ന്യൂദല്‍ഹി: ക്രിക്കറ്റ് കളിക്കിടയിലെ വാതുവയ്പ്പിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകനും രാജസ്ഥാന് റോയല്‍സ് നായകനുമായ രാഹുല്‍ ദ്രാവിഡ്. അങ്ങനെയാണെങ്കില്‍ ഇതിലുള്പ്പെടാന് കളിക്കാര്‍ ഭയപ്പെടുമെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി.
രാഹുലിന്റെ ടീമംഗങ്ങളായിരുന്ന മലയാളി താരം ശ്രീശാന്തും മറ്റ് രണ്ടുപേരുമാണ് വാതുവയ്പ്പില്‍ ദല്‍ഹി പോലീസിന്റെ പിടിയിലായത്. ഒരോവറില്‍ നിശ്ചിത റണ്‍സ് വിട്ടുകൊടുക്കാമെന്ന് മൂവരും നേരത്തേ വാതുവയ്പ്പുകാര്‍ക്ക് ഉറപ്പുകൊടുത്തിരുന്നത്രെ. എന്നാല്‍ ദല്‍ഹി പോലീസിന്റെ കുറ്റാരോപണം നിഷേധിച്ച മൂന്നുതാരങ്ങളും തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിക്കുന്നു. ഈ കേസില്‍ ദ്രാവിഡിനെയും പോലീസ് സാക്ഷിയാക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
താരങ്ങളെ വാതുവയ്പ്പിന്റെ ദോഷവശങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി വേണ്ട ബോധവത്കരണം നല്‍കണമെന്ന് ദ്രാവിഡ് അന്ന് പറഞ്ഞിരുന്നു. ടീമംഗങ്ങളുടെ പ്രവൃത്തികള്‍ നിരീക്ഷിക്കുകയും ശരിയായ നിയമം നടപ്പാക്കുകയും ചെയ്ത് ഇത്തരം കുറ്റങ്ങളില്‍ പെട്ടാല്‍ ശിക്ഷ ലഭിക്കുമെന്ന് മനസ്സിലാക്കിക്കൊടുക്കണം. ഒരു ക്രിക്കറ്റ് വെബ്സൈറ്റിന് നല്കിയ അഭിമുഖത്തില്‍ ദ്രാവിഡ് പറഞ്ഞു.
തങ്ങളുടെ പ്രവൃത്തികള്‍ക്ക് ഉത്തരവാദി തങ്ങള്‍ തന്നെയാണെന്ന് താരങ്ങള്‍ മനസ്സിലാക്കണം. അപ്പോഴേ അവര്‍ക്ക് ഭയമുണ്ടാകൂ. 164 മത്സരങ്ങളില്‍ നിന്നായി 13,000 റണ്‍സ് നേടിയ ശേഷം വിരമിച്ച 40 കാരനായ ദ്രാവിഡ് വ്യക്തമാക്കി. ഈ തെറ്റിന് വളം വയ്ക്കുന്ന സൈക്ലിംഗ് താരങ്ങളും ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. സൈക്ലിംഗ് താരങ്ങള്‍ പരിശോധകരെയോ അധികൃതരെയോ ഭയപ്പെടുന്നില്ല. മറിച്ച് അവര്‍ക്ക് പോലീസിനെ മാത്രമാണ് ഭയം. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ലേഖനങ്ങള്‍ വായിച്ചാല്‍ ഇത് മനസ്സിലാകും അവര്‍ പോലീസിനെയും ജയിലിനെയും ഭയപ്പെടുന്നു എന്ന്.
അതിനാല്‍ ഇത്തരം പ്രവൃത്തികളുടെ അനന്തര ഫലമെന്തെന്ന് കളിക്കാരെ ബോധ്യപ്പെടുത്തണം. ഇത് ക്രിമിനല്‍ കുറ്റമാണെന്ന ഭയം ജനിപ്പിച്ചാല്‍ മാത്രമേ വാതുവയ്പ്പ് അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.
ക്രിക്കറ്റിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ഭരണാധികാരികള്‍ പോലീസുമായി ചേര്‍ന്ന് കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണമെന്നാണ് രാഹുലിന്റെ അഭിപ്രായം. അപ്പോള്‍ മാത്രമേ ആരാധകരും താരങ്ങളും കളിയുടെ മഹത്ത്വം തിരിച്ചറിയൂ. മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് അധികൃതര്‍ നിലകൊള്ളുന്നത്. അതിനാല്‍ തന്നെ പൊതുജനങ്ങളുടെ ദൃഷ്ടിയില് കളിയുടെ വിശ്വാസ്യതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: