കൊച്ചി: വിനോദസഞ്ചാരികള്‍ക്ക് എന്നും ഹരം പകര്‍ന്നിരുന്ന കോടനാട് ആനക്കൂട് അടച്ചുപൂട്ടാന്‍ നീക്കം. പ്രകൃതിയുടെ വന്യസൗന്ദര്യത്തിനൊപ്പം കുട്ടിയാന മുതല്‍ ഗജവീരന്മാര് വരെയുണ്ടായിരുന്ന പെരിയാറിന് തീരത്തെ ഈ ആനക്കൂട് വിനോദസഞ്ചാരികളുടെ സ്വപ്നഭൂമി കൂടിയായിരുന്നു.
കോടനാട് ആനക്കൂടും പാണേലി പോരും പെരിയാറിലെ കാഴ്ചകളുമെല്ലാം കാണാന്‍ ആയിരങ്ങളാണ് ഇവിടെയെത്താറ്. സംസ്ഥാന വിനോദസഞ്ചാര ഭൂപടത്തിലും കോടനാടിന് പ്രമുഖ സ്ഥാനമുണ്ടായിരുന്നു. ഇങ്ങനെ സംസ്ഥാനത്തിന്റെ അഭിമാനമായ ഈ സ്ഥാപനത്തെ പടിപടിയായി തകര്‍ക്കുവാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ഈ സ്ഥാപനം അധികൃതരുടെ അവഗണനമൂലം തകര്‍ച്ചയെ നേരിടുകയാണ്.
മാനുകളും മ്ലാവുകളും ചീങ്കണ്ണിയും വാനരന്മാരും പെരുമ്പാമ്പുമെല്ലാം ഉണ്ടെങ്കിലും ആനക്കൂടിന്റെ പ്രധാന ആകര്‍ഷണം ആനകള്‍ തന്നെയായിരുന്നു. കുട്ടിയാനകള്‍ മുതല്‍ വലിയ കൊമ്പന്മാര് വരെയുള്ള ചെറുതും വലുതുമായ ആനകള്‍ ഏവര്‍ക്കും ഹര്ഷോന്മാദം പകരുന്നതായിരുന്നു. ഒരുകാലത്ത് 15 മുതല്‍ 20 വരെ ആനകള്‍ ഉണ്ടായിരുന്ന ഇവിടെ ഇന്ന് ആറ് ആനകള്‍ മാത്രമേയുള്ളൂ. ഈ അടുത്തകാലത്ത് വിവിധ സ്ഥലങ്ങളില്‍നിന്നും കൊണ്ടുവന്ന മൂന്ന് ആനക്കുട്ടികള്‍ വിവിധ അസുഖങ്ങള്‍ മൂലം മരിച്ചിരുന്നു. ആനകള്‍ക്ക് അസുഖം വന്നാല്‍ ചികിത്സിക്കുവാന്‍ ഡോക്ടര്‍മാരില്ലാത്തതാണ് കോടനാടിന്റെ ഒരു പ്രധാനപ്രശ്നം. ആനകള്‍ക്ക് അസുഖം വരുമ്പോള്‍ കോട്ടൂരില്‍നിന്നും മറ്റും ഡോക്ടര്‍മാരെത്തുമ്പോഴേക്കും അവസ്ഥ മോശമായിട്ടുണ്ടാകും. രോഗബാധയും അവശതയും മൂലം ആനക്കൂട്ടിലെത്തിച്ചേരുന്ന കുട്ടിക്കൊമ്പന്മാര് പലപ്പോഴും ചരിയുന്നത് ഇൗ വിദഗ്ധ ചികിത്സയുടെ അഭാവം മൂലമാണ്.
ഇക്കാര്യങ്ങളെല്ലാം പറഞ്ഞാണ് ആകെ അവശേഷിക്കുന്ന ആറ് ആനകളില്നിന്നും രണ്ടെണ്ണത്തെ തിരുവനന്തപുരം കോട്ടൂര്‍ക്ക് കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നത്. സുനിത, ഹരിപ്രസാദ്, നീലകണ്ഠന്, ആശ, പാര്‍വതി, അഞ്ജന എന്നീ ആനകളില്‍ നീലകണ്ഠനെയും ആശയെയുമാണ് ഇപ്പോള്‍ കോട്ടൂര്‍ക്ക് കൊണ്ടുപോകുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ആനകളുടെ പ്രത്യുല്പ്പാദനം നടത്തുവാനാണെന്നാണ് കാരണം പറയുന്നതെങ്കിലും ആനക്കൂട് അടച്ചുപൂട്ടുക എന്നുതന്നെയാണ് പുറകിലുള്ള അജണ്ട. ഇവിടുത്തെ മ്ലാവുകളെയും മാനുകളെയുമെല്ലാം നേരത്തെതന്നെ കപ്രിക്കാട്ടേയ്ക്ക് മാറ്റിയിരുന്നു. ആനക്കൂടിനോടുള്ള താല്‍പ്പര്യമില്ലായ്മ നേരത്തെ അധികൃതര്‍ പ്രകടിപ്പിച്ചിരുന്നു.
ആനപിടിത്തം നടന്നിരുന്ന കാലഘട്ടത്തില്‍ വാരിക്കുഴികളില്‍ വീഴുന്ന കാട്ടാനകളെ മെരുക്കുന്നതിനായിട്ടാണ് 1895ല്‍ ആനക്കൂട് സ്ഥാപിതമാകുന്നത്. ഇന്നത്തെ രീതിയിലുള്ള മരക്കൂടുമെല്ലാം നിര്‍മ്മിക്കുന്നത് 1965ലാണ്. ഒരുസമയത്ത് ആറ് ആനകളെ വരെ പരിശീലിപ്പിക്കുവാനുള്ള സംവിധാനം ഇവിടെയുണ്ട്. ഇങ്ങനെ പാരമ്പര്യത്തിന്റെ പ്രൗഢിയോടെ നില്ക്കുന്ന സ്ഥാപനത്തെയാണ് ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നത്. ആനകളെയെല്ലാം ഇവിടെനിന്നും മാറ്റിയതിനുശേഷം ചീങ്കണ്ണിയെ തൃശൂര്‍ മൃഗശാലയിലേക്കും കുരങ്ങന്മാരെയും മലമ്പാമ്പിനെയും കാട്ടിലേക്ക് കയറ്റിവിടുവാനുമാണ് നീക്കം. ആനക്കൂടിനെതിരെയുള്ള നീക്കത്തിനെതിരെ പരിസ്ഥിതി സ്നേഹികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: