അടിമാലി: തിങ്കളാഴ്ച രാവിലെ 9 മണിയോടെ ചീയപ്പാറയില്‍ ഒരു മല അപ്പാടെ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ചീയപ്പാറയിലെ അതിമനോഹരമായ വെള്ളച്ചാട്ടം ആസ്വാദിക്കുവാന്‍ അപ്പോഴും വിനോസഞ്ചാരികളടക്കം 20 ഓളം പേര് അടുത്തുണ്ടായിരുന്നു.
ഞായറാഴ്ച രാത്രി ഈ പ്രദേശത്ത് ചെറിയ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസ്സപ്പെട്ട റോഡ് ഗതാഗതം സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി റവന്യൂ അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. അവര്‍ ജോലി ചെയ്യാന്‍ ആരംഭിക്കുന്നതിനിടയിലാണ് കണ്ണെത്തും ദൂരത്ത് നിന്ന് ആ മഹാദുരന്തം ഊര്‍ന്നിറങ്ങി വന്നത്. ഏകദേശം 20 ഓളം വാഹനങ്ങള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. നിരവധി കടകള്‍, കടകള്‍ക്കുള്ളില്‍ ഉണ്ടായിരുന്നവര്‍ വാഹനങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരുന്നവര്‍ ഇവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ഒരു ഊഹവുമില്ല. വൈകിട്ട് ആറ് മണിവരെ അഞ്ച് മൃതദേങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. കോരിച്ചൊരിയുന്ന മഴയില്‍ ഇന്നലെ വൈകും വരെ രക്ഷാപ്രവര്‍ത്തനം അവിടെ സാധ്യമായിരുന്നില്ല. ഇടയ്ക്ക് മണ്ണിടിച്ചില്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഒന്നും ചെയ്യാന്‍ ആകാതെ ഭരണകൂടം വിറങ്ങലിച്ചു നിന്ന കാഴ്ചകളാണ് ചീയപ്പാറയില്‍ കണ്ടത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക്ശേഷമാണ് ജില്ലാകളക്ടര്‍ അജിത് പാട്ടീല്‍ ചീയപ്പാറയിലെത്തിയത്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കുടുങ്ങി ജില്ലാ ആസ്ഥാനത്ത് നിന്ന് കളക്ടര്‍ക്ക് പോലും പുറത്ത് കടക്കുക സാധ്യമായിരുന്നില്ല. ചീയപ്പാറയിലെ മണ്ണിടിച്ചിലില്‍ 50 ഓളം പേരെങ്കിലും അകപ്പെട്ടിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം കണക്കാക്കിയിട്ടുള്ളത്. ഒരു പകല്‍ മുഴുവന്‍ കാത്തിരുന്നിട്ടും മൂന്നു മൃതദേഹങ്ങള്‍ മാത്രമാണ് തിങ്കളാഴ്ച രാത്രി 7 മണിവരെ കണ്ടെത്താനായത്. രാത്രിയിലും തെരച്ചില്‍ നടത്താനുള്ള സന്നാഹങ്ങള്‍ ഒരുക്കിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. പ്രദേശം മുഴുവന്‍ സെര്‍ച്ച് ലൈറ്റ് സ്ഥാപിച്ചു വരികയാണ്.
രാത്രിയില്‍ മഴകുറഞ്ഞാല്‍ മാത്രമേ തെരച്ചില്‍ സാധ്യമാകൂ. ഇനിയും മറ്റൊരു ദുരന്തത്തിന് കൂടി തലവച്ചു കൊടുക്കാതെയുള ജാഗ്രതാ നിര്‍ദ്ദേശമാണ് അധികൃതര്നല്കിയിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: