കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ സാറ്റലൈറ്റ് കേന്ദ്രമായ തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ വെബ്ബ് അധിഷ്ഠിത സേവനധാതാക്കളായ വെബ്ബ് ആന്റ് ക്രാഫ്റ്റ് ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ഇന്‍ഫോപാര്‍ക്ക് ചീഫ എക്സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായരും മറ്റ് മുതിര്‍ന്ന ഇന്‍ഫോപാര്‍ക്ക് ഉദ്യോഗസ്ഥരും വാര്‍ഷികാഘോഷത്തില്‍ കമ്പനിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കെടുത്തു.
2009-ല്‍ എബിന് ജോസ് എന്ന 19 വയസ്സുള്ള യുവാവാണ് ചെന്നൈയില്‍ വെബ്ബ് ആന്റ് ക്രാഫ്റ്റ് ആരംഭിച്ചത്. 2012-ല്‍ ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ കമ്പനി ഓഫീസ് ആരംഭിച്ചു. ഇന്ന് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒയാണ് എബിന് ജോസ്. 500 ഓളം ക്ലൈയന്റുകള്ക്ക് വേണ്ടി 2500 വെബ്ബ് സൈറ്റുകള്‍ക്കു വേണ്ട സേവനം കമ്പനി ലഭ്യമാക്കി. 80 ലക്ഷം രൂപ വാര്‍ഷിക വരുമാനം നേടി. വാര്‍ഷിക ദിനത്തോടനുബന്ധിച്ച് കമ്പനി 10 ലക്ഷം രൂപ വിലമതിക്കുന്ന വെബ്ബ് സെപ്യ്സ് ലാഭം പ്രതീക്ഷിക്കാതെ സാമൂഹിക സേനവ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. ഇവര്‍ക്കുവേണ്ട വെബ്ബ് അധിഷ്ഠിത സേവനങ്ങളും കമ്പനി സൗജന്യമായി ലഭ്യമാക്കും.
ഒന്നാംനിര നഗരങ്ങളിലുള്ള കമ്പനികള്‍ക്കൊപ്പം എവിടെയിരുന്നും നിലവാരത്തോടെ പ്രവര്‍ത്തിക്കാനും വികസിക്കാനും കമ്പനികള്‍ക്ക് കഴിയുമെന്നതിന്റെ തെളിവാണ് വെബ്ബ് ആന്റ് ക്രാഫ്റ്റിന്റെ വിജയമെന്ന് ഇന്‍ഫോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ പറഞ്ഞു. തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ ചെറുതും ഇടത്തരവുമായ കമ്പനികള്‍ക്ക് വികസിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും കൂടുതല്‍ കമ്പനികള്‍ താല്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
15 പേരുള്ള കമ്പനി ലോകോത്തര നിലവാരത്തിലുള്ള സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുവാന്‍ കഴിഞ്ഞ ഒരു വര്‍ഷം ശ്രമിച്ചിട്ടുണ്ടെന്നും അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 പേരുള്ള കമ്പനിയായി മാറുകയാണ് ലക്ഷ്യമെന്നും എബിന് ജോസ് അഭിപ്രായപ്പെട്ടു. ഓഫീസുകളും കടകളും പരസ്പരം ബന്ധിപ്പിച്ച് വ്യവസായം കൂടുതല്‍ എളുപ്പത്തിലുള്ളതാക്കുന്ന ഒരു ഇ.ആര്.പി സൊല്യൂഷന് വികസിപ്പിച്ചുവരുന്നു. 30 കമ്പനികളിലായി 600 ജീവനക്കാര്‍ തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്നുണ്ട്. ആദ്യഘട്ടത്തിലെ 60,000 ചതുരശ്ര അടിയിലും കമ്പനികള്‍ പ്രവര്‍ത്തിച്ചുവരുന്നു. മൂന്നുലക്ഷം ചതുരശ്രഅടിയിലായി രണ്ടാംഘട്ടം വികസനം പൂര്‍ത്തിയാകുമ്പോള്‍ 2500 തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: