എരുമേലി: ഇഎംഎസ് ഭവന നിര്‍മ്മാണ പദ്ധതി ഗുണ ഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച അധികതുക നല്കാന് ബാങ്കില്‍ നിന്നും വായ്പ എടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പഞ്ചായത്തുകള്‍ക്ക് ബാധ്യതയാകുന്നു. 24-05-2013 ല്‍ പുറത്തിറക്കിയ 193/2013-ാം നമ്പര്‍ ഉത്തരവിലാണ് സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇത് നിലവില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കോടികളുടെ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.
2011-12 സാമ്പത്തിക വര്‍ഷത്തില്‍ കരാര്‍ ഒപ്പിട്ട ഇഎംഎസ് ഭവനനിര്‍മ്മാണ പദ്ധതി ഗുണഭോക്താക്കള്‍ക്കാണ് പുതുക്കി നിശ്ചയിച്ച പണം നല്കാന് ഉത്തരവായത്. ഗുണഭോക്താക്കള്‍ക്ക് 75,000 രൂപയായിരുന്നു എല്‍ഡിഎഫ് നല്‍കിയിരുന്നത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇന്ദിര ആവാസ്യോജന (ഐഎവൈ) ഭവനനിര്മ്മാണപദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന 75,000 രൂപ രണ്ടുലക്ഷമായി വര്‍ദ്ധിപ്പിച്ചതോടെ ഇഎംഎസ് ഭവന നിര്‍മ്മാണ പദ്ധതി ഗുണഭോക്താക്കള്‍ക്കും പുതുക്കി നിശ്ചയിച്ച തുക അനുവദിക്കണമെന്ന ആവശ്യം ശക്തമായി. ഇതേ തുടര്‍ന്നാണ് 2011 സെപ്റ്റംബര്‍ മുതല്‍ 2012 വരെ കരാറില്‍ ഒപ്പുവച്ച ഗുണഭോക്താക്കള്‍ക്ക് അധികതുക അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനാവശ്യമായ പണം അതതു പഞ്ചായത്തുകള്‍ കണ്ടെത്തണമെന്നും 2012-13ല്‍ ചെലവഴിക്കാത്ത പദ്ധതിതുക മേഖലതിരിക്കാതെ ഇതിനായി ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവു നടപ്പാക്കാതെ ഗ്രാമപഞ്ചായത്തുകള്‍ പദ്ധതിക്കായി സഹകരണബാങ്കില്‍ നിന്നും എടുത്ത വായ്പയുടെ ഗഡു അടയ്ക്കാനാണ് ഉപയോഗിച്ചത്.
സംസ്ഥാനത്ത് 978 ഗ്രാമപഞ്ചായത്തുകളിലായി 1,12,470 ഗുണഭോക്താക്കളാണ് അധിക തുകയ്ക്ക് അര്‍ഹതയുള്ളത്. അധികതുകയായ 1,25,000 രൂപ ഇത്രയും ഗുണഭോക്താക്കള്‍ക്ക് നല്കണമെങ്കില് 140.5 കോടി രൂപ വായ്പ എടുക്കേണ്ടിവരും. സംസ്ഥാനത്തെ ഒരു പഞ്ചായത്തിന് ഒന്നരക്കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഈ ബാധ്യത ഏറ്റെടുക്കാന്‍ ഒരു പഞ്ചായത്തും ഇതുവരെ തയ്യാറായിട്ടുമില്ല. ഇതുമൂലം പദ്ധതിയിലെ ഭൂരിപക്ഷം ഗുണഭോക്താക്കള്‍ക്കും വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചതോടെ ഗുണഭോക്താക്കളും പ്രതിസന്ധിയിലായി. സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തതമൂലം പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നമാണ് തകരുന്നത്. അര്‍ഹതപ്പെട്ട പണത്തിനായി ഗ്രാമപഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയാണ് ജനങ്ങള്‍.
എസ്. രാജന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: