ഫാദര്‍ ക്രിസ്റ്റി പ്രഖ്യാപിച്ചു. ഇടവക പൊതുയോഗം ആരംഭിക്കുകയാണ്. എല്ലാവരും എഴുന്നേല്ക്കുവിന്. നമുക്ക് പ്രാര്‍ത്ഥിക്കാം.
ഫാദര്‍ ക്രിസ്റ്റി പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമം അടയാളപ്പെടുത്തി കുരിശു വരച്ചു.
കുഞ്ഞാടുകള്‍ ഏറ്റുവരച്ചു.
ഫാദര്‍ ക്രിസ്റ്റി പ്രാര്‍ത്ഥിച്ചു. ‘ദൈവമേ, സ്വര്‍ഗസ്ഥനായ പിതാവേ, ഈ വര്‍ഷത്തേ ഇടവക പൊതുയോഗം പൂര്‍ണമായും നിന്റെ തിരുമുമ്പില്‍ സമര്‍പ്പിക്കുന്നു. ഇടവക വികാരിയോടൊപ്പം നിന്ന് ഇടവക ഭരണം നടത്തുന്ന കണക്കന്റെയും കാര്യസ്ഥന്റെയും ത്യാഗമനോഭാവത്തിന് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. കമ്മറ്റിക്കാരുടെ സഹകരണവും കഴിഞ്ഞവര്‍ഷം വേണ്ടതുപോലെ കിട്ടിയതിന് കര്‍ത്താവേ നന്ദി! കര്‍ത്താവേ നന്ദി! ഈ ഇടവകയെ അഭിവൃദ്ധിയിലേക്ക് ആനയിച്ച കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വണങ്ങുന്നു. ഈ പൊതുയോഗത്തിന്റെ സുഗമമായ നടത്തിപ്പിന് നിന്റെ കൃപ ഞങ്ങളില്‍ ചൊരിയണമേ! പിതാവിന്റെയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ ആമ്മേന്‍.
കുഞ്ഞാടുകള്‍ ഏറ്റു ചൊല്ലി.
ആമ്മേന്‍
എല്ലാവരും സ്വസ്ഥാനങ്ങളില്‍ ഉപവിഷ്ഠരായി.
ഫാദര്‍ ക്രിസ്റ്റി കണക്കവതരണത്തിനായി കണക്കനെ ക്ഷണിച്ചു. രണ്ടുകോടി നാല്‍പ്പത്തിയഞ്ചു ലക്ഷം രൂപ വരവും രണ്ടുകോടി നാല്‍പ്പത്തിനാലു ലക്ഷത്തി മുപ്പതിനായിരത്തി എണ്ണൂറ്റി പന്ത്രണ്ട് രൂപ ചെലവും അറുപത്തി ഒമ്പതിനായിരത്തി ഒരുനൂറ്റി എണ്‍പത്തിയെട്ട് രൂപ മിച്ചവും കാണിക്കുന്ന കണക്ക് അവതരിപ്പിച്ചു.
ഫാദര്‍ ക്രിസ്റ്റി അജഗണങ്ങളോട് ചോദിച്ചു, കണക്ക് പാസ്സാക്കുമല്ലോ?
തദയൂസ്സ് എഴുന്നേറ്റ് പറഞ്ഞു, “പള്ളിതിരുനാള്‍ നടത്തിയ കണക്കില്‍ ക്രമക്കേടുകളുണ്ട്. പള്ളിമെയന്റനന്സിനും ഇത്രത്തോളം ചെലവുണ്ടാകാന്‍ സാധ്യതയില്ല. പള്ളി വസ്തുക്കളിലെ വരവിനത്തിലും ഇടവക ജനങ്ങളുടെ വരുമാന അംശവും ഇത്രയും കണ്ടാല്‍ പോര. നേര്‍ച്ച വരവുകള്‍ മുന്‍വര്‍ഷത്തേക്കാളും വളരെ കുറച്ചാണ് കാണുന്നത്. സ്കൂളിലെ അധ്യാപക നിയമനങ്ങളിലും അതിലെ വരവിനും ക്രമക്കേടുകള്‍ ഉണ്ട്. അതിനാല്‍ ഒരു ആഡിറ്റ് കമ്മറ്റിയെ നിയോഗിച്ചു പരിശോധിക്കണം. പ്രത്യേകിച്ചും ഈ ഇടവകയിലെ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരുടെ ഒരു ആഡിറ്റ് കമ്മറ്റിയായാല്‍ അഭികാമ്യം.”
ഫാദര്‍ ക്രിസ്റ്റി അരുള്‍ ചെയ്തു. ” നിങ്ങള്‍ പറയുന്നത് എന്താണെന്ന് നിങ്ങളറിയുന്നില്ലെന്ന് നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ അരുള്‍ ചെയ്തിട്ടുണ്ട്.”
ഇടവകയ്ക്കായി ത്യാഗോജ്ജ്വല സേവനം കാഴ്ചവച്ച നമ്മുടെ പള്ളികൈക്കാരനേയും കണക്കനെയും അവിശ്വസിക്കുന്നത് പാപമാണെന്നും അവര്‍ കര്‍ത്താവിന്റെ തിരുമുമ്പില്‍ നീതീകരിക്കപ്പെടുകയില്ലെന്നും അറിയുക.
പ്രിയ തദയൂസ് കുഞ്ഞാടേ, സ്വര്‍ഗത്തിന്റെ വാതില്‍ സ്വയം കൊട്ടിയടയ്ക്കരുത്. തദയൂസിന്റെ അഭിപ്രായം മറ്റുള്ളവര്‍ പരിഗണിക്കില്ലെന്ന് താന്‍ വിശ്വസിച്ചുകൊണ്ട് കണക്ക് പാസ്സാക്കിയതായി പ്രഖ്യാപിക്കട്ടെ?
ഉടന്‍ സൈമണും ഫിലിപ്പും എണീറ്റ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി ‘തദയൂസ് പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ഞങ്ങള്‍ക്കും അഭിപ്രായമുണ്ട്.’
തദയൂസിന്റെ അഭിപ്രായത്തെ മറ്റുചില യുവാക്കളും പിന്താങ്ങിക്കൊണ്ട് മുറുമുറുപ്പ് നടത്തി.
ഫാദര്‍ ക്രിസ്റ്റി എണീറ്റ് ഉദ്ബോധിപ്പിച്ചു. “സമൂഹത്തെ നോക്കി അവിശ്വാസികളായ തലമുറയെ എന്ന് നമ്മുടെ കര്‍ത്താവായ യേശു സംബോധന ചെയ്തതാണ് ഇപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോകുന്നത്.”
ഇതിനോടനുബന്ധിച്ച് മറ്റൊരു സംഭവം കൂടി ഞാന്‍ നിങ്ങളെ ഓര്‍മപ്പെടുത്തുന്നു. ദൈവപുത്രനായ ക്രിസ്തു ക്രൂശിതനായി മരണപ്പെട്ട് മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റതായും ശിഷ്യന്മാരോട് ഒന്നിച്ച് സമയം ചെലവിട്ടതായും സ്ഥലത്തില്ലായിരുന്ന ക്രിസ്തു ശിഷ്യനായ തോമസിനോട് മറ്റ് ശിഷ്യന്മാര് പറഞ്ഞു.
അവിശ്വാസിയായ തോമസ് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റത് വിശ്വസിക്കാന്‍ തയ്യാറായില്ല. വിശുദ്ധ തോമസ് പറഞ്ഞു, “കര്‍ത്താവിന്റെ വലത്തേ നെഞ്ചില്‍ വാരിയെല് ഭാഗത്ത് കുന്തം കൊണ്ടുള്ളൊരു മുറിവുണ്ട്. അതില്‍ വിരല്‍ കടത്തി നോക്കിയാല്‍ മാത്രമേ, കര്‍ത്താവായ യേശുക്രിസ്തുവാണ് തിരിച്ചു വന്നതായി ഞാന്‍ വിശ്വസിക്കുകയുള്ളൂ.”
ആകാശം ഇരുണ്ടു, ഇടിമുഴക്കമുണ്ടായി! തിരശ്ശീല രണ്ടായി പിളര്‍ന്നു! ഭൂമി വിറകൊണ്ടു! ശിഷ്യന്മാര് ഇരുന്ന മുറിയിലേക്ക് ശക്തമായി മിന്നല്‍ പിണറുകള്‍ ഇരച്ചു കയറി! ദൈവമായ യേശുക്രിസ്തു പ്രത്യക്ഷനായി!
“തോമസേ, തോമസേ, ഇതാ ഞാന്‍! നിന്റെ വിരലുകള്‍ എന്റെ വാരിയെല്ലുകള്‍ക്കിടയില്‍ കടത്തി ഇത് ഞാനാണെന്ന് നീ ഉറപ്പു വരുത്തുക.”
വിശുദ്ധ തോമസ് ഭയചകിതനായി. കര്‍ത്താവിന്റെ വാരിയെല്ലുഭാഗത്തെ മുറിവുകളെ വീക്ഷിച്ചു.
കര്‍ത്താവ് അരുള്‍ ചെയ്തു. “തോമസേ, കണ്ടു വിശ്വസിക്കുന്നവനെക്കാള്‍ ഭാഗ്യവാന് കാണാതെ വിശ്വസിക്കുന്നവനാണ്.”
കര്‍ത്താവ് അപ്രത്യക്ഷനായി.
ഇനി ഞാന്‍ നിങ്ങളോട് ചോദിച്ചോട്ടെ. നിങ്ങള്‍ തോമസ് പുണ്യവാളനെപ്പോലെ അവിശ്വാസികളാകുകയാണോ?
സദസ്സില്‍നിന്നും കണക്ക് പാസ്സാക്കണം, പാസ്സാക്കണം എന്ന് ഉച്ചത്തിലുള്ള വിളികള്‍ ഉയര്‍ന്നു.
അതിനൊപ്പം തദയൂസും സൈമണും ഫിലിപ്പും ഈ കണക്ക് ഒരാഡിറ്റ് കമ്മറ്റിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് ശക്തിയുക്തം നിലകൊണ്ടു. യോഗം ശബ്ദായമാനമായി.
ഫാദര്‍ ക്രിസ്റ്റി തുടര്‍ന്നു. ഒരു സംഭവകഥ നിങ്ങളോട് ഞാന്‍ വിവരിക്കാം. ‘ഒരു യാത്ര കപ്പല്‍ പസഫിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റുണ്ടായി! സമുദ്രം ഇളകി മറിഞ്ഞു! പേമാരി വര്‍ഷിച്ചു! കപ്പല്‍ സമുദ്രഗര്ത്തത്തിലേക്ക് താണുപോകുമെന്ന അവസ്ഥയുണ്ടായി. കപ്പല്‍യാത്രക്കാരെല്ലാം കൈകളുയര്‍ത്തി ദൈവമേ… ദൈവമേ… രക്ഷിക്കണേ… രക്ഷിക്കണേയെന്ന് മനം നൊന്തു വിളിച്ചു.
ദൈവം അവരുടെ സ്വരം ശ്രവിച്ചു. ദൈവം അരൂപിയായി പ്രത്യക്ഷപ്പെട്ടു!
അവരോട് അരുള്‍ ചെയ്തു, ഈ കപ്പല്‍ ആടി ഉലഞ്ഞു മുങ്ങാറായിട്ടും ഇതാ, ഒരു പരമദുഷ്ടന് കപ്പലിന്റെ പടിഞ്ഞാറെ മൂലയില്‍ ഇരിപ്പുണ്ട്. ആ ദുഷ്ടനെ പിടിച്ച് നിങ്ങള്‍ കടലിലേയ്ക്ക് എറിയുക.
കപ്പല്‍ യാത്രക്കാര്‍ ആ ദുഷ്ടനെ കണ്ടെത്തി; അവനെ തൂക്കിയെടുത്ത് കടലിലേക്ക് എറിഞ്ഞു.
എന്തൊരതിശയമെന്ന് പറയട്ടെ: കൊടുങ്കാറ്റ് നിലച്ചു! പേമാരി അവസാനിച്ചു! കടല്‍ ശാന്തമായി.
പ്രിയ മക്കളേ നിങ്ങള്‍ പിശാചിന്റെ തന്ത്രങ്ങളില്‍ അകപ്പെടരുത്. ചെകുത്താന്മാരെ പരാജയപ്പെടുത്തി മുന്നേറുകയാണ് വേണ്ടത്.
ഫാദര്‍ ക്രിസ്റ്റി ഇത്രയും പറഞ്ഞു നിര്‍ത്തിയതും പൊതുയോഗാംഗങ്ങള്‍ താദയൂസിനെയും സൈമണെയും ഫിലിപ്പിനേയും കൈവയ്ക്കാന്‍ തുടങ്ങി. പ്രാണരക്ഷാര്‍ത്ഥം മൂവരും യോഗസ്ഥലം വിട്ടോടി. ചിലര്‍ അവരുടെ പിന്നാലെ പാഞ്ഞു അവരെ ഓടിച്ചിട്ടു തല്ലി. ചിലര്‍ മൂവരേയും കല്ലെറിഞ്ഞു.
ഫാദര്‍ ക്രിസ്റ്റി യോഗാംഗങ്ങളോട് ശാന്തരായിരിക്കുവാന്‍ പറഞ്ഞു. സദസ്സില്‍നിന്നും കണക്ക് പാസ്സാക്കണം! പാസ്സാക്കണം! എന്ന മുറവിളി ഉയര്‍ന്നു.
കണക്ക് പാസ്സാക്കിയിരിക്കുന്നതായി ഫാദര്‍ ക്രിസ്റ്റി പ്രഖ്യാപിച്ചു.
സദസ്സ് ഒന്നടങ്കം കൈയടിച്ചു.
തുടര്‍ യോഗ നടപടികളിലേയ്ക്ക് ഫാദര്‍ ക്രിസ്റ്റി കടന്നു.
“നമ്മുടെ ഇടവക നിയമമനുസരിച്ച് പൊതുയോഗമാണ് കൈക്കാരനെയും കണക്കനെയും നിശ്ചയിക്കേണ്ടത്. അഞ്ച് ഇടവക കമ്മറ്റി അംഗങ്ങളെയും കണ്ടെത്തേണ്ട ചുമതല വികാരിയച്ചനില്‍ നിക്ഷിപ്തമാണല്ലോ?”
ഞാനൊരു വ്യക്തിപരമായൊരഭിപ്രായം കൂടി പറയട്ടെ; “എന്റെ കൂടെ നമ്മുടെ ഇടവക ഭരണത്തില്‍ അകമഴിഞ്ഞ് പ്രവര്‍ത്തിച്ച ഇപ്പോഴത്തെ കൈക്കാരനെയും കണക്കനെയും ഒരു തവണ കൂടി നിലനിറുത്തണമെന്നാണ് എന്റെ അഭിപ്രായം. മാത്രമല്ല, ഇവര്‍ രണ്ടു പേരും നമ്മുടെ ഇടവകയിലെ സമുന്നതരായ രണ്ടു കുടുംബങ്ങളിലെ പ്രതിനിധികളുമാണ്.”
പൊതുയോഗം ഒന്നടങ്കം വിളിച്ച് പറഞ്ഞു. ഇവര്‍ മതി! ഇവര്‍ മതി!
ഫാദര്‍ ക്രിസ്റ്റി പ്രഖ്യാപിച്ചു. “നിങ്ങളുടെ ഒന്നടങ്കമുള്ള തീരുമാനപ്രകാരം ഇവരെ ഞാന്‍ വീണ്ടും കൈക്കാരനും കണക്കനുമായി പ്രഖ്യാപിക്കുന്നു. ദൈവവിശ്വാസികളും നല്ല അല്മായക്കാരുമായ അഞ്ചു കമ്മറ്റി അംഗങ്ങളെ നമ്മുടെ ഇടവകയിലെ അഞ്ചുമേഖല കുടുംബയോഗങ്ങളില്നിന്നും ഞാന്‍ കണ്ടെത്തി അടുത്ത ഞായറാഴ്ച പരിശുദ്ധ കുര്‍ബാനമധ്യേ പരസ്യപ്പെടുത്തുന്നതാണ്.”
ഫാദര്‍ ക്രിസ്റ്റി ഉപസംഹാര പ്രസംഗം നടത്തി.
ചെകുത്താന്റെ പരീക്ഷണങ്ങളെ നാം അതിജീവിച്ചിരിക്കുന്നു.
പ്രെയ്സ് ദ ലോഡ് ! പ്രെയ്സ് ദ ലോഡ്!
എല്ലാവരും ഉച്ചത്തില്‍ ഏറ്റുചൊല്ലി.
പ്രെയ്സ് ദ ലോഡ് ! പ്രെയ്സ് ദ ലോഡ്!
ഫാദര്‍ ക്രിസ്റ്റി: “ഹല്ലല്ലൂയ! ഹല്ലല്ലൂയ!”
ഫാദര്‍ ക്രിസ്റ്റി: ‘പിതാവിന്റെ, പുത്രന്റേയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍”
സദസ്സ്: “ആമേന്‍”
എം. ജോണ്സണ് റോച്ച്
പ്രതികരിക്കാൻ ഇവിടെ എഴുതുക: