തിരുവനന്തപുരം: എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപകരെയും അനധ്യാപകരെയും നിയമിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലര്‍ മരവിപ്പിച്ചു. മാനേജുമെന്റുകള്‍ക്ക് സഹായകരമായ നിലവിലെ നിയമന രീതി തുടരാനും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മത,സാമുദായിക സംഘടനകളെ പിണക്കുന്നത് ഉചിതമല്ലെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ മരവിപ്പിച്ചത്. പുതിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിലവിലെ നിയമനരീതികള്‍ തുടരുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സര്‍ക്കുലറിനെതിരെ വിവിധ മാനേജ്മെന്റുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എയ്ഡഡ് സ്കൂളിലെ നിയമനങ്ങളെച്ചൊല്ലി ആക്ഷേപങ്ങളും കോടതി പരാമര്‍ശങ്ങളും ഉണ്ടായതിനെത്തുടര്‍ന്നാണ് മാനേജ്മെന്റുകളുടെ താത്പര്യങ്ങള്‍ക്ക് വിലങ്ങാകുന്ന നിരവധി നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ കഴിഞ്ഞ മാസം പുറപ്പെടുവിച്ചത്. അധ്യാപകരുടെ ഒഴിവുകള്‍ പ്രമുഖ രണ്ട് ദിനപത്രങ്ങളുടെ എല്ലാ എഡിഷനുകളിലും പരസ്യപ്പെടുത്തണം, മൂന്ന് അപേക്ഷകരില്ലെങ്കില്‍ വീണ്ടും അഭിമുഖം നടത്തണം, അഭിമുഖത്തില്‍ മാനേജര്‍ക്ക് പരമാവധി പത്ത് മാര്‍ക്ക് മാത്രമേ നല്‍കാവൂ തുടങ്ങിയ കര്‍ശന വ്യവസ്ഥകളാണ് മാനേജുമെന്റുകളെ ചൊടിപ്പിച്ചത്.
സുതാര്യമായ നിയമനത്തിന് സര്‍ക്കുലര്‍ ഇറക്കിയ ഹയര്‍ സെക്കന്ററി ഡയറക്ടറെ തുടക്കം മുതല്‍ വിദ്യാഭ്യാസ മന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞു. ആരോടും ആലോചിക്കാതെ സര്‍ക്കുലര്‍ ഇറക്കിയെന്നായിരുന്നു കുറ്റപ്പെടുത്തല്‍. എന്നാല്‍ 2004 മുതല്‍ ഇതു സംബന്ധിച്ചുള്ള ഉത്തരവുകള്‍ ക്രോഡീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ഡയറക്ടര്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് നല്കിയ വിശദീകരണം. കോഴ വാങ്ങി വര്‍ഷങ്ങളായി കേരളത്തില്‍ തുടരുന്ന നിയമന രീതിക്ക് തടയിടാനായിന്നു കേശവേന്ദ്രകുമാറിന്റെ ശ്രമം. ഈ ഉദ്യോഗസ്ഥനെ തള്ളിയ സര്‍ക്കാര്‍ മാനേജുമെന്റുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കുലര്‍ മരവിപ്പിക്കുകയായിരുന്നു.
നിലവില്‍ മാനേജുമെന്റുകള്‍ നിയമിച്ച രണ്ടായിരത്തോളം അധ്യാപകര്‍ക്ക് ഇനി ഉടന്‍ അംഗീകാരം കിട്ടും. ഒപ്പം പുതുതായി അനുവദിച്ച തസ്തികകളില്‍ മാനേജുമെന്റുകള്‍ക്ക് ഇഷ്ടം പോലെ നിയമനവും നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: