ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് മുംബൈ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബിസിസിഐയുടെ (ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്) നേതൃനിരയില്‍ ഉടലെടുത്ത ആശയക്കുഴപ്പം തുടരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ എന്‍. ശ്രീനിവാസന് കോപ്പുകൂട്ടുന്നതിനിടെ ഇന്നലെ നടക്കേണ്ടിയിരുന്ന ബിസിസിഐ വര്‍ക്കിങ് കമ്മിറ്റി യോഗം ഉപേക്ഷിച്ചു. എന്നാല്‍ സാങ്കേതിക കാരണങ്ങളാലാണ് യോഗം വേണ്ടെന്നുവച്ചതെന്ന് ബിസിസിഐ അറിയിച്ചു.
ഐപിഎല്‍ വാതുവയ്പ് കേസ് അന്വേഷിക്കാന്‍ നിയോഗിച്ച ബിസിസിഐ സമിതി ഭരണഘടന വിരുദ്ധമാണെന്നായിരുന്നു കോടതി വിധി. ഇടക്കാല അധ്യക്ഷന്‍ ജഗ്മോഹന് ഡാല്‍മിയയെ മാറ്റി പ്രവര്‍ത്തക സമിതിയുടെ അധ്യക്ഷ പദവി ശ്രീനിവാസന് ഏറ്റെടുക്കുമെന്നും സൂചനയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ശ്രീനിവാസന് യോഗത്തിന് അധ്യക്ഷത വഹിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണമായ നിയമപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമോ എന്ന് ബിസിസിഐ ഭയപ്പെട്ടുവെന്നാണ് സൂചന.
ശ്രീനിവാസന് അധ്യക്ഷത വഹിക്കുന്നതിനെ രണ്ട് വൈസ് പ്രസിഡന്റുമാരും എതിര്‍ത്തിരുന്നു. ഇവര്‍ രാജി ഭീഷണി മുഴക്കിയതും യോഗം മാറ്റിവയ്ക്കാന്‍ കാരണമായി.
ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിന് ശ്രീനിവാസന് എത്തിയതിനെ തുടര്‍ന്നാണ് പ്രതിസന്ധിക്ക് തുടക്കമായത്. ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനിവാസന് മാറി നില്‍ക്കണമെന്ന് ചില അംഗങ്ങള്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു. പിന്നീട് രൂക്ഷമായ വാദപ്രതിവാദമാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. ബിസിസിഐ പ്രസിഡന്റ് എന്ന നിലയില്‍ യോഗത്തില്‍ അധ്യക്ഷ വഹിക്കും എന്ന നിലപാടായിരുന്നു ശ്രീനിവാസന് സ്വീകരിച്ചത്. തുടര്‍ന്ന് ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല യോഗം പിരിച്ചു വിടുകയായിരുന്നു.
ഒത്തുകളി വിവാദം അന്വേഷിച്ച പാനല്‍ പിരിച്ചു വിട്ട് ബിസിസിഐ സെക്രട്ടറിയും ട്രഷററും അടങ്ങുന്ന പുതിയ പാനലിനെ നിയോഗിക്കുമെന്നാണ് സൂചന. നിലവിലുള്ള കമ്മിഷന് തന്നെയും മരുമകന് ഗുരനാഥ് മെയ്യപ്പനെയും കുറ്റവിമുക്തനാക്കിയതിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐയുടെ തലപ്പത്തേക്ക് തിരിച്ചുവരാന്‍ അര്‍ഹതയുണ്ടെന്നാണ് ശ്രീനിവാസന് വാദിച്ചത്.
ഇടക്കാല പ്രസിഡന്റായി ജഗ്മോഹന് ഡാല്‍മിയ തുടരും. ഒത്തുകളി അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷന് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വിധിച്ച മുംബൈ ഹൈക്കോടതിയുടെ വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: