പെരുമ്പാവൂര്‍: കനത്തമഴയിലും പെരിയാര്‍ അടക്കമുള്ള നദികളും കരകവിഞ്ഞതിനെ തുടര്‍ന്ന് നിരവധി പേരാണ് പെരുമ്പാവൂര്‍ മേഖലയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ഇന്നലെ കുന്നത്തുനാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് ക്യാമ്പുകള്‍ കൂടി തുറന്നു. പെരുമ്പാവൂര്‍ നഗരസഭയിലെ കാഞ്ഞിരക്കാട് എല്‍പി സ്കൂള്‍, പൂതൃക്ക പഞ്ചായത്ത്, മഴുവന്നൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് കൂടുതല്‍ ക്യാമ്പുകള്‍ തുറന്നിട്ടുള്ളത്.
പെരുമ്പാവൂര്‍ നഗരസഭയിലെ കാഞ്ഞിരക്കാട് എല്‍പി സ്കൂളില്‍ പുതുതായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ എടത്തറമാലി കോളനിയിലെ മുപ്പതോളം കുടുംബങ്ങളില്‍ നിന്നായി 115 പേരാണുള്ളത്. പെരുമ്പാവൂര്‍ മേഖലയില്‍ പാണിയേലി അഗന്‍വാടി, പാണിയേലി എല്‍പി സ്കൂള്‍, കുവപ്പടി എല്‍പി സ്കൂള്‍, ഒക്കല്‍ എല്‍പി സ്കൂള്‍, മുടക്കല്‍ എല്പിസ്കൂല് എന്നിവിടങ്ങളിലും ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തോടുപുഴ മലങ്കര ഡാം തുറന്ന് വിട്ടതോടെ മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് മഴുവന്നൂര്‍, പൂതൃക്കപഞ്ചായത്തുകളില് വീടുകള്‍ വെള്ളത്തിലാവാന്‍ കാരണം. ഇതേതുടര്‍ന്ന് മഴുവന്നൂര്‍ പഞ്ചായത്തില്‍ പാലപ്പാടി അംഗന്‍വാടിയിലെ ദുരിതാശ്വാസക്യാമ്പിലേക്ക് 15 കുടുംബങ്ങളില്‍ നിന്നായി 57 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
പൂതൃക്ക പഞ്ചായത്തില്‍ കറുകപ്പിള്ളി ഗവ.യുപി സ്കൂളില്‍ 40 കുടുംബങ്ങളിലെ 200 ആളുകള്‍, കടമറ്റം ഗവ.യുപി സ്കൂളില്‍ 50 കുടുംബങ്ങളില്‍ നിന്നായി 200 ആളുകള്‍, പാലയ്ക്കാമറ്റം സെന്റ് പീറ്റേഴ്സ് സണ്ഡേസ്കൂളില് 40 കുടുംബങ്ങളില്‍ നിന്ന് 160 പേരെയുമാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നതെന്നും തഹസീര്‍ദാര്‍ അറിയിച്ചു.
മഴയുടെ ശക്തികുറഞ്ഞെങ്കിലും വീടുകള്‍ വൃത്തിഹീനമായി കിടക്കുന്നതോടെ വീടുകളിലേക്ക് പോകാനാകാതെ ക്യാമ്പില്‍ തന്നെ പലരും കഴിയുന്നുണ്ട്. എന്നാല്‍ പാണിയേലി അംഗന്‍വാടി, എല്‍പിസ്കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ള 41 കുടുംബങ്ങളില്‍ നിന്നുള്ള 149 പേര് ഏറെ ദുരിതത്തിലാണെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. വെള്ളത്തില്‍ മുങ്ങിയ കിണറുകളിലേക്ക് കക്കൂസ് മാലിന്യങ്ങള്‍ വന്നുചേര്‍ന്നതോടെ കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണുള്ളത്. റേഷന്‍ ലഭിക്കുന്നതിനുള്ള സൗകര്യങ്ങളൊന്നും അധികൃതര്‍ ചെന്നില്ലെന്നും ക്യാമ്പിലുള്ളവര്‍ പറയുന്നു.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും എത്രയും വേഗം അടിയന്തിര സഹായങ്ങളായ റേഷനും, കുടിവെള്ളവും എത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് ക്യാമ്പ് സന്ദര്‍ശിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ് ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള സര്‍ക്കാര്‍ സഹായയങ്ങള്‍ എത്രയും വേഗം ലഭ്യമാക്കണമെന്ന് ഒക്കല്ക്യാമ്പില് സന്ദര്‍ശനം നടത്തിയ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ സെക്രട്ടറി കെ.അജിത്കുമാര്‍, മണ്ഡലം ഭാരവാഹികളായ എം.ജി.ഗോവിന്ദന് കുട്ടി, ഒ.സി.അശോകന്, എസ്.ജി.ബാബുകുമാര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: