ശാന്തതീരത്തുനിന്നു ശാന്തി നികേതനത്തിലേക്ക് എത്തിയപ്പോള്‍ അതു വിശാലമായ മറ്റൊരു ലോകത്തേക്കുള്ള കവാടമായി ഈ കലാകാരന്. രബീന്ദ്രനാഥ ടാഗോള്‍ കവിയും നടനും ഒക്കെയായിരുന്നു, മികച്ച ഒരു ചിത്രകാരനും. പിറന്ന നാട്ടില്‍ ഈ കലകളെല്ലാം വിളയുന്ന മണ്ണാണുള്ളതെങ്കില്, പറിച്ചു നട്ടിടത്ത് അതിനു വളക്കൂറു കിട്ടുമെങ്കില്‍ പിന്നെ വളര്ച്ചക്കെന്താണു തടസം. ആ വളര്‍ച്ചയുടെ ജീവിതപ്പൊരുളാണ് സുരേഷ് കെ. നായരുടേത്. അതുകൊണ്ടാണല്ലോ ശാന്തിനികേതന്‍ മോറല്സില് സുരേഷിന്റെ വിരലൊപ്പുകളുള്ളത്.
കഥകളി,സംഗീതം,അനുഷ്ഠാനകലകള്‍,മേളവാദ്യകലകള്,ചിത്രരചന, തുടങ്ങി എഴുപതോളം മഹത്തായ കലാരൂപങ്ങളുടെ അവകാശിയാണ് കുന്തിപ്പുഴയുടെ തീരത്തെ വെള്ളിനേഴി ഗ്രാമം. പ്രതിഭാശാലികളായ നിരവധികലാകാരന്മാരെ വാര്‍ത്തെടുത്ത കുന്തിപ്പുഴയുടെ തീരത്തും നാട്ടുവഴികളിലും വീശിയടിക്കുന്ന കാറ്റിലും ഇലകളുടെ മര്‍മ്മരത്തിലും പോലും കല ദൃശ്യമാകും.
വെള്ളിനേഴിയില്‍നിന്നും വരകളുടെ ലോകത്തില്‍ തനതായ ഇടംനേടിയ ഒരു കലാകാരനാണ് വെള്ളിനേഴി അടക്കാപുത്തൂര്‍ സ്വദേശി സുരേഷ് കെ.നായര്‍. ചിത്രരചനയില്‍ പരീക്ഷണങ്ങള്‍ നടത്തി ഏറെ ശ്രദ്ധിക്കപ്പെട്ട കലാകാരന്.
ചുവര്‍ചിത്രകലയില്‍ നിന്നുകൊണ്ടുതന്നെ ഇതരമാധ്യമങ്ങളെ സമന്വയിപ്പിച്ച് സ്വശൈലിയില്‍ കാന്‍വാസിലേക്ക് കോറിയിടുമ്പോള്‍ കലകള്‍ പരസ്പരപൂരിതമായി നില്‍ക്കുന്നുണ്ടെന്ന് വിശ്വസിക്കുകയും അത് ആവിഷ്ക്കരിക്കുകയും ചെയ്യുന്ന ആളാണ്് സുരേഷ്. പട്ടാമ്പി ശില്പ്പചിത്രകോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, ഗുരുവായൂര്‍ ദേവസ്വം ചുവര്ച്ചിത്രപഠനകേന്ദ്രം, ജയ്പൂരിലെ ബലസ്ഥലി വിദ്യാപീഠ്, വിശ്വഭാരതി യൂണിവേഴ്സിറ്റി ശാന്തിനികേതന്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു സുരേഷിന്റെ വിദ്യാഭ്യാസം.ശാന്തിനികേതനില്‍ ബിഎഫ്എക്കു പഠിക്കുമ്പോള്‍ 1998ല്‍ കാനഡയിലെ ഗ്രീന്‍ഷീല്‍ഡ് അവാര്‍ഡ് ലഭിച്ചു. വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളു. മൂന്നു ലക്ഷം രൂപയാണ് സ്കോളര്‍ഷിപ്പ് തുക. ശാന്തിനികേതനിലെ ജീവിതമാണ് സുരേഷിനെ ഏറ്റവുമധികം സ്വാധീനിച്ചതും ഒരു വഴിത്തിരിവുണ്ടാക്കിയതും.
സുരേഷ് നായര്‍ അനുഭവം പറയുന്നതിങ്ങനെ. അഞ്ച് വര്‍ഷത്തെ ശാന്തിനികേതനിലെ പഠനത്തിനിടെ കുട്ടികള്‍ക്ക് ചിത്രരചനയില്‍ ട്യൂഷനെടുത്തു. അങ്ങനെ ഒരു അവധിക്കാലത്ത് തൊട്ടടുത്തുള്ള അരബിന്ദോ ആശ്രമത്തില്‍ രാവിലെയും വൈകിട്ടും ധ്യാനത്തിന് പോയി. ഒരു മാസം ഇളനീരും പഴവര്‍ഗ്ഗങ്ങളും മാത്രമായിരുന്നു ഭക്ഷണം. അരബിന്ദോ ആശ്രമത്തിലെ ഒരുമാസത്തെ വാസത്തിനുശേഷം ശാന്തിനികേതനില്‍ നാലുദിവസം കൊണ്ട് വരച്ച കോസ്മിക് ഇമേജ് ഏറെ ശ്രദ്ധിക്കപ്പെട്ടു.ആ ചിത്രത്തെ പലരും വ്യാഖ്യാനിച്ചത് ബുദ്ധന്, മഹാത്മാ ഗാന്ധി, ശ്രീനാരായണഗുരു, ടാഗോര്‍ എന്നൊക്കെയായിരുന്നു.എന്നാല്‍ അത് താന്‍ തന്നെയാണെന്നും തന്റെ ചിന്തകളുമാണ് അതില്‍ പ്രതിഫലിക്കുന്നത് എന്നുമായിരുന്നു സുരേഷിന്റെ മറുപടി.അത് ശാന്തിനികേതന്‍ മോറല്‍സ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഠനത്തിന് ശേഷം നാട്ടിലെത്തിയ സുരേഷ് കാലടി ശങ്കരാചാര്യ കോളേജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.
വിവിധ വിഷയങ്ങളിലായി അമ്പതിലധികം സെമിനാറുകളില്‍ പങ്കെടുത്തു.വേദിക് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വേദങ്ങളെക്കുറിച്ചും സംസ്കൃതത്തിലും അറിവു നേടി. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കായി യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച അഷ്ടാംഗഹൃദയം സത്രത്തില്‍ പങ്കെടുക്കുകയും പിന്നീടുള്ള ചിത്രരചനയില്‍ അത് ഉള്‍പ്പെടുത്തുകയും ചെയ്തു.
ശാന്തിനികേതനിലെ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ സുരേഷ് പില്ക്കാലത്തു തന്റെ കലയുടെ മാധ്യമമായി കളിമണ്പാത്രനിര്മ്മാണത്തിന്റെ സാങ്കേതികവിദ്യയെ കൂട്ടുപിടിക്കുകയുണ്ടായി. വിവിധഭാവങ്ങള്‍ കളിമണ്പാത്രങ്ങളില് കോറിയെടുത്തു. കഥകളിയുടെ ഓരോ ഭാവങ്ങളും രസങ്ങളും സൂക്ഷ്മമായി വീക്ഷിക്കുമായിരുന്ന അദ്ദേഹം പിന്നീടത് ചിത്രരചനയിലൂടെ പുതിയതലങ്ങളിലേക്ക് കൊണ്ടുവന്നു. 1993ല്‍ സുരേഷ് വരച്ച കഥകളിയുടെ രേഖാചിത്രങ്ങള്‍ തിരുവനന്തപുരത്തെ ഫ്രഞ്ച് സാംസ്ക്കാരിക കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കഥകളിവേഷങ്ങളുടെ വര്ണ്ണത്രസിപ്പിനെ രേഖകളിലേക്കു ചാലിക്കുന്നതു ഏറെ ശ്രമകരമാണെങ്കിലും സുരേഷ് അത് വെല്ലുവിളിയായി ഏറ്റെടുത്ത് അതില്‍ വിജയിക്കുകയുണ്ടായി. പിന്നെ തോന്നയ്ക്കല്‍ ആശാന് സ്മാരകത്തില്‍ കുമാരനാശാന്റെ വീണപൂവിന് സുരേഷ് നല്കിയ ചിത്രഭാഷ്യം മറ്റൊരു ഉദാഹരണമാണ്.
2006ല്‍ അമേരിക്കന്‍ ഫുള്‍ ബ്രൈറ്റ് സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. ചിത്രകലയിലെ വ്യത്യസ്ത പാരമ്പര്യങ്ങളെക്കുറിച്ച് ഫിലാഡല്‍ഫിയയിലെ ടെംപിള്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതിനാണ് അവാര്‍ഡ്. അതേ സമയം തന്നെ കൊല്ലങ്കോട് കളരികോവിലകത്ത് ഒരുക്കിയ ചുവര്‍ച്ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.സുരേഷ് എന്ന ചിത്രകാരന്റെ ഭാവനകള്‍ ഒരു തലത്തില്‍ മാത്രം ഒതുങ്ങുന്നതല്ല.അതിലൊന്നാണ് കോസ്മിക് ബട്ടര്‍ഫ്ലൈ. ഒരുചിത്രശലഭത്തിന്റെ വിരാട് ദര്‍ശനമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. അടുത്തിടെ എറണാകുളം നാണപ്പആര്ട്ട് ഗ്യാലറിയില്‍ സംഘടിപ്പിച്ച സിംഗിഗ് മൈന്റ് എന്ന ചിത്രപ്രദര്‍ശനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബനാറസ് യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി ജോലിക്ക് പ്രവേശിക്കുമ്പോള്‍ എല്ലാദിവസവും വൈകുന്നേരങ്ങളില്‍ ബാനറസിന്റെ അതിരുകാണാത്ത സംഗീതവഴികളില്‍ കൂടിയുള്ള നടത്തമായിരുന്നു സിങ്ങിന് മൈന്റിലേക്കുള്ള വഴിതെളിച്ചത്. ബനാറസിന്റെ അവിരാമസംഗീതധാരയില് വരച്ച് അത് അയ്യായിരത്തിലെത്തി. അതില്‍ 30 ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് കാന്‍വാസില്‍ ഗോള്‍ഡന്‍ ലീഫ് പ്രിന്റിംഗ് വഴി പ്രിന്റ് ചെയ്തു. കാശിയിലായിരുന്നു ആദ്യപ്രദര്‍ശനം.അവിടെ നിന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രദര്‍ശിപ്പിക്കും. ഏറ്റവും അവസാനം സ്വദേശമായ അടക്കാപുത്തൂരിലേക്കും.
പഠിച്ചത് മ്യൂറലാണെങ്കിലും സന്ദര്‍ഭത്തിനനുസരിച്ച് മറ്റുമാധ്യമങ്ങളും ഉള്‍പ്പെടുത്താനുള്ള കഴിവാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്. ഏറ്റവും ആധുനികമായിരിക്കെ തന്നെ പാരമ്പര്യാധിഷ്ഠിതവമായിരിക്കുക എന്ന വിചിത്രവും വിപ്ലവകരവുമായ രീതിയാണ് സുരേഷിനെ ആകര്‍ഷിച്ചതും പ്രചോദിപ്പിച്ചതും.
യാത്രയും വായനയും ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് വിവേകാനന്ദനില്‍ നിന്നാണ് യാത്രചെയ്യുവാനുള്ള താത്പര്യം ജനിച്ചത്. രബീന്ദ്രനാഥ ടാഗോര്‍, സെന്റ്.ഫ്രാന്‍സിസ് അസീസി, ശങ്കരാചാര്യര്‍, വിനോബ ഭാവെ, രമണമഹര്‍ഷി തുടങ്ങിയ പലരും അദ്ദേഹത്തെ സ്വാധീച്ചവരാണ്.
മോഡേണ്‍ ആര്ട്ടിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ആളുകള്‍ക്ക് മനസ്സിലാകാത്തതാണ് മോഡേണ്‍ആര്‍ട്ട് എന്നത് തെറ്റിദ്ധാരണയാണ്. സമൂഹത്തില്‍ നിരന്തരം ഇടപഴകിയുണ്ടാകുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ് മോഡേണ്‍ ആര്‍ട്ട് എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജ്യത്തിനകത്തും പുറത്തുമായി നിരവധി സോളോ, ഗ്രൂപ്പ് എക്സിബിഷനുകള്‍ നടത്തിയിട്ടുള്ള അദ്ദേഹത്തെ തേടി നിരവധി അവാര്‍ഡുകളും എത്തിയിട്ടുണ്ട്. 2005ല്‍ കേരള ലളിത കലാ അക്കാദമി അവാര്‍ഡ്, ഉള്‍ബ്രൈറ്റ് ഫെല്ലോഷിപ്പ്, കേരളലളിതകലാ അക്കാദമി ഏര്‍പ്പെടുത്തിയ ആര്‍ട്ട് സ്റ്റുഡന്റ്സ് സ്കോളര്‍ഷിപ്പ്, ആര്‍ട്ടിസ്റ്റ് ഇന്ദിര ദുഗര്‍ അവാര്‍ഡ് ഫോര്‍ ഇന്ത്യന്‍ സേറ്റ്യില് ഓഫ് പെയിന്റിംഗ് ഫ്രെം കൊല്‍ക്കത്ത, കാനഡയില്‍ നിന്ന് എലിസബത്ത് ഗ്രീന്‍ഷീല്‍ഡ് ഫൗണ്ടേഷന് എന്നിവ അവയില്‍ ചിലത് മാത്രം. നാല്‍പ്പത്തൊന്നുകാരനായ സുരേഷ് കെ. നായര്‍ ഇപ്പോള്‍ ബനാറസ് ഹിന്ദുസര്‍വ്വകലാശാലയില്‍ ദൃശ്യകലാ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്യുകയാണ്.
ഒരുചിത്രകാരന് സോപാധികം ഒരു മ്യൂറലിസ്റ്റായി തുടരുമ്പോള്‍ അയാള്‍ ഒരു ശൈലിയില്‍തന്നെ തറഞ്ഞുനില്ക്കുകയാണ് എന്ന വിമര്‍ശനം ഉയരുക സ്വാഭാവികം. ചിത്രകലയുടെ ഭൂതകാലത്തിന്റെ ഓരോ ഏടും ഉള്‍പ്പെടുത്തി സമകാലികതയെ സ്പര്‍ശിക്കുക എന്ന ആരോഹണക്രമമായ വാസന കൈമുതലാക്കുമ്പോള്‍ ആ കലാകാരന് തന്റെ കാലത്തെയും ഒപ്പം കലയുടെ ഭൂതകാലത്തെയും തിരിച്ചറിയുന്നു. ഇത്തരമൊരു സന്ധിയില്‍വച്ചാണ് സുരേഷ് കെ. നായരെ നാം തിരിച്ചറിയുന്നത്. ചുവര്‍ച്ചിത്രത്തിന്റെ ആഖ്യാനത്തെ മുറുകെപിടിക്കുക എന്നതാണ് അദ്ദേഹത്തിന്റെ കലാധര്‍മ്മം.
സിജ. പി.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: