കൊച്ചി: പൊക്കമില്ലായ്മ പൊക്കമായി മാറി സ്വര്‍ണക്കൊയ്ത്ത് നടത്തുന്ന സ്വര്‍ണ കുഞ്ഞന്‍ ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാനും ക്ഷണം. അമേരിക്കയില്‍ നടക്കുന്ന കുഞ്ഞന്മാരുടെ ലോക കായികമേളയില്‍ മലയാളിതാരം ജോബി മാത്യു നാല് സ്വര്‍ണത്തിലൂടെ കേരളത്തിന്റെ അഭിമാനമായി മാറി. അമേരിക്കയില്‍ സുവര്ണനേട്ടങ്ങളിലൂടെ തിളങ്ങിയതോടെയാണ് ജോബിയെ ഹോളിവുഡ് സിനിമാലോകം ശ്രദ്ധിച്ചത്. ഏതൊക്കെ സംവിധായകരാണ് ബന്ധപ്പെട്ടതെന്നകാര്യം തത്കാലം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അനന്തമായ സാധ്യതകളാണ് ഈ രംഗത്ത് ജോബിക്ക് ഉള്ളതെന്നാണ് ഹോളിവുഡ് സിനിമാ നിര്‍മാതാക്കള്‍ അഭിപ്രായപ്പെട്ടത്.
യുഎസിലെ മിഷിഗണില്‍ നടക്കുന്ന വേള്‍ഡ് ഡ്വാര്‍ഫ് ഗെയിംസില്‍ കാറ്റഗറി മൂന്ന് വിഭാഗത്തിലാണ് മത്സരിക്കുന്നത്. പാലാ അടുക്കം സ്വദേശിയായ ജോബി 140 സെന്റീമീറ്ററില്‍ താഴെ ഉയരമുള്ളവര്ക്കായി നടത്തുന്ന കുഞ്ഞന്മാരുടെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന വേള്‍ഡ് ഡ്വാര്‍ഫ് ഗെയിംസില്‍ ആദ്യമായിട്ടാണ് പങ്കെടുക്കുന്നത്. ഡ്വാര്‍ഫ് ഗെയിംസ് 10 ന് തീരും. 13 ന് അര്‍ധരാത്രിയോടെ ജോബി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാര്യ മേഘ പറഞ്ഞു.
സംസ്കൃത സര്‍വകലാശാലയില്‍ നൃത്തത്തില്‍ റിസര്‍ച്ച് നടത്തുന്ന മേഘ നിറഞ്ഞ സന്തോഷത്തോടെയാണ് ജന്മഭൂമിയോട് സംസാരിച്ചത്. ഇനി ജോബിക്ക് ഉയരങ്ങളുടെ കാലഘട്ടമാണ്. ഈശ്വരാനുഗ്രഹവും നിശ്ചയദാര്‍ഢ്യവുമാണ് എല്ലാത്തിനും തുണയായിട്ടുള്ളത്. നമ്മളെക്കാള്‍ എത്രയോ മികച്ച സൗകര്യങ്ങളും പരിശീലനവും ലഭിച്ചവരോട് മത്സരിച്ചാണ് ഈ ഉയരങ്ങള്‍ കീഴടക്കിയതെന്ന് മേഘ പറയുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം പ്രകടമാണ്. വെറും 110 സെന്റീമീറ്റര്‍ പൊക്കമുള്ള ജോബിയുടെ ഉയരങ്ങള്‍ ഹിമാലയസാനുക്കളും കടന്നു.
ഒന്നിനൊന്ന് വ്യത്യസ്തമായ ഒന്‍പത് കായിക ഇനങ്ങള്‍ പരീക്ഷിക്കുന്ന ജോബിയുടെ വ്യായാമ പരിശീലനമുറകളും വ്യത്യസ്തമാണ്. ദിവസവും പെരിയാറില്‍ അക്കരെയിക്കരെ നീന്തും. പാലായില്‍ ജനിച്ച അദ്ദേഹം 1999 മുതല്‍ ആലുവ തോട്ടയ്ക്കാട്ടുകരയിലാണ് താമസം. ഏതിനത്തില്‍ പങ്കെടുക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് വ്യായാമമുറകള്‍. കൃത്യമായ ജീവിതനിഷ്ഠയാണ് ജോബി പിന്തുടരുന്നത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ ഓഫീസറാണ് ജോബി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: