കൊല്ലം: പൊതുജനങ്ങളില്‍ നിന്നും 500 കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ ലീ കാപ്പിറ്റല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് ഫ്രാഞ്ചൈസി ഉടമയായ വനിത ഉള്‍പ്പടെ മൂന്നുപേരെ പോലീസ് അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ലീ കാപ്പിറ്റല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി സ്വന്തം പേരില്‍ നടത്തി പോന്നിരുന്ന കൊല്ലം മുണ്ടയ്ക്കല്‍ ഉദയമാര്‍ത്താണ്ഡപുരം ചേരിയില്‍ തുമ്പറ ക്ഷേത്രത്തിന് സമീപം തുളസി മന്ദിരത്തില്‍ ശ്യാം കുമാറിന്റെ ഭാര്യ ഉഷാ ശ്യാംകുമാര്‍ (53), കൊല്ലം മെയിന്റോഡിലെ ലീ കാപ്പിറ്റല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ മീനാട് വില്ലേജില്‍ താഴംവടക്ക് ചേരിയില്‍ റോയല്‍ ഹോസ്പിറ്റലിന് സമീപം കൃഷ്ണകൃപയില്‍ അയ്യപ്പന് മകന് രാജേഷ് (40), അസിസ്റ്റന്റ് മാനേജര്‍ തൃക്കടവൂര്‍ വില്ലേജില്‍ മതിലില്‍ ചേരിയില്‍ വെങ്കേക്കര ജംഗ്ഷന് സമീപം കൃഷ്ണപ്രഭയില്‍ നിന്നും തൃക്കരുവ വില്ലേജില്‍ ഞാറയ്ക്കല്‍ ചേരിയില്‍ കുന്നുവിള മഠത്തിന് സമീപം കൃഷ്ണപ്രഭയില്‍ താമസം കൃഷ്ണന്‍കുട്ടി നായര്‍ മകന് ബിനോയ് (30) എന്നിവരെയാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റയുടെ നിര്‍ദ്ദേശാനുസരണം സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്ന കൊല്ലം എസിപി ബി. കൃഷ്ണകുമാര്‍, കൊല്ലം ഈസ്റ്റ് സിഐ ഷെരീഫ്, എസ് ഐ ജി.ഗോപകുമാര്‍, എസ്ഐ സയാനി, ഗ്രേഡ് എസ്ഐ സുരേഷ്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ഹരിഹരന് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
ലീ കാപ്പിറ്റല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വ്യാജമായി രസീതുകള്‍ നിര്‍മ്മിച്ച് ഏതാണ്ട് അമ്പതോളം പേരില്‍ നിന്നായി 20 കോടിയിലധികം രൂപ അറസ്റ്റിലായ ഉഷാശ്യാംകുമാര് തട്ടിയെടുത്തതായി അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, വിദേശമലയാളികളുമാണ് ഇവരുടെ ഫ്രാഞ്ചൈസിയില്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. തിരുവനന്തപുരം ബ്രാഞ്ചിലെ മുഖ്യചുമതലക്കാരിയായി ജോലി നോക്കിയിരുന്നത് അറസ്റ്റിലായ ഉഷയുടെ മകളായിരുന്നു. ഇവര്‍ കൊല്ലം മുണ്ടയ്ക്കല്‍ കേന്ദ്രീകരിച്ച് വ്യാജരസീതുകള്‍ നിര്‍മ്മിച്ച് ഫ്രാഞ്ചൈസി നടത്തിവന്നു.
സ്ഥാപനത്തിന്റെ കൊല്ലത്തെ മെയിന്‍ റോഡ് ബ്രാഞ്ചിലെ നടത്തിപ്പുകാരായ രാജേഷ്, ബിനോയ് എന്നിവര്‍ തങ്ങളുടെ താഴെ 50 ഓളം എക്സീക്യുട്ടീവുകളെ നിയമിച്ച് ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നായി ഏതാണ്ട് 100 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. ഈ തുകയെല്ലാം രണ്ട് പേരുടെയും ബാങ്ക് അക്കൗണ്ട് വഴിയാണ് ഇടപാട് നടത്തിയത്. ഇതില്‍ നല്ലൊരുപങ്ക് തുകയും ഇവര്‍ രണ്ടുപേരും അവരുടെ പേരില്‍ മാറ്റിയിരുന്നു. അറസ്റ്റിലായ മൂന്നുപേരും ജില്ലയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ബിനാമി പേരില്‍ ധാരാളം ഭൂസ്വത്തുക്കള്‍ വാങ്ങിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 406, 409, 420, 465, 468 എന്നീ വകുപ്പുകളും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ടും അനുസരിച്ചുള്ള കുറ്റമാണ് പ്രതികള്‍ നടത്തിയിരിക്കുന്നത്. ഈ കേസിലെ ഒന്നാം പ്രതിയും സ്ഥാപനത്തിന്റെ ഉടമയുമായ സന്തോഷ്കുമാര്‍ ഒളിവിലാണ്. ഇയാള പിടികൂടാന്‍ പ്രത്യേക സ്വാഡ് കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ തെരച്ചില്‍ നടത്തികൊണ്ടിരിക്കുകയാണ്. കമ്പനിയ്ക്ക് പൊതുജനങ്ങളില്‍ നിന്നും യാതൊരുവിധത്തിലും നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ റിസര്‍വ്വ് ബാങ്കോ, സെബിയോ, കമ്പനി രജിസ്ട്രാറോ, അനുമതി നല്‍കിയിട്ടില്ല. ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സാമ്പത്തിക നിക്ഷേപം നടത്തരുതെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലാപോലീസ് നടപടി ആരംഭിച്ചിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റ അറിയിച്ചു. അറസ്റ്റ് ചെയ്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. തട്ടിപ്പിലൂടെ ഇവര്‍ സ്വന്തമാക്കിയ സമ്പത്ത് കണ്ടെത്താനും മറ്റ് അന്വേഷണങ്ങള്‍ക്കുമായി മൂവരെയും കസ്റ്റഡിയില്‍ വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: