എന്റെ പത്ര വായന തീര്‍ന്നിരുന്നില്ല. കുട്ടികള്‍ രണ്ടുപേരും എത്തിക്കഴിഞ്ഞു. പ്രസാദിന്റെ കൈയില്‍ ഒരു നോട്ടുപുസ്തകവും പേനയുമുണ്ട്.
“ഇന്നെന്താണിങ്ങനെ? കൃഷ്ണപിള്ളയെപ്പോലെ വല്ല റിപ്പോര്‍ട്ടും വായിക്കാനുണ്ടോ?” ഞാന്‍ ചിരിച്ചുകൊണ്ടു ചോദിച്ചു. ഇന്നലത്തെ കഥയോര്‍ത്തു കുട്ടികളും ചിരിച്ചുപോയി.
“അമ്മാവന് എത്ര കൃത്യമായി പറഞ്ഞു! ഇത് ഒരു റിപ്പോര്‍ട്ട് തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അമ്മാവന് പറഞ്ഞുതന്നതൊക്കെ ഞങ്ങള്‍ വീട്ടില്‍ പോയി ഒരു പുസ്തകത്തില്‍ കുറിച്ചുവെച്ചിരുന്നു. ഇതൊന്നു അമ്മാവന് നോക്കിയാല്‍ കൊള്ളാമെന്നുണ്ട്.” പ്രസാദ് പുസ്തകം നീട്ടി.
ഞാന്‍ പുസ്തകം വാങ്ങി ഓടിച്ചൊന്നു വായിച്ചിട്ടു പറഞ്ഞു: “ഇങ്ങനെയാണ് നല്ല കുട്ടികള്‍! പുസ്തകങ്ങളില്‍നിന്നും മറ്റുള്ളവരില്നിന്നുമെല്ലാം ലഭിക്കുന്ന അറിവുകള്‍ കൃത്യതയോടെ എഴുതി സൂക്ഷിക്കും. പ്രസാദിനും അമൃതക്കും എന്റെ അഭിനന്ദനം. എഴുത്തു തുടര്‍ന്നോളൂ. നമുക്ക് ചങ്ങമ്പുഴയിലേക്ക് വരാം.”
സെക്കന്റ് ഫോറത്തിലേയ്ക്ക് ചങ്ങമ്പുഴ ജയിച്ചു ചെന്നപ്പോള്‍ രാഘവന് പിള്ള അവിടെ തോറ്റുകിടപ്പുണ്ടായിരുന്നു. അവര്‍ക്കിടയിലുണ്ടായിരുന്ന അസൂയയും മത്സരവും അതോടെ വര്‍ധിച്ചു. കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നത് കൃഷ്ണപിള്ളയായിരുന്നു. കവിത എഴുതുക മാത്രമല്ല മധുരമായി ചൊല്ലുകയും ചെയ്യുന്നതിനാല്‍ കൃഷ്ണപിള്ളയെ അദ്ധ്യാപകരെല്ലാം ഇഷ്ടപ്പെട്ടു. രാഘവന് പിള്ളയ്ക്ക് അതില്‍ സങ്കടവും അമര്‍ഷവും ഉണ്ട്. തേഡ് ഫോറം കഴിയുവോളം സഹിച്ചല്ലേ പറ്റൂ.
മിഡില്‍ സ്കൂള്‍ കഴിഞ്ഞാല്‍ ഹൈസ്കൂളാണ്. എറണാകുളത്തുപോയി ചേരാന്‍ കൃഷ്ണപിള്ള താല്പ്പര്യപ്പെട്ടില്ല. ഏറെ ദൂരം നടക്കാനുണ്ട് എന്ന കാരണമാണ് പറഞ്ഞത്. താന്‍ വലിയ ആളായിരിക്കുന്നു; വീട്ടില്‍നിന്ന് മാറി നില്‍ക്കണം എന്നതോന്നലായിരുന്നു മുഖ്യം. അതിനാല്‍ ആലുവയിലുള്ള ബന്ധുഗൃഹത്തില്‍ താമസിച്ചു അതിനടുത്തുള്ള സെന്റ് മേരീസ് ഹൈസ്കൂളില്‍ ചേരാന്‍ ഏര്‍പ്പാടാക്കി.
പുതിയ താമസസ്ഥലം ആലുവപ്പുഴയുടെ തീരത്താണ്. പ്രകൃതി രമണീയം. പുതിയ സ്കൂള്‍, പുതിയ കൂട്ടുകാര്‍, പുതിയ അദ്ധ്യാപകര്‍. വായിക്കാനാണെങ്കില് ധാരാളം പുസ്തകങ്ങള്‍ ലഭിക്കാന്‍ പറ്റിയ ഇടങ്ങള്‍, അവസരങ്ങള്‍. കൃഷ്ണപിള്ളയുടെ ഭാവനയെ ഇവയെല്ലാം പോഷിപ്പിച്ചു. അതിലൂടെ വിരിഞ്ഞ സാഹിത്യരചനകള്‍ മറ്റുള്ളവരെ ആകര്‍ഷിക്കുകയും ചെയ്തു.
അക്കാലത്തൊരു നാള് ഇടപ്പള്ളിയില്‍നിന്ന് കരുണാകരമേനോന്‍ കൃഷ്ണപിള്ള താമസിക്കുന്ന വീട്ടില്‍ എത്തി. കുശലങ്ങള്‍ക്കുശേഷം “നമുക്ക് ഒരു അദ്ധ്യാപകനെ പരിചയപ്പെടാം” എന്നുപറഞ്ഞ് അദ്ദേഹം കൃഷ്ണപിള്ളയേയും കൂട്ടി തൊട്ടടുത്തുള്ള അദ്വൈതാശ്രത്തിലെ സംസ്കൃത വിദ്യാലയത്തിലേക്ക് കയറിച്ചെന്നു. കാണേണ്ടിയിരുന്ന അദ്ധ്യാപകന്റെ പേരും കൃഷ്ണപിള്ള എന്നായിരുന്നു. കുറ്റിപ്പുഴ കൃഷ്ണപിള്ള എന്ന മഹാപണ്ഡിതന്. അത് മറ്റൊരു ത്രിവേണീ സംഗമം പോലെയായി!
കുറ്റിപ്പുഴയില്‍ ഒരു ജ്യേഷ്ഠനേയും ഗുരുവിനേയും ചങ്ങമ്പുഴ ദര്‍ശിച്ചു. ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍ സാഹിത്യങ്ങളിലേക്കുള്ള വാതിലുകള്‍ ചങ്ങമ്പുഴക്ക് തുറന്നുകൊടുത്തതു ആ ഗുരുനാഥനാണ്. അവര്‍ ഇരുവരും ഇടയ്ക്കിടെ കണ്ടു. വിശ്വസാഹിത്യത്തിലെ അനര്ഘരത്നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തു. സുദൃഢമായ ആ ബന്ധത്തെപ്പറ്റി വളരെ നന്ദിപൂര്‍വമാണ് ചങ്ങമ്പുഴ പിന്നീട് സ്മരിച്ചിട്ടുള്ളത്.
അതിനിടയിലാണ് ഇടപ്പള്ളിയില്‍ മൂന്ന് ദിവസത്തെ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമ്മേളനത്തിന് തിരി തെളിഞ്ഞത്. മഹാകവികളായ ഉള്ളൂരും, വള്ളത്തോളും അനേകം പണ്ഡിതന്മാരും രാജപ്രമുഖരും പങ്കെടുത്ത ഒരു മഹോത്സവമായിരുന്നു അതെന്ന് പറയാം. സമ്മേളനത്തിലെ വളണ്ടിയര്‍മാരായി രാഘവന് പിള്ളയും കൃഷ്ണപിള്ളയും ഓടി നടന്നിരുന്നു. കരുണാകരമേനോനായിരുന്നു മുഖ്യ സംഘാടകന്‍. എങ്കിലും കവിസമ്മേളനത്തില്‍ കവിത അവതരിപ്പിക്കാനുള്ള അവസരമൊന്നും രാഘവകൃഷ്ണന്മാര്ക്ക് ലഭിച്ചില്ല. കുട്ടികളല്ലേ?
എങ്കിലെന്ത്? ഇന്നത്തെ വമ്പന്‍ സിനിമാതാരങ്ങളേക്കാള്‍ തിളക്കമുണ്ടായിരുന്നു അന്നത്തെ പല സാഹിത്യകാരന്മാര്ക്കും. അവരെ അടുത്തു കാണുക, ഒന്നുതൊടുക, അവരുടെ ചലനങ്ങളും വാക്കുകളും ശ്രദ്ധിക്കുക എന്നതൊക്കെയും ആ ബാലന്മാര്ക്ക് നിര്‍വൃതികരമായിരുന്നു. മഹാകവി വള്ളത്തോളായിരുന്നു കൃഷ്ണപിള്ളയെ ഏറ്റവും ആകര്‍ഷിച്ചത്. കവിതയോടുള്ള ആ അഭിനിവേശവും തീവ്രപ്രയത്നങ്ങളും ചങ്ങമ്പുഴയെ വര്‍ഷങ്ങള്‍ക്കുശേഷം പരിഷത് സമ്മേളനവേദിയിലെ താരമാക്കുകയുണ്ടായി.
ആലുവയില്‍ ഗൗരിക്കുട്ടിയമ്മ എന്ന ബന്ധുവിന്റെ വീട്ടിലാണ് കൃഷ്ണപിള്ള താമസിച്ചിരുന്നത്. കൃഷ്ണപിള്ളയുടെ കഴിവുകളില്‍ നല്ല മതിപ്പുണ്ടായിരുന്നു അവര്‍ക്ക്. അതിനാല്‍ അടുത്തവീട്ടിലെ ഒരു പെണ്‍കുട്ടിക്ക് ട്യൂഷനെടുക്കാന്‍ ഏര്‍പ്പാട് ചെയ്തു. പെണ്‍കുട്ടി സുന്ദരിയാണ്. പഠിപ്പിക്കുന്ന കവിയും സുന്ദരന്‍ തന്നെ. അതിനാല്‍ പഠനം പ്രണയസല്ലാപങ്ങളിലേക്ക് വഴിമാറി. കവിയുടെ മധുരമധുരമായ കവിതകള്‍ അവര്‍ ഒരുമിച്ചു പാടി രസിക്കേ മറ്റുള്ളവര്‍ അതില്‍ കുഴപ്പം കണ്ടു.
ഇരുഭാഗത്തുനിന്നും നിയന്ത്രണങ്ങളുടെ വരവായി. അത് ലംഘിക്കുമ്പോഴും അല്ലാതെയും വഴക്കുകളായി. ഒടുവില്‍ കൃഷ്ണപിള്ളയ്ക്ക് ആ വീട്ടിലെ താമസം അവസാനിപ്പിക്കേണ്ടി വന്നു. സ്കൂളില്‍നിന്നും പുറത്താക്കാനും നീക്കമുണ്ടായതാണ്. ഭാഗ്യവശാല്‍ അതുണ്ടായില്ല. അടുപ്പമുള്ള ചില അധ്യാപകര്‍ക്ക് കൃഷ്ണപിള്ളയോട് അലിവു തോന്നി. സ്കൂളില്‍ തങ്ങള്‍ക്കൊപ്പം താമസിച്ചു പഠനം തുടരാന്‍ അവര്‍ കവിയെ അനുവദിച്ചു.
എന്നാല്‍ ആ അനുകൂലാവസ്ഥയും താമസിയാതെ തകരാറിലായി. കൂട്ടുകാരുമൊത്തുള്ള ഓരോ വിനോദങ്ങളിലും യാത്രകളിലും ഏര്‍പ്പെട്ട് കൃഷ്ണപിളളയുടെ വൈകിയെത്തലുകളില് അദ്ധ്യാപകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ശാസിക്കുകയും ചെയ്തു. പിന്നെയൊരിക്കല്‍ മഴയില്‍ നനഞ്ഞു, ഏറെ രാത്രിയായപ്പോള്‍ കയറിവന്ന കൃഷ്ണപിളളയോട് ഇനി ഇവിടെ താമസിക്കാന്‍ പറ്റില്ലെന്ന് ഹെഡ്മാസ്റ്റര് തീര്ത്തുപറയുകയാണുണ്ടായത്.
മനസ്സില്ലാമനസ്സോടെ പഠിത്തം മതിയാക്കി കൃഷ്ണപിള്ള ഇടപ്പള്ളിയില്‍ മടങ്ങിയെത്തി. ആ വരവ് അമ്മയ്ക്കും മുത്തശ്ശിക്കും വലിയ ആഘാതമായിരുന്നു. മകന്റെ പോക്ക് നേര്‍വഴിക്കല്ലെന്ന് അവര്‍ക്ക് നേരത്തെ വിവരം കിട്ടിയിരുന്നതാണ്. എങ്കിലും ഇത്രത്തോളം വരുമെന്ന് കരുതിയിരുന്നില്ല. സ്നേഹാധിക്യം കൊണ്ടുള്ള ശത്രുതാഭാവത്തോടെ ഇരമ്പുന്ന സങ്കടത്തോടെ അവര്‍ മകനെ ശകാരിച്ചു. കൃഷ്ണപിള്ളയ്ക്ക് ഒന്നും പറയാനില്ലായിരുന്നു. ഏകാകിയായി കുളക്കരയിലും മരച്ചോട്ടിലുമിരുന്നും, വഴികളില്‍ അലഞ്ഞും രാത്രികളില്‍ മണല്‍പ്പരപ്പില്‍ കിടന്നും അദ്ദേഹം സമയം തള്ളിനീക്കി.
ആയിടക്കാണ് ഒരു പരിചയക്കാരനുമായി ചങ്ങമ്പുഴ തന്റെ വിഷമങ്ങള്‍ പങ്കുവെച്ചത്. തനിക്കൊപ്പം വന്നാല്‍ ജോലി ശരിപ്പെടുത്താം എന്ന് അയാള്‍ ഏറ്റു. അതൊരു പിടിവള്ളിയായി തോന്നി ചങ്ങമ്പുഴക്ക്. വീട്ടു ചെലവിന് അമ്മ വല്ലാതെ വിഷമിക്കുന്നുണ്ട്. ശാപമേറ്റവനെപ്പോലെ താന്‍ അലയുകയും ചെയ്യുന്നു. പരിചയക്കാരനൊപ്പം കൃഷ്ണപിള്ള ആലപ്പുഴയിലേക്ക് ബോട്ടുകയറി. അവിടെ ഡാരാസ്മെയില് എന്ന കയര്‍ ഫാക്ടറിയില്‍ ജോലി ലഭിക്കുകയും ചെയ്തു.
ആലപ്പുഴ ജീവിതം തൊഴിലാളികളുടെ ദുരവസ്ഥകള്‍ മനസ്സിലാക്കാന്‍ ചങ്ങമ്പുഴയ്ക്ക് ഏറെ ഉപകരിച്ചു. പക്ഷെ, കുഴപ്പങ്ങള്‍ അവിടെയും തലപൊക്കി. അധികനാള്‍ അവിടെ തുടരാനായില്ല, വസൂരിരോഗം പിടിപെട്ടു കൃഷ്ണപിള്ള വീണ്ടും ഇടപ്പള്ളിയില്‍ എത്തി.
രോഗം ക്രമേണ ഭേദമായി. എന്നാല്‍ കൃഷ്ണപിള്ളയുടെ മനസ്സ് മോശമാവുകയായിരുന്നു.മോശമായ കൂട്ടുകെട്ടുകളില്‍ അകപ്പെട്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ വീട്ടുകാരിലും നാട്ടുകാരിലും വെറുപ്പുളവാക്കി. മദ്യപാനവും സ്ത്രീകളെ ആക്ഷേപിക്കലും യാത്രക്കാരെ തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെടലും ഭീഷണിപ്പെടുത്തലും ഉണ്ട്; ഒറ്റയ്ക്കും കൂട്ടായും! അതിനിടയില്‍ ഒരു ദിവസം ഒരു പ്രധാന സംഭവമുണ്ടായി.
“പ്രധാന സംഭവമോ? ഇന്നു കേട്ടതില്‍ പലതും നല്ല സംഭവങ്ങളായിരുന്നില്ല അമ്മാവാ” പ്രസാദ് അല്‍പ്പം ദുഃഖത്തോടെ പറഞ്ഞു.
“അതെയതെ. നല്ലതു ചീത്തയും ഇടകലര്‍ന്നു വരുന്നതല്ലേ ജീവിതം. ഏതായാലും സംഭവം നാളെ പറയാം. പോരെ?”
“ഓ, അമ്മാവന് സസ്പെന്സില് നിര്‍ത്തുകയാണല്ലേ?” അമൃത ഒരു പുഞ്ചിരിയോടെ ചോദിച്ചുകൊണ്ട് എഴുന്നേറ്റു.
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: