കൊച്ചി: പ്രശസ്ത പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും ‘മാതൃഭൂമി’ മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായ കെ.പി. വിജയന് (80) അന്തരിച്ചു. കലൂര്‍ പോണോത്ത് റോഡിലുള്ള വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
1955 ല്‍ ‘മാതൃഭൂമി’യില്‍ റിപ്പോര്‍ട്ടറായി ഔദ്യോഗികജീവിതം ആരംഭിച്ച വിജയന് 1992 ല്‍ കൊച്ചി ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു. ഇടക്കാലത്ത് ആഴ്ചപ്പതിപ്പിന്റെയും വാരാന്തപ്പതിപ്പിന്റെയും ചുമതലകള്‍കൂടി വഹിച്ചു.
കതിരൂര്‍ സ്വദേശിയായ അദ്ദേഹം 1953 ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍നിന്നും ബിരുദം നേടി. നാഗ്പ്പൂരിലെ ഹിസ്ലോപ് കോളേജില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ നേടി. 1972 ല്‍ ലണ്ടനിലെ തോംസണ്‍ ഫൗണ്ടേഷനില്‍ പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം നേടി.
ചെറുകഥാകൃത്തും സാഹിത്യ വിമര്‍ശകനുമായിരുന്ന അദ്ദേഹം പത്രങ്ങള്‍ വിചിത്രങ്ങള്‍, ഗദ്യശില്പി, മാര്‍ക്സിസത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും, പടിഞ്ഞാറന്‍ മുഖച്ഛായകള്‍, മലയാളഗദ്യനായകന്മാര്, ദലിത്സമരങ്ങള് ഇന്നലെ ഇന്ന് നാളെ, അംബേദ്ക്കറുടെ കൂടെ, പൊരുതി വളര്‍ന്ന എഴുത്തുകാരികള്‍, ബ്രന്മിത് കമ്യൂണിസം തുടങ്ങി പതിനാറോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ‘പത്രങ്ങള്‍ വിചിത്രങ്ങള്‍’ എന്ന പുസ്തകത്തിന് വിലാസിനി പുരസ്കാരവും ‘ഗദ്യശില്പി’ക്ക് സാഹിത്യ അക്കാദമിയുടെ സി.ബി.കുമാര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡും ലഭിച്ചു. എറണാകുളം പ്രസ്ക്ലബ് പ്രസിഡന്റായിരുന്നു.
പ്രഭയാണ് ഭാര്യ. മക്കള്‍: ഡോ. ശരത് (മസ്കറ്റ്), സന്ധ്യ. മരുമക്കള്‍: സ്വപ്ന, ഷാജി. കേരള പത്രപ്രവര്‍ത്തക യൂണിയന്, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം എന്നിവയുടെ നേതാക്കള്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: