തഴയരുതിവളെ, താഴം പൂവിനെ
ആരുണ്ട് പറവാന്‍ പാതിരാക്കാറ്റേ
കാതോര്‍ക്കുവാനില്ല പദനിസ്വനം
കാത്തിരിക്കുവാന് കൈവല്യവും
അര്‍ച്ചനകളില്‍ നിന്നീ മലരിനെ
മാറ്റിവച്ച മൂഢ സ്വര്‍ഗ്ഗങ്ങളേ,
നിങ്ങളിനിയുമറിയുന്നുവോ,!
ഈ കേതകിപ്പൂവിന്റെ നേര്.
രുദ്രശിരസ്സിലന്നൊരുനാള്
മാല്യമായ് പ്രശോഭിച്ചവള്
ശാപത്തിന്നില്ലാക്കഥകളോതി
വിലങ്ങുകള്‍ വിരിയിച്ച ലോകം.
മണ്മറയും കുലത്തിന് സാക്ഷിയായ്
നൂറ്റാണ്ടുകള്‍ പെയ്തിറങ്ങവേ,
തന് സുഗന്ധ വാഹിനികളാല്‍
എങ്ങും വേനല്‍ മഴ പെയ്യിച്ചവള്‍
മുള്ളുകള്‍ നിറഞ്ഞവേദിയില്‍
മിന്നാരംപോലെ നിന്നവള്‍
പ്രപഞ്ചത്തിന്റെ പര്‍ണ്ണശാലയില്‍
പൂവാണ് പുഴയാണ് തുഴയാണിവള്.
അകലെയൊരു വിഗ്രഹത്തിന് ചാരെ
തെരുതെരെ മണിനാദമുയരവേ,
ഒരിക്കല്‍ കൂടിയാ വിഗ്രഹത്തില്‍
നിപതിക്കുവാന്‍ കൊതിക്കുന്നവള്‍
വാനിലുയരുമീ പുഷ്പങ്ങളല്ലോ
നഷ്ടസ്വര്‍ഗ്ഗത്തിന്‍ കവാടങ്ങള്‍!
ഹൃദയം മുഴുവന്‍ പൂവാടിപോല്
നിറയുന്ന സ്നേഹജാലമാണിവള്!
അറിയുക നിങ്ങളിനിയുമിവളെ
യീ കേതകിപ്പൂവിന്റെ നേര്.
വരദേശ്വരി. കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: