തൃപ്പൂണിത്തുറ: എന്‍ഡോസള്‍ഫാന്‍ ഇരകളായ കുരുന്നു ബാല്യങ്ങളുടെ കരളലിയിക്കുന്ന കാഴ്ചകള്‍ എത്രയോ കണ്ടുകഴിഞ്ഞു നമ്മള്. കളിക്കാനോ ചിരിക്കാനോ ഒന്നു മിണ്ടാനോ കഴിയാതെ എത്രയോ ബാല്യങ്ങള്‍. പലരും ചികിത്സയുടെ പാതി വഴിയില്‍. മറ്റു ചിലര്‍ ചികിത്സക്കുപോലും കഴിയാതെ വിതുമ്പുന്നു. വിഷംതുപ്പുന്ന നാട്ടില്‍ നിന്നും ഒരായിരം പ്രതീക്ഷയോടെ ഒരു കുരുന്നു ബാല്യംകൂടി എത്തിയിരിക്കുന്നു. തൃപ്പൂണിത്തുറ ഗവ.ആശുപത്രിയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കാസര്‍ഗോഡ് നിന്നും സൂരജ് എന്ന എട്ടുവയസുകാരന് എത്തിയത്. രണ്ടര വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍ഡോസള്‍ഫാന്‍ ബാധയേറ്റ് ആയുര്‍വ്വേദ ആശുപത്രിയിലെത്തിയ അജിത് എന്ന അപ്പുവില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ് സൂരജുമായി ഇവിടെ എത്താന്‍ പ്രേരിപ്പിച്ചതെന്ന് അച്ഛന് സുരേഷ് പറയുന്നു.
ഡോ.അബ്ദുള്‍ ഷുക്കൂറിന്റെ രണ്ടര വര്‍ഷക്കാലം നീണ്ടു നിന്ന പരിചരണത്തിനൊടുവില്‍ അജിത് പുഞ്ചിരിയോടെയാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.
അസുഖംഭേദമായ അപ്പു സ്കൂളില്‍ പോകാന്‍ തുടങ്ങി. ദേഹമാസകലം വിണ്ടുകീറി ചെതുമ്പലുകള്‍ കൊണ്ട് പൊതിഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷിന് വളര്‍ച്ചക്കുറവും കാഴ്ച്ചക്കുറവും ബുദ്ധിക്കുറവും സാരമായി ബാധിച്ചിട്ടുണ്ട്. പുല്ലൂര്പെരിയപഞ്ചായത്തിലെ ചെട്ടിവളപ്പില്‍ സുരേഷിന്റെയും സരോജിനിയുടെയും മൂത്തമകനാണ് സൂരജ്. പുല്ലൂര്‍പെരിയ പഞ്ചായത്തിലെ തോട്ടങ്ങളില്‍ പ്ലാന്റേഷന് കോര്പ്പറേഷന് വ്യാപകമായി തള്ളിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനി സമ്മാനിച്ച കൊടുംക്രൂരതയുടെ വേദനിപ്പിക്കുന്ന നേര്‍ക്കാഴ്ച്ചയായി തീരുകയാണ് ഈ നിഷ്ക്കളങ്ക ബാല്യം. ഇരകള്‍ക്ക് ലഭിച്ചുവരുന്ന മാസംതോറുമുള്ള പെന്ഷന് തുകയായ 1700 രൂപയാണ് ഈ കുടുംബത്തിന് ലഭിക്കുന്നത്. കൂലിപ്പണിക്കാരനായ സുരേഷിന് നിലവില്‍ ജോലിക്കുപോകാനാവാത്ത സാഹചര്യമാണ്.
ആശുപത്രി ചെലവുകള്‍ തന്നെ ദിനംപ്രതി അഞ്ഞൂറിലേറെ വരും. ഇത് സൗജന്യമാക്കണമെന്ന് ബാലഗോകുലം ആശുപത്രി ജീവനക്കാരോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: