എറണാകുളം മഹാരാജാസ് കോളേജിനോട് ചേര്‍ന്ന് പടിഞ്ഞാറേ അറ്റത്ത് ഒരു മാവ് പടര്‍ന്ന് പന്തലിച്ച് തണലേകി ഇന്നുമുണ്ടാകുമായിരുന്നു, കോളേജ് പ്രിന്‍സിപ്പല്‍ നേരിട്ടെത്തി ആ കുഞ്ഞുമാവിന്റെ വേരുകള്‍ അറുത്തു മാറ്റിയില്ലായിരുന്നെങ്കില്‍.. സംഭവം നടന്നത് 71 വര്‍ഷങ്ങള്‍ക്ക് മുമ്പ്. കൃത്യമായി പറഞ്ഞാല്‍ 1942 ല്‍ സ്വാതന്ത്ര്യസമരം അതിന്റെ ഉച്ചസ്ഥായിലെത്തി നില്ക്കുമ്പോള്. ഒരു തെറ്റും ചെയ്യാത്ത തൈമാവിനോട് ക്രൂരതകാണിച്ചതിന് ഒരു വലിയകാരണമുണ്ടായിരുന്നു അന്നത്തെ പ്രിന്‍സിപ്പല്‍ കെ. കരുണാകരന് നായര്‍ക്ക്. ആ കൊച്ചുമാവിന്ചുവട്ടിലെ തണുപ്പില്വച്ചാണ് ക്വിറ്റ് ഇന്ത്യസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ ഇരിപ്പ് സമരം നടത്തിയത്. പക്ഷേ അകാലത്തില്‍ വേരറ്റുപോയ ആ തൈമാവിനെ ഇന്നും സ്നേഹത്തോടെ ഓര്‍മ്മിക്കുന്ന ഒരാള്‍ നഗരത്തില്‍ തന്നെയുണ്ട്.
അന്നത്തെ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്കിയവരില് ഒരാള്‍ ബാലകൃഷ്ണമേനോന് എന്ന ബിഎസ്സി ഫൈനലിയറുകാരനായിരുന്നു. ഇന്ന് 92-ാം വയസ്സിലും ഒട്ടും മങ്ങാത്ത ഓര്‍മ്മകളോടെ എറണാകുളത്ത് കലൂരില്‍ ആസാദ് റോഡിലെ വീട്ടിലിരുന്ന് ബാലകൃഷ്ണമേനോന് ആ കഥകള്‍ പറയുമ്പോള്‍ വാക്കുകളില്‍ സ്വാതന്ത്ര്യസമരത്തിനായി ഓടി നടന്നു പ്രവര്‍ത്തിച്ച ഒരു ചെറുപ്പക്കാരന്റെ ഓജസ്സും ഊര്‍ജ്ജവും.
ബിഎസ്സി സുവോളജി ക്ലാസുകളില്‍ നിന്ന് രക്ഷപ്പെട്ട് ക്വിറ്റ് ഇന്ത്യാസമരത്തിന്റെ ആവേശത്തില്‍ യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുകയായിരുന്നു ബാലകൃഷ്ണമേനോനും സംഘവും. വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം അസഹിഷ്ണുതയോടെ കണ്ടിരുന്ന അതിഭയങ്കരനായ പ്രിന്‍സിപ്പല്‍ കെ. കരുണാകരന് നായര്‍ അന്ന് വാശി തീര്‍ത്തത് പാവം തൈമാവിന്റെ കടയ്ക്കല്‍ കത്തിവച്ചായിരുന്നു. അതുംകൂടാതെ അനിശ്ചിതകാലത്തേക്ക് കോളേജ് അടയ്ക്കുകയും ചെയ്തു അദ്ദേഹം. പിന്നീട് സമരത്തിന് നേതൃത്വം നല്കിയവരൊക്കെ പോലീസിന്റെ പട്ടികയില്‍പ്പെട്ടു. പല ദിവസവും ഒളിവില്‍ കഴിയേണ്ടിവന്നു. അന്ന് കലൂര്‍ ഭാഗങ്ങളില്‍ വൈദ്യുതി എത്തിനോക്കിയിട്ട് പോലുമില്ലായിരുന്നു. കാടും മരങ്ങളും ധാരാളമുണ്ടായിരുന്നുതാനും. ഇതിനിടെ കോളേജുള്ള ദിവസങ്ങളില്‍ കാമ്പസിനകത്ത് സമാധാനപരമായ സമരങ്ങളും നടന്നു. കാമ്പസില്‍ നിന്ന് അറസ്റ്റ് പാടില്ലാത്തതിനാല്‍ പലപ്പോഴും പോലീസുകാര്‍ ഇത് നോക്കി നില്‍ക്കുകയേയുള്ളു. ഒടുവില്‍ കാമ്പസ് വിട്ട് പുറത്തു കടന്നപ്പോള്‍ സൗകര്യമായി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്ന് ഒരു പകല്‍മുഴുവന്‍ പോലീസ് ജീപ്പ്പില്‍ എറണാകുളം ചുറ്റി. എസ്ഐ ശങ്കരമേനോന്റെ നേതൃത്വത്തിലായിരുന്നു ഈ ചുറ്റല്. എവിടെയാണ് കൊണ്ടുപോയതെന്ന് മറ്റുള്ളവര്‍ക്ക് ഒരു സൂചന പോലും നല്‍കാതിരിക്കാനായിരുന്നു ഇത്. തുടര്‍ന്ന് രാത്രിയില്‍ പോലീസ് ജീപ്പ്പില്‍ നേരെ തൃശൂര്‍ സബ് ജയിലിലേക്ക്, ഇത്ര വൃത്തികെട്ടതാണ് ജയില്‍ എന്ന് ബോധ്യപ്പെടുത്തിയത് തൃശൂരെ സബ്ജയിലാണെന്ന് അറപ്പോടെ മേനോന് ഓര്‍ക്കുന്നു. പക്ഷേ മനസുകൊണ്ട് സ്വാതന്ത്യസമരത്തെ അനുകൂലിക്കുന്നവരായിരുന്നു അന്ന് ശങ്കരമേനോന് ഉള്‍പ്പെടെ പോലീസിലെ മുതിര്‍ന്ന പല ഉദ്യോഗസ്ഥരുമെന്ന് മേനോന് വ്യക്തമാക്കുന്നു.
തുടര്‍ന്ന് വിയ്യൂര്‍ ജയിലിലേക്ക്. അവിടെ സഹതടവുകാരായി സി.അച്യുതമേനോനും പനമ്പിള്ളി ഗോവിന്ദ മേനോനും. കാമ്പസില്‍ നിന്ന് 15 വിദ്യാര്‍ത്ഥികളായിരുന്നു അന്ന് അറസ്റ്റിലായത്. സാഹിത്യകാരന് പി.കെ. ബാലകൃഷ്ണന്, എം.കെ. ജോണ്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കെ.കരുണാകരനും മറ്റും അന്ന് തടവില്‍കഴിയുകയായിരുന്നു. അറസ്റ്റ് ചെയ്തെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രത്യേകിച്ച് കുറ്റം ചുമത്തിയിരുന്നില്ല. അതിനാല്‍ ജയില്‍ ജീവിതത്തിലും ഏറെ സ്വാതന്ത്ര്യം ലഭിച്ചിരുന്നെന്ന് മേനോന് അനുസ്മരിക്കുന്നു.
കുറ്റം ചുമത്തിയ തടവുകാരെ രണ്ട് പേരെ വീതം ഒരു സെല്ലിലാക്കിയപ്പോള് തങ്ങള്‍ 15 പേരെ ഒരു ഡോര്‍മിറ്ററിയിലാണ് പാര്‍പ്പിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മാസം 30 രൂപ അലവന്‍സും ലഭിച്ചു. ഇതിനിടയില്‍ ജില്ലാ മജിസ്ട്രേറ്റ് എം.എം പോള്‍ ജയില്‍ സന്ദര്‍ശിക്കാനെത്തിയതും അദ്ദേഹത്തോട് തങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കെ.കരുണാകരന് ഉള്‍പ്പെടെയുള്ള മറ്റ് തടവുകാര്‍ക്കും ലഭ്യമാക്കണമെന്ന് അപേക്ഷിച്ചതും അദ്ദേഹമത് പരിഗണിച്ചതും മേനോന് ഓര്‍ത്തെടുക്കുന്നു. രണ്ട് മാസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തു കടന്നു, പക്ഷേ ഇതിനിടെ കോളേജില്‍നിന്ന് രണ്ടുവര്‍ഷത്തേക്ക് ഡീ ബാര്‍ ചെയ്തിരുന്നു. പഠിച്ച കോളേജിന്റെ പടിക്കകത്ത് കടക്കാനാകാത്ത സ്ഥിതി.
പഠനം പൂര്‍ത്തിയാക്കാന്‍ നേരെ അലഹബാദിലേക്ക് വണ്ടികയറി. അവിടെ നെഹ്റുവിന്റെ ആനന്ദഭവന് സമീപമായിരുന്നു ഹോസ്റ്റല്‍. ഒരിക്കല്‍ വി.കെ.കൃഷ്ണമേനോന് ആനന്ദഭവനിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് ബന്ധുവും കവി വൈലോപ്പിള്ളിയുടെ അനുജനുമായ അരവിന്ദാക്ഷമേനോനുമായി അദ്ദേഹത്തെ കാണാന്‍ ആനന്ദഭവനിലെത്തി. മലയാളത്തില്‍ ഒരു കുറിപ്പ് കൊടുത്തയച്ചു പുറത്തു കാത്തു നിന്നു. നിമിഷങ്ങള്‍ക്കകം സാക്ഷാല്‍ വി.കെ കൃഷ്ണമേനോന് പുറത്തേക്ക് ഇറങ്ങിവന്നു. വൈലോപ്പിള്ളി കുടുംബത്തില്‍ നിന്നാണെന്നും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നു എന്നും കേട്ടതോടെ ഇരുവരെയും അദ്ദേഹം വാരിപ്പുണര്‍ന്നു. അകത്തേക്ക് കൂട്ടിക്കൊണ്ടുപോയപ്പോള്‍ നെഹ്റുവും വിജയലക്ഷ്മി പണ്ഡിറ്റും തൊട്ടുമുന്നില്‍. വി.കെ.കൃഷ്ണമേനോന് പരിചയപ്പെടുത്തിയപ്പോള്‍ കുശലം ചോദിച്ച് നെഹ്റു ചുമലില്തട്ടിയതും അവിസ്മരണീയമായ അനുഭവമായി ബാലകൃഷ്ണമേനോന് ചൂണ്ടിക്കാണിക്കുന്നു. അകത്തെ മുറിയിലെവിടെയോ അന്ന് ഇന്ദിരഗാന്ധിയുമുണ്ടായിരുന്നിരിക്കും എന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഇന്ന് ഒരു സാദാ നേതാവിനെ കാണണമെങ്കില്‍ കടക്കേണ്ട കടമ്പകള്‍ കൂട്ടത്തില്‍ പരാമര്‍ശിക്കാനും മേനോന് മറന്നില്ല. അന്നത്തെ പരിചയത്തിന്റെ ബലത്തില്‍ ദീനബന്ധു വാരിക പത്രമാക്കുന്നതിന് മുന്നോടിയായി എഡിറ്റര്‍ എം.എന്‍.ശിവരാമന്നായരുടെ ആവശ്യപ്രകാരം ആശംസ എഴുതി വാങ്ങാന്‍ വീണ്ടും നെഹ്റുവിനെ കാണാന്‍ പോയി. സന്തോഷത്തോടെ ഒരു പേപ്പറെടുത്ത് നെഹ്റു എഴുതി ‘വിഷ് ദീനബന്ധു സക്സസ്’. അടിയില്‍ ഒപ്പുമിട്ട പേപ്പര്‍ അപ്പോള്‍ തന്നെ കയ്യില്‍ നല്കി.
ഗാന്ധിജിയേയും നേരില്‍ കണ്ടിട്ടുണ്ട് ബാലകൃഷ്ണമേനോന്. എറണാകുളത്ത് ഗാന്ധിജി എത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ നേരില്‍കാണാനുള്ള ഭാഗ്യമുണ്ടായത്. ഇതൊക്കെയാണെങ്കിലും പഠനത്തിരക്കില്പ്പെട്ട് തുടര്‍സമരങ്ങളില്‍ നിന്ന് മാറി നിന്നെങ്കിലും എറണാകുളത്ത് നിന്ന് അലഹബാദിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഈറോഡില്വച്ചാണ് താന്‍ സ്വാതന്ത്ര്യപ്രഖ്യാപനം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പുലര്‍ച്ചെ മദ്രാസിലിറങ്ങി ആഘോഷങ്ങളില്‍ പങ്കാളികളായി. ദല്‍ഹിയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട വിവരം അറിയുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ദല്‍ഹി വിറങ്ങലിച്ച ദിവസമായിരുന്നു അതെന്ന് അദ്ദേഹം പറയുന്നു.
അങ്ങനെ ഓര്‍മ്മകളുടെ ഒരു വലിയ കെട്ടുതന്നെ തുറക്കുകയാണ് വൈലോപ്പിള്ളി ബാലകൃഷ്ണമേനോന്. എംഎസ് സി കഴിഞ്ഞ് ഡോക്ടറേറ്റും നേടി സിഎംഎഫ്ആര്‍ഐയില്‍ ജോലിയും നേടി. ബാലകൃഷ്ണമേനോന് മാത്രമല്ല എറണാകുളം നഗരത്തില്കഴിയുന്ന സ്വാതന്ത്ര്യസമരസേനാനി. തൊട്ടയല്‍പക്കത്തുതന്നെ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന സുകുമാരന്‍ പൊറ്റക്കാടുണ്ട്. നോര്‍ത്തില്‍ എ.കെ. ഭാസ്ക്കരനും തനിക്ക് സമാനമായ അനുഭവങ്ങളുമായി കഴിയുന്നുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു ബാലകൃഷ്ണമേനോന്. എന്നാല്‍ സുകുമാരന്‍ പൊറ്റക്കാടിന്റെ ഓര്‍മ്മയില്‍ നിന്ന് സ്വാതന്ത്ര്യസമരവും ജയില്‍വാസവും തീയതികളും വര്‍ഷവുമൊക്കെ മാഞ്ഞു കഴിഞ്ഞിരിക്കുന്നു. 88 വയസിലെത്തിയ അദ്ദേഹത്തിന് പഴയ ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോകാന്കഴിഞ്ഞില്ല. എങ്കിലും ജയിലില്‍ പോയിരുന്നെന്നും സമരത്തില്‍ പങ്കെടുത്തെന്നുമൊക്കെ എങ്ങും തൊടാതെ പറയും. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ അറുപത്തിയെട്ടാം വാര്‍ഷികാഘോഷവേളയിലും ജ്വലിക്കുന്ന ഓര്‍മ്മകളുമായി മേനോനെപ്പോലെ ചിലരെങ്കിലും ഇവിടെയുണ്ട്, സ്വാതന്ത്ര്യം എന്ന സ്വപ്നവും ആവേശവും അമര്ന്നില്ലാതാകുന്ന വര്‍ത്തമാന രാഷ്ട്രീയത്തിന്റെ ദുഷിപ്പില്‍ മനസ്സു നൊന്ത്.
രതി. എ. കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: