്രവര്‍ത്തകരെ തലസ്ഥാനത്ത് എത്തിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. ട്രെയിനിലാണ് ആദ്യ സംഘം പുറപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: