കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്‍കേണ്ട സഹായധനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം. ധനസഹായത്തിന് അര്‍ഹരായവരുടെ പേരുകള്‍ വെട്ടിക്കുറച്ചെങ്കിലും ഒന്നാംഘട്ട വിതരണം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. തുക അനുവദിക്കാതെ നടത്തുന്ന ഒളിച്ചുകളി ഇരകളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ലിസ്റ്റിലുള്ള 5500 എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ 2076 പേര്‍ക്ക് മാത്രമാണ് ആദ്യഘട്ട സഹായം നല്‍കിയത്. പ്ലാന്റേഷന് കോര്പ്പറേഷന് നല്കിയ 27.0425 കോടി രൂപയാണ് വിതരണം ചെയ്തത്. പൂര്‍ണമായി കിടപ്പിലായ 197 പേര്‍ക്കും മാനസിക വെല്ലുവിളിനേരിടുന്ന 902 പേര്‍ക്കും ഒന്നരലക്ഷം രൂപ വിതരണം ചെയ്തു. 164 കാന്‍സര്‍ രോഗികള്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്ന 813 പേര്‍ക്കും ഒരു ലക്ഷം വീതവും നല്കി. ഇതിനുപുറമെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 17 കോടിരൂപ ഉപയോഗിച്ച് മരണമടഞ്ഞ 602 പേരുടെ ആശ്രിതര്‍ക്ക് ഒന്നരലക്ഷം വീതവും നല്കി. എന്നാല്‍ ലിസ്റ്റിലുള്ള 184 കാന്‍സര്‍ രോഗബാധിതര്‍ക്ക് ധനസഹായം നല്കാന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മുഴുവന്‍ ഇരകള്‍ക്കും തുക തുക നല്‍കാനാവില്ലെന്ന നിലപാടിനുപുറമെ ആദ്യഘട്ടത്തിനുശേഷം ധനസഹായം തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
മനുഷ്യാവകാശ കമ്മീഷന് ശുപാര്‍ശയനുസരിച്ചാണ് ദുരിതബാധിതര്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലം. പൂര്‍ണമായും കിടപ്പിലായവര്‍, മരിച്ചവരുടെ ആശ്രിതര്‍, മാനസിക വൈകല്യം നേരിടുന്നവര്‍ എന്നിവര്‍ക്ക് അഞ്ച് ലക്ഷം വീതവും മറ്റുള്ളവര്‍ക്ക് മൂന്ന് ലക്ഷവും നല്‍കാനാണ് മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കമ്മീഷന് നിര്‍ദ്ദേശിച്ച മറ്റുള്ളവര്‍ എന്ന വിഭാഗത്തില്‍ കാന്‍സര്‍ രോഗികളെയും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരേയും മാത്രമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. 5500 ഇരകളുണ്ടെന്ന് സര്‍ക്കാര്‍ തന്നെ അംഗീകരിക്കുമ്പോഴും ധനസഹായ വിതരണം 2260 പേരില്‍ ഒതുക്കി. മൂന്ന് ഘട്ടമായി വിതരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു ഉറപ്പ്. അഞ്ച് ലക്ഷം നല്കേണ്ടവര്ക്ക് ഒന്നരലക്ഷം വീതവും മൂന്ന് ലക്ഷം നല്കേണ്ടവര്ക്ക് 1 ലക്ഷം വീതവും രണ്ട് ഘട്ടങ്ങളിലായി നല്‍കും. ബാക്കി തുക ദുരിതബാധിതരുടെ പേരില്‍ അഞ്ചുവര്‍ഷത്തേക്ക് ബാങ്കില്‍ നിക്ഷേപിക്കും. എന്നാല്‍ ഒന്നാം ഘട്ട വിതരണം പോലും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലും രണ്ട് കോടിയില്‍ താഴെയാണ് ബാക്കിയുള്ളത്.
ആദ്യഘട്ട ധനസഹായം ലഭിക്കാത്ത കാന്‍സര്‍ രോഗികള്‍ക്ക് നല്കാന് പോലും ഇത് തികയില്ല. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നല്കിയ 17 കോടിയില്‍ ഒന്‍പത് കോടിയോളം അവശേഷിക്കുന്നുണ്ടെങ്കിലും ഇത് ദുരിതബാധിതര്‍ക്ക് നല്കാന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഇക്കാര്യം നിരവധി തവണ ജില്ലാ ഭരണകൂടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല. രണ്ടാംഘട്ട ധനസഹായ വിതരണം സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് അധികൃതര്‍. ദുരന്തത്തിനുത്തരവാദിയെന്ന നിലയിലാണ് പ്ലാന്റേഷന് കോര്‍പ്പറേഷനില്‍ നിന്നും 27 കോടി രൂപ ഈടാക്കിയത്. രണ്ടാംഘട്ട ധനസഹായ വിതരണത്തിന് സര്‍ക്കാര്‍ തുക ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്ലാന്റേഷന് കോര്പ്പറേഷന് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നല്‍കേണ്ട തുകയും ഇതുവരെ അനുവദിച്ചിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ യോഗങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് സെല്‍ ചെയര്‍മാനായ മന്ത്രി കെ.പി.മോഹനന്.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: