തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ഏകാംഗ ട്രിബ്യുണല്‍ രൂപീകരിക്കണമെന്ന് റിട്ട.ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായര്‍ കമ്മിറ്റിയുടെ ശുപാര്‍ശ. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി.ആസഫലി, നിയമ സെക്രട്ടറി സി.പി.രാമരാജ പ്രസാദ് എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്നും ഇവര്‍ക്കായി നിയമനിര്‍മ്മാണം നടത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ കമ്പനിക്കും പ്ലാന്റേഷന് കോര്‍പ്പറേഷനും എതിരെ സിവില്‍ കേസിലുടെ വേണം നഷ്ടപരിഹാരം നേടിയെടുക്കാന്‍. ഇരകള്‍ക്ക് ഇതുമൂലം നിരവധി ബുദ്ധിമുട്ടുകളും കോടതിയെ സമീപിക്കുമ്പോള്‍ ഉണ്ടാകുന്നുണ്ട്. 1983 മുതല്‍ 2000 വരെ കശുമാവ് തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ആകാശ മാര്‍ഗം തളിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. 2010 ഡിസംബര്‍ 31ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് നിരോധിക്കുന്നത് വരെ എന്‍ഡോസള്‍ഫാന്‍ വില്‍ക്കുന്നതിനും അനുമതിയുണ്ടായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, പ്ലാന്റേഷന് കോര്പ്പറേഷന് തുടങ്ങിയവയില്‍ നിന്നുള്ള വിഹിതം ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ റിലീഫ് ഫണ്ട് രൂപീകരിക്കണം. ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കുന്നതിനായി ജില്ലാതലത്തില്‍ സംവിധാനങ്ങള്‍ രൂപീകരിക്കണം. കാസര്‍കോട് ജില്ലയിലെ കശുമാവിന് തോട്ടങ്ങള്‍ റബ്ബര്‍ തോട്ടങ്ങളായി മാറിയിട്ടുണ്ട്. ഇതുമൂലം പ്ലാന്റേഷന് കോര്‍പ്പറേഷനെ ആശ്രയിച്ചിരുന്നവര്‍ക്ക് ഇന്ന് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബാംഗങ്ങള്‍ക്ക് ഈ റബ്ബര്‍ തോട്ടങ്ങളില്‍ തൊഴില്‍ നല്‍കണം.
രോഗബാധിതരായവര്‍, കിടപ്പിലായവര്‍, വൈകല്യം സംഭവിച്ചര്‍, 50 ശതമാനത്തില്‍ കൂടുതല്‍ ബുദ്ധിവൈകല്യം സംഭവിച്ചവര്‍ എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന് ശുപാര്‍ശ ചെയ്തു. കാന്‍സര്‍ രോഗികള്‍ അടക്കമുള്ള മറ്റ് ഇരകള്‍ക്ക് മുന്ന് ലക്ഷം രൂപ വീതവും നല്‍കണം. 2,000 രൂപ, 1,000 രൂപ എന്നീ ക്രമത്തില്‍ ഇരകള്‍ക്ക് പെന്ഷന് അനുവദിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
നഷ്ടപരിഹാരത്തിന് അര്‍ഹരായവരെ കണ്ടെത്താന്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണം. പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കശുമാവിന് തോട്ടങ്ങളില്‍ ജോലി ചെയ്തവരോ തോട്ടങ്ങളുടെ സമീപത്ത് വര്‍ഷങ്ങളായി താമസിക്കുന്നവരെയോ ആണ് ദുരിതബാധിതരായി കണക്കാക്കേണ്ടത്. 4,500 പേര്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ വിവിധ തരം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. 1,318 പേര് കൂടി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണെന്നും കണ്ടെത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ മെയ് 20നാണ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായരുടെ നേതൃത്വത്തിലുള്ള സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: