തിരുവനന്തപുരം: മഴ കനത്തതോടെ ജലവൈദ്യുത പദ്ധതികളില്‍ വൈദ്യുതി ഉല്പാദനം കൂട്ടിയ കെഎസ്ഇബിയുടെ പക്കല്‍ നിന്ന് അധിക വൈദ്യുതി വാങ്ങാനാളില്ല. ഇതു മൂലം വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ്. മഴകനത്താലും ഈ സാഹചര്യത്തില്‍ ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തുന്നത്.
മഴകനത്തതോടെ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള അണക്കെട്ടുകളെല്ലാം തുറന്നു വിടുന്ന അവസ്ഥയിലാണ്. മഴ ഇനിയും കനത്താല്‍ ഇടുക്കി ഉള്‍പ്പടെ പ്രധാനപ്പെട്ട അണക്കെട്ടുകളും തുറന്നു വിടേണ്ടിവരും. ഇടുക്കിയില്‍ ഇപ്പോള്‍ 83 ശതമാനം വെള്ളമുണ്ട്. മുല്ലപ്പെരിയാര്‍ 136 അടി കവിഞ്ഞാല്‍ പുറത്തേക്ക് ഒഴുകുന്ന ജലം ഇടുക്കി അണക്കെട്ടിലാണ് സംഭരിക്കപ്പെടുന്നത്. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും കനത്ത മഴ പെയ്യുന്നതിനാല്‍ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ കവിഞ്ഞൊഴുകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെവന്നാല്‍ 1992 നു ശേഷം ആദ്യമായി ഇടുക്കി അണക്കെട്ട് തുറക്കും. ശബരിഗിരിയില്‍ 86 ശതമാനം വെള്ളമുണ്ട്. മാട്ടുപ്പെട്ടിയും കുണ്ടളയും ആനയിറങ്കലും മാത്രമേ ഇനി നിറയാനുള്ളൂ. ബാക്കി എല്ലാ അണക്കെട്ടുകളും നിറഞ്ഞതിനാല്‍ ഷട്ടറുകള്‍ തുറന്നുവിട്ടിരിക്കുകയാണ്.
അണക്കെട്ടുകളിലെല്ലാം കൂടി സംഭരണ ശേഷിയുടെ 86 ശതമാനം വെള്ളമുണ്ട്. നീരൊഴുക്കും ശക്തമാണ്. 2007നുശേഷം ആദ്യമായാണ് ഇത്ര ശക്തമായ നീരൊഴുക്ക്. ഇപ്പോള്‍ 3565 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടുകളിലെല്ലാം കൂടിയുണ്ടെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ കണക്ക്. അതിനാല്‍ തന്നെ സമീപ കാലത്തൊന്നും ഇല്ലാത്ത തരത്തില്‍ വൈദ്യുതി ഉല്പാദനം കൂട്ടിയിട്ടുണ്ട്. സംഭരണ ശേഷിയില്‍ നിന്നും അധികാമായി ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി മറിച്ചുവില്‍ക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും സംസ്ഥാനത്തു നിന്ന് വൈദ്യുതി വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണിപ്പോള്‍. മിക്ക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ ലഭ്യമായതോടെയാണിത്. 29.45 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉല്പാദനം. വൈദ്യുതി ഉപഭോഗം നാല്പത്തിയേഴ് ദശലക്ഷം യൂണിറ്റും. പീക്ക് ലോഡ് സമയത്ത് പുറത്തു നിന്നുള്ള വൈദ്യുതി വേണ്ടി വരുമായിരുന്നെങ്കിലും സംസ്ഥാനം ഇപ്പോള്‍ പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നില്ല. ഇവിടെ അധിക വൈദ്യുതി ഉള്ളതിനാലാണ് ഇത്. കരാര്‍ പ്രകാരമുള്ള വൈദ്യുതി വാങ്ങാത്തതിനാല്‍ ഒരു ദശലക്ഷം യൂണിറ്റിന് ഒരു രൂപയെന്ന നിരക്കില്‍ പിഴ ബോര്‍ഡ് നല്‍കേണ്ടി വരും.
ഓഫ് പീക്ക് സമയത്ത് വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിച്ച് വില്പനനടത്താമെന്നാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വൈദ്യുതി വാങ്ങാനാളില്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. എങ്കിലും ശരാശരി മൂന്നു രൂപയ്ക്ക് കെഎസ്ഇബി പവര്‍ എക്സ്ചേഞ്ചിലേയ്ക്ക് വൈദ്യുതി വില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 2.34 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിറ്റു. വില്പന നടത്തിയാലും ബോര്‍ഡിന്റെ നഷ്ടകാലം മാറില്ല. വെള്ളം കൂടുതലുണ്ടായതിനാല്‍ അധിക വൈദ്യുതി ഉല്പാദിപ്പിക്കുമ്പോള് വരുന്ന ചെലവാണ് ഇപ്പോള്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ കഴിഞ്ഞ വര്‍ഷമെടുത്ത 2000 കോടിയുടെ വായ്പയും അതിന്റെ തിരിച്ചടവും മറ്റൊരു പ്രതിസന്ധിയായി ചൂണ്ടിക്കാട്ടുന്നു.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: