പെരുമ്പാവൂര്‍: ദക്ഷിണകാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തിലെ വാവുബലിയോടനുബന്ധിച്ച് പിതൃതര്‍പ്പണത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറിനാണ് കര്‍ക്കിടക വാവുബലി. 5ന് രാത്രി 12 മുതല്‍ തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ആറിന് ഉച്ചയ്ക്ക് 2ന് തിലഹവനത്തോടെയാണ് വാവുബലി ചടങ്ങുകള്‍ സമാപിക്കും.
ക്ഷേത്രത്തിന് സമീപം കീഴിക്കോട്ടൊഴുകുന്ന പെരിയാറിന്റെ തീരത്ത് ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തലക്ഷങ്ങളുടെ സൗകര്യാര്‍ത്ഥം അമ്പതോളം ബലിത്തറകളും കര്‍മ്മങ്ങള്‍ക്കായി ഇരുന്നൂറില്‍പ്പരം പുരോഹിതന്മാരെയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി വന്‍ പന്തല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രചടങ്ങുകള്‍ക്ക് തന്ത്രി നെടുമ്പിള്ളി തരണനല്ലൂര്‍ സതീശന് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.
കഴിഞ്ഞവര്‍ഷം ലക്ഷങ്ങളാണ് ചേലാമറ്റത്ത് പിതൃതര്പ്പണത്തിനെത്തിച്ചേര്ന്നത്. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം വണ്‍വേ സംവിധാനത്തിലാണ് ക്ഷേത്രദര്‍ശനത്തിനായി പ്രവേശിപ്പിക്കുന്നത്. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വെള്ളവും ഭക്ഷണവുമെത്തിക്കുന്നതിന് സേവാഭാരതി പ്രവര്‍ത്തകരും തയ്യാറായിട്ടുണ്ട്. പെരുമ്പാവൂര്‍, അങ്കമാലി ഡിപ്പോകളില്‍നിന്നും കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. പെരുമ്പാവൂര്‍ ലക്ഷ്മി ആശുപത്രി ഗവണ്മെന്റ് ആശുപത്രി എന്നിവയുടെ ആതുരവിഭാഗവും പെരുമ്പാവൂര്‍ ഫയര്‍ഫോഴ്സ്, പോലീസ് എന്നീ സര്‍ക്കാര്‍ വിഭാഗങ്ങളുടെയും സേവനം ക്ഷേത്രത്തിലുണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ 5, 6 തീയതികളില്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടക്കുമെന്ന് തഹസില്‍ദാര്‍ ഉറപ്പ് കൊടുത്തതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. മൂവാറ്റുപുഴ ആര്‍ഡിഒ ഷാനവാസ്, കുന്നത്തുനാട് തഹസില്‍ദാര്‍ വിശ്വംഭരന് തുടങ്ങിയവര്‍ പിതൃതര്‍പ്പണത്തിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയതായും ക്ഷേത്രഭാരവാഹികളായ ടി.ബി.ജയപ്രകാശ്, നാരായണന് നമ്പൂതിരി, പി.എസ്.വേണുഗോപാല്‍ തുടങ്ങിയവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: